സിപിഎമ്മിൻ്റെ ഇസ്‌ലാമിക് ബാങ്ക് ‘ഹലാൽ ഫായിദ’ വീണ്ടും പ്രവർത്തനരംഗത്തേക്ക്; വ്യവസായം തുടങ്ങും

കണ്ണൂർ: വ്യവസായരംഗത്തേക്ക് കടന്ന് വീണ്ടും പ്രവർത്തനം തുടങ്ങാൻ സി.പി.എം. മുൻകൈയെടുത്ത് തുടങ്ങിയ ഹലാൽ ഫായിദ സഹകരണസംഘം. ഇസ്‌ലാമിക് ബാങ്കിങ്ങ് രീതിയിൽ പലിശരഹിത സാമ്പത്തിക ഇടപാടുകൾ ലക്ഷ്യമിട്ട് തുടങ്ങിയ സംഘം പ്രവർത്തനം നിലച്ചിട്ടും നിക്ഷേപകർക്ക് പണം തിരിച്ചുനൽകാത്തത് വിവാദമായിരുന്നു. മുസ്‌ലിങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ സംഘം പ്രവർത്തനം നിർത്തിയതും സാമ്പത്തിക ക്രമക്കേട് ആരോപണമുയർന്നതും പാർട്ടിക്ക് ക്ഷീണമായിരുന്നു. ഈ സാഹചര്യത്തിലാണ് അംഗങ്ങളുടെ വിശേഷാൽ പൊതുയോഗം വിളിച്ചുചേർത്ത് വീണ്ടും പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്.
ഏത് വ്യവസായമേഖലയിലേക്കാണ് കടക്കേണ്ടതെന്ന് ഡയറക്ടർ ബോർഡ് തീരുമാനിക്കും. പൊതുജനങ്ങളിൽനിന്ന് പുതുതായി ഓഹരി സ്വരൂപിക്കില്ല. ഓരോ വ്യവസായത്തിലും താത്പര്യമുള്ളവരിൽനിന്നുമാത്രം പണം സമാഹരിക്കും. 2026 വരെയുള്ള കണക്കുകൾ ഓഡിറ്റ് ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ഇതിനുശേഷം ഡിസംബറിൽ ജനറൽബോഡി യോഗം ചേരും.
500-ലേറെ അംഗങ്ങളുണ്ടെങ്കിലും 76 പേരാണ് ഞായറാഴ്ച ടൗൺ ബാങ്ക് ഒാഡിറ്റോറിയത്തിൽ ചേർന്ന വിശേഷാൽ പൊതുയോഗത്തിൽ പങ്കെടുത്തത്. പ്രസിഡന്റായി വീണ്ടും സി. അബ്ദുൾ കരീമിനെ തിരഞ്ഞെടുത്തു. ഓഹരിയുടമകൾക്ക് ആർക്കുവേണമെങ്കിലും അപേക്ഷ നൽകിയാൽ പണം തിരിച്ചുനൽകാമെന്ന് പത്രപ്പരസ്യം വഴി അറിയിച്ചിരുന്നുവെങ്കിലും ആരും ആവശ്യപ്പെട്ടില്ലെന്ന് അബ്ദുൾ കരീം പറഞ്ഞു. കണ്ണൂർ സബ് ജയിൽ റോഡിലെ ഓഫീസ് ചൊവ്വാഴ്ച വീണ്ടും തുറക്കും. ഇതിനുള്ള വൈദ്യുതിയുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ ഫണ്ട് ക്രമക്കേട് ആരോപണം, കോടിയേരി ബാലകൃഷ്ണന്റെ പേരിൽ കണ്ണൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമിക്കുന്ന ഓഫീസ് നിർമാണഫണ്ടിലെ ക്രമക്കേട്, ഇരിട്ടിയിൽ കോളേജിനായി പണം പിരിച്ചിട്ടും തുടങ്ങിയില്ലെന്ന ആരോപണം എന്നിവയ്ക്ക് പിന്നാലെ ഹലാൽ ഫായിദയെക്കുറിച്ചും ആക്ഷേപമുയർന്നത് സി.പി.എമ്മിന് തലവേദനയായിരുന്നു.
ഒൻപതുവർഷം മുൻപ് നിക്ഷേപിച്ച പണം തിരിച്ചുകിട്ടിയിട്ടിയില്ലെന്ന് കാണിച്ച് നിക്ഷേപകരിലൊരാൾ ടി.കെ. ഗോവിന്ദൻ എം.എൽ.എ.യ്ക്ക് പരാതിനൽകുകയും അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തത് വാർത്തയായതോടെയാണ് സംഘം പൊളിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്. സി.പി.എം. മുൻ നേതാവായ ടി.കെ. ഗോവിന്ദൻ വിഷയത്തിൽ ഇടപെട്ട വാർത്ത പുറത്തുവന്ന് ഒരുമണിക്കൂറിനകം പരാതിക്കാരന് നിക്ഷേപിച്ച ഒരുലക്ഷം രൂപ തിരിച്ചുനൽകി. മൂന്നുവർഷം മുൻപേ സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചിട്ടും സഹകരണവകുപ്പ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ടായിരുന്നു.
Content Highlights: Halal Faida cooperative society in Kannur resumes operations after a hiatus., Focuses on interest-free financial transactions based on Islamic banking principles., New capital will be raised from interested individuals rather than the general public., Auditing up to 2026 is underway with a general body meeting scheduled for December.