ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കുറ്റപത്രം

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടക്കേസിൽ കുറ്റപത്രം തയ്യാറായി. ജയിൽ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ച കുറ്റപത്രത്തിൽ എണ്ണിപ്പറയുന്നു. എന്നാൽ ജയിൽചാട്ടത്തിന് ജയിലിനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
ക്രൈംബ്രാഞ്ച് എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. ജയിലഴി മുറിച്ച ആയുധത്തെക്കുറിച്ചുള്ള സാങ്കേതികവിവരങ്ങൾ ലഭ്യമാക്കേണ്ട കോഴിക്കോട്ടുള്ള എൻ.െഎ.ടി.യിൽനിന്നുള്ള റിപ്പോർട്ട് കൂടി ലഭിച്ചാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. 500 പേജുള്ള കുറ്റപത്രത്തിൽ സഹതടവുകാരായ നാലുപേർക്ക് ജയിൽചാട്ടത്തെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നതായി സൂചിപ്പിക്കുന്നു.
ജയിൽ ഉദ്യോഗസ്ഥർ, തടവുകാർ, പോലീസ് ഉദ്യോഗസ്ഥർ, താത്കാലിക ജീവനക്കാർ തുടങ്ങി 150 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഗോവിന്ദച്ചാമിയുടെ മൊഴിയും വിശദമായെടുത്തിരുന്നു. ജയിലിനകത്തും പുറത്തുമായി 25-ഓളം സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. ഒറ്റക്കൈയിൽ ജയിൽവളപ്പിലെ തെങ്ങിൽവരെ കയറുന്ന കായികബലമുള്ള ഇയാൾക്ക് ജയിൽമതിൽ ചാടിക്കടക്കാനാകുമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്.
സെൻട്രൽ ജയിലിലെ 10-ാംനമ്പർ ബ്ലോക്കിലെ ബി സെല്ലിന്റെ ഇരുന്പഴികളെല്ലാം തുല്യരീതിയിൽ മുറിച്ചുമാറ്റിയാണ് ജയിൽ ചാടിയത്. ജയിലിന് പുറത്തുകടക്കാൻ 'അമാനുഷികമായ' കരുത്താണ് പ്രകടിപ്പിച്ചത്. ഒരുവർഷത്തെ തയ്യാറെടുപ്പുകൾക്കുശേഷമാണ് ജയിൽ ചാടിയത്. പകൽ ഉറങ്ങി, രാത്രി ഉറങ്ങാതെ കമ്പിമുറിച്ചു. സെല്ലിനകത്തേക്ക് പൂച്ച കയറുന്നത് തടയാനായി തുണികെട്ടിയിരുന്നു. ആ മറ മുതലാക്കി അരംപോലുള്ള മൂർച്ചയേറിയ സാധനംകൊണ്ട് അഴി മുറിച്ചു. അഴിയറുക്കാൻ തുടങ്ങിയത് ജയിൽചാട്ടത്തിന് നാലുമാസം മുൻപാണ്. ജയിലിൽ ഉണക്കാനിട്ടിരുന്ന മുണ്ടുകൾ കൂട്ടിക്കെട്ടി കയറുപോലെയാക്കി. ഒറ്റക്കയ്യും പല്ലും ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതിൽ ചാടിയത്. ജയിൽചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല.
ജയിൽച്ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഗോവിന്ദച്ചാമി തടവ് ചാടിയശേഷം നാലുമണിക്കൂറോളം ജയിലിനകത്ത് പതുങ്ങിയിരുന്നിട്ടും സുരക്ഷാ ജീവനക്കാർ കണ്ടില്ല. ജയിൽച്ചാട്ടം നടക്കുമ്പോൾ 10-ാം നന്പർ ബ്ലോക്കിന് രണ്ട് ഷിഫ്റ്റുകളിലായി നാല് ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Content Highlights: Charge sheet confirms serious negligence by prison officials during the jailbreak., Investigation found no evidence of external or internal assistance in the escape., Govindachamy spent four months planning the escape, cutting iron bars using improvised tools.