കോടതി പിടിച്ചത് സർക്കാരിന്റെ ‘സ്പെഷൽ പി.ആർ.’; വിനയായത് പാർട്ടിസർവേയാക്കി മാറ്റാനുള്ള കത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുമുൻപായി മുഖംമിനുക്കാൻ ലക്ഷ്യമിട്ട് സർക്കാർ തുടക്കമിട്ട നവകേരള സർവേ, പാർട്ടി സർവേയാക്കാനുള്ള നീക്കം വിനയായി. 2025 ഒക്ടോബർ 10-നാണ് സർവേക്കായുള്ള സർക്കാർ ഉത്തരവിറങ്ങുന്നത്. എന്നാൽ, സെപ്റ്റംബർ 29-നുതന്നെ ഇത്തരമൊരു സർവേ തുടങ്ങുന്നുണ്ടെന്നും അതിൽ പാർട്ടി അംഗങ്ങൾ ഭാഗമാകണമെന്നും കാണിച്ച് സി.പി.എം. സംസ്ഥാനകമ്മിറ്റി കീഴ്ഘടകങ്ങൾക്ക് കത്തുനൽകി.
പഞ്ചായത്തുമുതൽ ജില്ലാതലംവരെയുള്ള ഓരോ സംഘത്തിലും ഉൾപ്പെടുത്തേണ്ട പാർട്ടി അംഗങ്ങളുടെ പട്ടിക സെപ്റ്റംബർ 30-നകം സംസ്ഥാന കമ്മിറ്റിക്ക് നൽകണമെന്നായിരുന്നു നിർദേശം. ഇതാണ് സർവേയുടെ രാഷ്ട്രീയം കോടതിക്കുപോലും ബോധ്യപ്പെടാൻ ഇടയാക്കിയത്. സർവേ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് പറയാവുന്ന ഒന്നും സർക്കാരിന്റെ ഉത്തരവിലോ, നടപടിക്രമങ്ങളിലോ ഇല്ലായിരുന്നു. പക്ഷേ, തെളിവായത് സി.പി.എമ്മിന്റെ കത്ത്.
സർക്കാരിനെക്കുറിച്ചുള്ള ജനാഭിപ്രായം കേട്ട്, അതിനനുസരിച്ച് തീരുമാനമെടുക്കാനാണ് സർവേയെന്നായിരുന്നു പ്രഖ്യാപനം. ‘സ്പെഷൽ പി.ആർ.’ എന്നാണ് ഇതിന് പണം അനുവദിക്കുന്നതിന് ഉപയോഗിച്ച വിശേഷണം. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെ ‘സ്പെഷൽ പി.ആറി’ന് പണം അനുവദിച്ചതും കോടതിവിധി എതിരാകാൻ കാരണമായി. 20 കോടിരൂപയാണ് സർവേക്കായി അനുവദിച്ചത്. മൊബൈൽ ആപ്പുമുതൽ പരസ്യവും സർവേ അംഗങ്ങൾക്കുള്ള ദിനബത്തയുമടക്കം എല്ലാം സർക്കാർ ചെലവിൽ.
തദ്ദേശതിരഞ്ഞെടുപ്പിനുമുൻപാണ് സർവേ നടത്താൻ തീരുമാനിച്ചത്. തദ്ദേശതിരഞ്ഞെടുപ്പ് സർവേയുടെ ലക്ഷ്യമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ജനമനസ്സ് അറിയാനാണ് ഉദ്ദേശിച്ചത്. അന്തിമറിപ്പോർട്ട് മാർച്ച് 31-നകം കൊടുക്കണമെന്നേ ഐ.പി.ആർ.ഡി.യോട് ആവശ്യപ്പെട്ടിരുന്നുള്ളൂ.
ആദ്യഘട്ട സർവേ പൂർത്തിയായി. രണ്ടാംഘട്ടത്തിൽ ആദിവാസികൾ, യുവാക്കൾ, സ്ത്രീകൾ, പ്രത്യേക തൊഴിൽവിഭാഗങ്ങൾ തുടങ്ങിയ കൂട്ടായ്മയാണ് ലക്ഷ്യമിട്ടത്. അതിലേക്ക് കടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പിടിവീണത്.
Content Highlights: "Navakerala Survey Controversy: Party Politics Uncovered in Government's 'Special PR' Initiative"