ഫോണ്‍ ചോര്‍ത്തല്‍ ഗൗരവതരം, നിജസ്ഥിതി അറിയണം; റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി- ഗവര്‍ണര്‍

#സ്വന്തം ലേഖകൻ
ആരിഫ് മുഹമ്മദ് ഖാന്‍ | Photo:PTI
ആരിഫ് മുഹമ്മദ് ഖാന്‍ | Photo:PTI

തിരുവനന്തപുരം: ഫോൺ ചോർത്തിയെന്ന ഭരണകകക്ഷി എംഎൽഎ പി.വി അൻവറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ഫോൺ ചോർത്തൽ നടന്നിട്ടുണ്ടെങ്കിൽ അതീവ ​ഗൗരവതരമായ വിഷയമാണെന്നും മൗലികാവവകാശങ്ങളുടെയും സുപ്രീം കോടതി മാർഗ നിർദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേ​ഹം പറഞ്ഞു.

ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. അതിനാണ് സർക്കാരിനോട് വിശദീകരണം തേടിയത്. ആരോപണം സത്യമാണെങ്കിൽ എന്ത്‌ നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് ​ഗവർണർ പറഞ്ഞു. റിപ്പോർട്ട്‌ വന്നതിന് ശേഷം തുടർനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അൻവറിൻറെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിരുന്നു. . എഡിജിപിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ അടക്കം ഫോൺ ചോർത്തിയെന്ന് അൻവർ ആരോപിച്ചിരുന്നു. താനും ഫോൺ ചോർത്തിയെന്ന് അൻവർ തുറന്നുപറയുകയും ചെയ്തിരുന്നു. മലപ്പുറം പോലീസിലെ മോഹൻദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിത്ദാസ് ഫോൺ ചോർത്തലിന് ഉപയോഗിച്ചതായും അൻവർ ആരോപിച്ചിരുന്നു. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. 

Content Highlights: Governor on Anwar's phone hacking