ഗുരുവായൂർ ആനക്കോട്ടയില്‍ 240 ക്യാമറകള്‍ സ്ഥാപിക്കാന്‍ അഞ്ചുകോടി അനുവദിച്ചു; തുടര്‍നടപടിയില്ല, ക്യാമറയുമില്ല

ഗുരുവായൂർ: പാപ്പാന്മാർ ആനയെ മർദിക്കുന്ന കഥകൾ പുറത്തുവരുമ്പോഴും ആനക്കോട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നില്ല. 240 ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി രണ്ടുവർഷമായി ദേവസ്വത്തിന്റെ ഫയലിൽ ഭദ്രമായിരിപ്പാണ്. അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് കമ്മിഷണറുടെ അനുമതി ലഭിച്ചിട്ടുമുണ്ട്.
ദേവസ്വത്തിന്റെ ഐടി വിദഗ്ധസമിതിക്കു പുറമേ, കേരള ഐടി മിഷൻ, ഗവ. എൻജിനീയറിങ് കോളേജ്, പൊതുമരാമത്തുവകുപ്പിലെ ഇലക്ട്രോണിക് വിഭാഗം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അവരുടെ നിർദേശപ്രകാരം മാത്രമേ പദ്ധതി മുന്നോട്ടു കൊണ്ടുപോകാവൂവെന്ന് കമ്മിഷണർ നിർദേശിച്ചിരുന്നു. എന്നാൽ, തുടർനടപടികളിലെ പോരായ്മയാണ് ക്യാമറാപദ്ധതി മന്ദഗതിയിലാക്കിയത്.
ദേവസ്വത്തിന്റെത്തന്നെ ഐടി വിഭാഗമാണ് ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. രണ്ടുവർഷംമുൻപുള്ള ഭരണസമിതി വിഷയം ചർച്ചചെയ്ത് നടപടി മുന്നോട്ടുകൊണ്ടുപോകാൻ ഐടി വിഭാഗത്തിന് നിർദേശം നൽകി. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകൾ സ്ഥാപിച്ചു. രാത്രിദൃശ്യങ്ങൾ വ്യക്തമായി കാണാൻ കഴിയുംവിധം ഗുണനിലവാരമുള്ള ക്യാമറകളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. ഓരോ ആനയുടെയും കെട്ടുതറികളും പുറംകാഴ്ചകളുമെല്ലാം ദേവസ്വം ഓഫീസിലിരുന്ന് ബന്ധപ്പെട്ടവർക്കെല്ലാം നിരീക്ഷിക്കാനുമാകും.
അപകടമുന്നറിയിപ്പിന് ‘പാനിക് ബട്ടൻ’
ആനക്കോട്ടയിൽ ആനകൾ ഇടയുകയോ അസാധാരണമായ മറ്റെന്തെങ്കിലും ഉണ്ടാകുകയോ ചെയ്താൽ അപകടവിവരം തത്സമയം അറിയിക്കുന്ന സംവിധാനമാണ് ‘പാനിക് ബട്ടൻ’. ആനക്കോട്ടയുടെ പ്രധാനയിടങ്ങളിൽ ഇത് സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. ബട്ടൻ അമർത്തിയാൽ അലാം മുഴങ്ങും. ആനക്കോട്ടയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിരീക്ഷണക്യാമറകളും പാനിക് ബട്ടൻ സംവിധാനവും അനിവാര്യമാണെന്ന് വ്യക്തമാകുകയാണ്.
ആനയ്ക്കുനേരേ കല്ലേറും
ഗുരുവായൂർ ആനക്കോട്ടയുടെ പിറകിൽനിന്ന് ആനകൾക്കു നേരേ സമൂഹവിരുദ്ധരുടെ കല്ലേറ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പുറത്തുനിന്നുള്ള ചിലർ മയക്കുമരുന്ന് ഉപയോഗിച്ച് ആനക്കോട്ടയുടെ പരിസരങ്ങളിൽ രാത്രിയിൽ കറങ്ങിനടക്കുന്നതായി ദേവസ്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവരാണ് കല്ലെറിഞ്ഞത്.
സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് പോലീസിനും എക്സൈസിനും വ്യാഴാഴ്ച പരാതി നൽകുമെന്ന് അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.
ആനക്കോട്ടയിൽ ദേവസ്വം യോഗം
ആനക്കോട്ടയിൽ പാപ്പാൻമാരെ വിളിച്ചുകൂട്ടി ദേവസ്വം അടിയന്തര യോഗം ചേർന്നു. ആനകളുമായുള്ള ഇടപെടലിൽ മാറ്റം വരുത്തണമെന്നും, കൊമ്പൻ ഗോകുലിന് സംഭവിച്ചതുപോലുള്ള മർദ്ദനം ഉണ്ടാകാൻ പാടില്ലെന്നും പാപ്പാൻമാർക്ക് ദേവസ്വം അധികൃതർ നിർദ്ദേശം നൽകി. ആനകളിൽ നിന്ന് പാപ്പാൻമാരെ ഇടക്കിടെ മാറ്റുന്ന രീതി ഒഴിവാക്കണമെന്ന് പാപ്പാൻമാർ പറഞ്ഞു.
ദേവസ്വം ചെയർമാൻ വി.കെ.വിജയൻ അധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ,ആനചികിത്സകൻ ഡോ. ചാരുജിത്ത് നാരായണൻ, മാനേജർ സുന്ദർരാജ് എന്നിവർ പങ്കെടുത്തു
Content Highlights: Guruvayoor Elephant Sanctuary`s ₹5 crore camera installation project delayed due to procedural lapses despite commissioner`s approval. Includes panic button feature.