4 മാസക്കാലം മാറ്റിനിർത്തി; ഗുരുവായൂർക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയെ തിരിച്ചെടുത്തു

#ന്യൂസ് ഡെസ്‌ക്
Photo: mathrubhumi archives
Photo: mathrubhumi archives

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയെ ദേവസ്വം ഭരണസമിതി തിരിച്ചെടുത്തു. നാലു മാസത്തിലേറെയായി ക്ഷേത്രത്തിലെ കീഴ്ശാന്തിപ്രവർത്തികളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. മുൻ ദേവസ്വം ചെയർമാൻ വി.കെ. വിജയന്റെ അധ്യക്ഷതയിൽ ഉത്സവത്തിനുമുൻപുചേർന്ന ഭരണസമിതി യോഗത്തിൽ രാമൻനമ്പൂതിരിയെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുണ്ടായത്.

ഭക്തരുടെ മുൻപിൽവെച്ച് ക്ഷേത്രം ശ്രീലകവാതിൽ കൊട്ടിയടച്ചതിനെത്തുടർന്നുള്ള പരാതിലാണ് രാമൻനമ്പൂതിരിയുടെ പേരിൽ നടപടിയെടുത്തത്. വിശദീകരണംതേടി ഭരണസമിതിയിലേക്ക് വിളിപ്പിച്ചപ്പോൾ അദ്ദേഹം ഭരണസമിതിക്ക് തൃപ്തികരമല്ലാത്തവിധത്തിൽ സംസാരിച്ചുവെന്നും ആക്ഷേപമുണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 20-നായിരുന്നു സംഭവങ്ങൾക്ക് തുടക്കം. അന്ന് ദീപാരാധന സമയത്ത് ഭരണസമിതിയംഗം തൊഴാനെത്തി. അപ്പോഴേയ്ക്കും ക്ഷേത്രനട അടയ്‌ക്കേണ്ട സമയമായിരുന്നുവെന്നാണ് പറയുന്നത്. കീഴേടം രാമൻ നമ്പൂതിരി ക്ഷേത്രം ശ്രീലകവാതിൽ അടച്ചു. ഈ സംഭവം ദേവസ്വം ഭരണസമിതിയിൽ പരാതിയായി വന്നു. ഈ സമയത്ത് നാലമ്പലത്തിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, ക്ഷേത്രം മാനേജർ എന്നിവരിൽനിന്ന് ദേവസ്വം വിവരങ്ങൾ തേടുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കീഴേടം രാമൻ നമ്പൂതിരിയെ ദേവസ്വം ഭരണസമിതിയിലേക്ക് വിളിപ്പിച്ച് വിശദീകരണം ആവശ്യപ്പെട്ടു. സമയമായതുകൊണ്ടാണ് ശ്രീലകവാതിൽ അടച്ചതെന്നായിരുന്നു വിശദീകരണം. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹത്തെ കീഴ്ശാന്തിജോലിയിൽനിന്ന് മാറ്റി നിർത്താൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏകാദശിച്ചടങ്ങുകളിൽ കീഴേടം രാമൻ നമ്പൂതിരിയെ പങ്കെടുപ്പിച്ചില്ല.

Content Highlights: Keezhedam Raman Namboodiri reinstated after 4 months of suspension., Suspension was due to a controversy involving the closing of the Sreekovil door., Devaswom committee decided to revoke the suspension following a formal review., The decision was finalized after the administrator issued an official order.