ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൂര്‍ണരൂപം അന്വേഷണസംഘത്തിന് കൈമാറി, തിരുവനന്തപുരത്ത് ഇന്ന് യോഗം

#ആര്‍. അനന്തകൃഷ്ണന്‍, മാതൃഭൂമി ന്യൂസ്
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പേജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പേജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്. അതിനിടെ, കേസുകളില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. റിപ്പോര്‍ട്ടിലുള്ള മൊഴികള്‍ അടക്കമുള്ളവ യോഗം പരിശോധിക്കും. വെളിപ്പെടുത്തലുകളില്‍ കേസെടുക്കുന്ന കാര്യത്തിലടക്കം ഇന്ന് തീരുമാനമെടുക്കും. 

റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനുശേഷമേ കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കൂ. വിഷയം ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. റിപ്പോര്‍ട്ടില്‍ ശക്തമായ തുടര്‍നടപടി വേണമെന്ന് സര്‍ക്കാരിനെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പിനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങളില്‍ എസ്.ഐ.ടി.യും മറ്റു വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളും നടപടിയെടുക്കണം. ഇരകളുടെയും ആരോപണവിധേയരുടെയും അവകാശം നിഷേധിക്കാതെയുള്ള നടപടിയാണുവേണ്ടത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളും ജാഗ്രതപുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതിനിടെ, റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കേണ്ടിവേന്നക്കും. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘം കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, പൂര്‍ണരൂപം കിട്ടുന്നതോടെ, റിപ്പോര്‍ട്ടില്‍ പേരുണ്ടാവുകയും അവര്‍ക്കെതിരേ തെളിവുകളോ മൊഴികളോ ഉണ്ടാവുകയും ചെയ്താല്‍ കേസെടുക്കാം.

മാധ്യമങ്ങളിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍ വന്നതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല; വെളിപ്പെടുത്തലുകള്‍ നടത്തിയവരില്‍നിന്ന് മൊഴിശേഖരിച്ചശേഷമാണ് കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. നിലവില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

പുറത്തുവന്ന കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒട്ടേറെപ്പേരുടെ മൊഴികളുണ്ടെങ്കിലും അത് ആരൊക്കെ നല്‍കിയതാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പൂര്‍ണരൂപത്തിലുള്ള റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയവരുടെ പേരുകളും ആര്‍ക്കെതിരായാണ് മൊഴിനല്‍കിയത് എന്നതും വ്യക്തമാക്കിയിട്ടുമുണ്ടെന്നതാണ് സൂചന. ഈ സാഹചര്യത്തില്‍ അതൊക്കെ പരിശോധിച്ച് അന്വേഷണസംഘത്തിന് വീണ്ടും പരാതിക്കാരില്‍നിന്ന് മൊഴിയെടുക്കേണ്ടിവരും. അതിനുശേഷമാകും കേസ് രജിസ്റ്റര്‍ചെയ്യണോയെന്ന് തീരുമാനിക്കുക. പ്രായപൂര്‍ത്തിയാവാത്തവരും ചൂഷണത്തിനിരയാകേണ്ടിവന്നുവെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാല്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടിയുംവരും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമ്പൂര്‍ണരൂപത്തില്‍ ലഭിച്ചുകഴിഞ്ഞാല്‍ ഏതൊക്കെ കാര്യങ്ങളില്‍ കേസെടുക്കാനാകും, കേസെടുക്കാനാവില്ല എന്ന കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാകും രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുക. റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ അവരെ ബന്ധപ്പെട്ട് അവര്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാണോയെന്നതും വിലയിരുത്തിയാകും തുടര്‍നടപടികള്‍.  ഇക്കാര്യങ്ങളെല്ലാം തിരുവനന്തപുരത്ത് ചേരുന്ന അന്വഷണസംഘത്തിന്റെ സമ്പൂര്‍ണയോഗം വിശദമായ ചര്‍ച്ചനടത്തും.

Content Highlights: government hands over hema committee report to sit