ഗുരുവായൂർ ഇല്ലംനിറ: കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയിൽ, ചടങ്ങ് കൊടിമരച്ചുവട്ടിൽ നടക്കാൻ സാധ്യത

#ബി. ബാലഗോപാൽ
ഗുരുവായൂര്‍ ക്ഷേത്രം | ഫയല്‍ചിത്രം | ഫോട്ടോ: പി.പി. ബിനോജ്/ മാതൃഭൂമി
ഗുരുവായൂര്‍ ക്ഷേത്രം | ഫയല്‍ചിത്രം | ഫോട്ടോ: പി.പി. ബിനോജ്/ മാതൃഭൂമി

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങ് ദേവസ്വം ബോർഡ് നിശ്ചയിച്ചത് പോലെ കൊടിമരച്ചുവട്ടിൽ നടക്കാൻ സാധ്യത. ചടങ്ങ് നമസ്കാര മണ്ഡപത്തിൽനിന്ന് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയതിനെതിരെയുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നെങ്കിലും കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അരവിന്ദ് കുമാർ അവധിയിലായതിനാൽ അന്ന് കോടതി ഇരിക്കില്ല. ഇതേത്തുടർന്ന് കേസ് ഇനി ബുധനാഴ്ചയാകും പരിഗണിക്കുക എന്ന് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കി.

ബുധനാഴ്ച കേസ് പരിഗണിക്കുമ്പോഴേക്കും ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് ഇല്ലംനിറ ചടങ്ങുകൾ പൂർത്തിയാകും. രാവിലെ 8:30 മുതൽ 9:30 വരെയാണ് ഇല്ലം നിറചടങ്ങുകൾ. നമസ്കാര മണ്ഡപത്തിൽ നടന്ന ഇല്ലംനിറ പൂജ ഗുരുവായൂർ ദേവസ്വം ബോർഡ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയതിന് എതിരെ പുഴക്കര ചേന്നാസ് ഇല്ലത്തെ ചില അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ ഹർജിയിലെ ആവശ്യങ്ങളോട് ജസ്റ്റിസ് അരവിന്ദ് കുമാർ കഴിഞ്ഞ വ്യാഴാഴ്ച പ്രഥമദൃഷ്ട്യാ യോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും സമയപരിമിതി മൂലം അന്ന് വാദം കേൾക്കാൻ സാധിച്ചിരുന്നില്ല. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നെങ്കിലും ജസ്റ്റിസിന്റെ അപ്രതീക്ഷിത അവധി ചടങ്ങുകൾക്ക് മുൻപുള്ള കോടതി ഇടപെടലിന് തടസ്സമാവുകയായിരുന്നു.

Content Highlights: Guruvayur Illam Nira ritual is likely to take place at the flagstaff as scheduled by the Devaswom Board., The Supreme Court plea against shifting the ritual from Namaskara Mandapam to the flagstaff was postponed., Justice Arvind Kumar is on leave on Monday, delaying the hearing to Wednesday., Chennas Illam members filed the petition challenging the Devaswom Board's decision.