ഗുരുവായൂർ ഏകാദശി: പൊടിപൊടിച്ച് പോലീസിന്റെ വിളക്കാഘോഷം

ഗുരുവായൂർ: കേരളത്തിൽ മറ്റെവിടേയും കാണില്ല, പോലീസുകാർ ഒത്തുചേർന്ന് ഒരു ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ആഘോഷം നടത്തുന്ന കാഴ്ച. ഗുരുവായൂരിൽ കാലങ്ങളായി ഏകാദശിയുടെ പ്രധാന വിളക്കാഘോഷങ്ങളിലൊന്ന് പോലീസ് വകുപ്പിന്റേതാണ്. തിങ്കളാഴ്ച സംസ്ഥാന പോലീസ് ഉദ്യോഗസ്ഥ മേധാവികളെല്ലാം കണ്ണന്റെ നഗരിയിലേക്കെത്തിയത് ഏകാദശി വിളക്കാഘോഷം കേമമാക്കുന്നതിനായിരുന്നു. കാക്കിക്കുള്ളിലെ കലാകാരൻമാരെല്ലാം പാട്ടുപാടിയും നൃത്തംവെച്ചും ആഘോഷം കൊഴുപ്പിച്ചു. പോലീസുകാരുടെ കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിക്കാനുണ്ടായി.
ഗുരുവായൂർ പോലീസ് സ്റ്റേഷന്റെ മുഖംതന്നെ മാറിയ ദിനമായിരുന്നു തിങ്കളാഴ്ച. കാക്കിയിട്ട പോലീസുകാരെയൊന്നും എവിടേയും കണ്ടില്ല. സ്റ്റേഷനിലെ പോലീസുകാർക്കെല്ലാം മുണ്ടും പച്ച നിറമുള്ള മോഡേൺ ഷർട്ടുമായിരുന്നു ’യൂണിഫോം’. ’ഗീതോപദേശം’ പ്രിന്റ് ചെയ്ത ഷർട്ടുകൾ. പോലീസുകാർ സംഘാടകരാകുന്ന വിളക്കാഘോഷത്തിൽ ജനങ്ങളും പങ്കുചേർന്നു. എല്ലാവർക്കും പോലീസിന്റെ വക വിളക്കുസദ്യ. രാവിലെ കാഴ്ചശ്ശീവേലിയും ക്ഷേത്രത്തിനു പുറത്തെ നടപ്പുര മേളവും കക്കാട് രാജപ്പൻ മാരാർ നയിച്ചു. വൈകീട്ട് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക സംഗമം സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഉദ്ഘാടനംചെയ്തു.
ഇന്ന് വ്യാപാരികളുടെ വിളക്ക്
ഗുരുവായൂരിലെ വ്യാപാരികൾ ചേർന്നുള്ള വിളക്കാഘോഷം ചൊവ്വാഴ്ച നടക്കും. കാഴ്ചശ്ശീവേലികൾക്ക് ചൊവ്വല്ലൂർ മോഹനന്റെ മേളവും പല്ലാവൂർ ശ്രീധരൻമാരാരുടെ പഞ്ചവാദ്യവും അകമ്പടിയാകും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ആറുമുതൽ രാത്രി പത്തുവരെ കലാപരിപാടികൾ അരങ്ങേറും. ക്ഷേത്രനടയിൽ നാണയപ്പറ സമർപ്പണം, ചെണ്ട വിദ്വാൻ എരവത്ത് നാരായണ മാരാർക്ക് ഏകാദശി വാദ്യപുരസ്‌കാര സമർപ്പണം, തിരുവനന്തപുരം കലാക്ഷേത്രയുടെ ’ശ്രീകൃഷ്ണ ഭാരതം’ ബാലെ എന്നിവയുണ്ടാകും. ബുധനാഴ്ച ഗുരുവായൂർ അയ്യപ്പ ഭജനസംഘത്തിന്റെ വിളക്കാഘോഷമാണ്.