സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നെന്ന് ആക്ഷേപം, ചിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു- ഹനാൻ

ഹനാന്‍ | ഫോട്ടോ: ഷാഫി ഷക്കീര്‍
ഹനാന്‍ | ഫോട്ടോ: ഷാഫി ഷക്കീര്‍

കൊച്ചി: ജീവിതച്ചെലവിനുള്ള പണം കണ്ടെത്തുന്നതിനായി സ്‌കൂള്‍ യൂണിഫോം ധരിച്ച് മത്സ്യവില്‍പന നടത്തുന്ന പെണ്‍കുട്ടിയായാണ് ഹനാനെ കേരളം ആദ്യം കാണുന്നത്. ഹനാന്റെ ആത്മവിശ്വാസത്തേയും ഏതുവെല്ലുവിളിയേയും നേരിടാനുള്ള ധൈര്യത്തേയും മലയാളികള്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പലതവണ ഹനാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന കാഴ്ചയാണ് കാണാനായത്. സര്‍ക്കാരിന്റെ ദത്തുപുത്രി എന്നുവിളിച്ച് തന്നെ പരിഹസിക്കുന്നവര്‍ക്കെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായെത്തിയിരിക്കുകയാണ് ഹനാന്‍. 

മനസ് തുറന്ന് ചിരിക്കാനുള്ള തന്റെ അവകാശത്തെ നിഷേധിക്കുകയാണെന്നും വ്‌ളോഗും പരസ്യങ്ങളും ട്രേഡിങ്ങും വഴി കിട്ടുന്ന വരുമാനത്തിലാണ് താന്‍ ജീവിക്കുന്നതെന്നും ഹനാന്‍ കുറിപ്പില്‍ പറയുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമായതിനാല്‍ മുഖ്യമന്ത്രി ഒരു അവാര്‍ഡ് തന്നുവെന്നല്ലാതെ ധനസഹായമോ തനിക്ക് തരാമെന്ന് പറഞ്ഞ വീടോ സര്‍ക്കാരില്‍നിന്ന് താന്‍ സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നു എന്ന് വിലയിരുത്തുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ മനസിലാക്കണമെന്നും ഹനാന്‍ കുറിക്കുന്നു. 

ഹനാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം 

നീ ചിരിക്കരുത് നിന്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം. എങ്ങനെ എങ്കിലും പച്ചപിടിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകള്‍ സഹിക്കേണ്ടി വരുന്നു ഞാന്‍ ഇപ്പോഴും. 

ഒന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ ഉള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആര്‍ക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടം ആയി മുഖ്യമന്ത്രി ഒരു അവാര്‍ഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാന്‍ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടില്‍ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാന്‍ വാങ്ങിയിട്ടില്ല. സര്‍ക്കാര്‍ ചിലവില്‍ ദത്ത് പുത്രി സുഖിക്കുന്നുഎന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും. 

വ്‌ളോഗ് ചെയ്തും നിരവധി കമ്പനികള്‍ക്ക് പരസ്യങ്ങള്‍ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തില്‍ സ്വന്തം കാലില്‍ നിന്ന് അന്തസായി തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ തന്നെ നോക്കാന്‍ വീട്ടില്‍ ഒരു അനിയന്‍ കുട്ടന്‍ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വര്‍ഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നില്‍ക്കാന്‍ മീന്‍ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതില്‍ എന്തെങ്കിലും തെറ്റുണ്ടോ??

Content Highlights: Hanan, Facebook Post, High Hanan, Malayalam News, Latest News