അച്ഛന്റെ ഓര്‍മകളുമായി മുതുകാടിന്റെ മാജിക് ഷോ; ഇനി പ്രൊഫഷണല്‍ ഷോ ചെയ്യുന്നില്ലെന്ന് പ്രഖ്യാപനം

കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നടന്ന തന്റെ അവസാനത്തെ പ്രൊഫഷണല്‍ മാജിക് ഷോയുടെ അവസാനം ഗോപിനാഥ് മുതുകാട് അച്ഛന്റെ സ്മരണയില്‍ മുഴുകി, സെക്കന്‍ഡുകള്‍ക്കകം പഴയ മകനും അച്ഛനുമായി മാറിയപ്പോള്‍
കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നടന്ന തന്റെ അവസാനത്തെ പ്രൊഫഷണല്‍ മാജിക് ഷോയുടെ അവസാനം ഗോപിനാഥ് മുതുകാട് അച്ഛന്റെ സ്മരണയില്‍ മുഴുകി, സെക്കന്‍ഡുകള്‍ക്കകം പഴയ മകനും അച്ഛനുമായി മാറിയപ്പോള്‍

കോഴിക്കോട്: ഇത്തവണ മുതുകാട് മാന്ത്രികച്ചെപ്പുതുറന്നപ്പോള്‍ അതില്‍ അദ്ഭുതംമാത്രമായിരുന്നില്ല, അച്ഛന്‍ എന്ന സ്‌നേഹവിസ്മയംകൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍നിറഞ്ഞ ഷോ. 1987-ല്‍ ആദ്യമായി മാന്ത്രികത്തൊപ്പിയും തിളങ്ങുന്ന കുപ്പായവുമിട്ട് മാജിക് ഷോ നടത്തിയ കോഴിക്കോടിന്റെ മണ്ണില്‍, തന്റെ ജീവിതം മാറ്റിമറിച്ച അച്ഛനോടുള്ള ആദരമര്‍പ്പിച്ചായിരുന്നു ഗോപിനാഥ് മുതുകാടിന്റെ 'ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍'. ഇനി മാജിക് ഷോ ചെയ്യുന്നില്ലെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. എന്നാല്‍, പ്രതിഫലംവാങ്ങിയുള്ള പ്രൊഫഷണല്‍ ഷോ മാത്രമേ നിര്‍ത്തുകയുള്ളൂ എന്ന് പിന്നീട് വ്യക്തമാക്കി. ഷോ നിര്‍ത്തുമെന്നുകേട്ടവരില്‍നിന്നുണ്ടായ സ്‌നേഹസമ്മര്‍ദത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നാലുപതിറ്റാണ്ടോളം മലയാളികളെ മാന്ത്രികലോകത്ത് വിസ്മയിപ്പിച്ചാണ് പ്രോവിഡന്‍സ് കോളേജില്‍ വീണ്ടുമൊരു ഷോയുമായി അദ്ദേഹം എത്തിയത്. നിയമപഠനം ഉപേക്ഷിച്ച് മാന്ത്രികലോകത്തേക്കിറങ്ങിയപ്പോള്‍, കൈത്താങ്ങായിനിന്ന പിതാവ് കുഞ്ഞുണ്ണിനായരോടുള്ള നന്ദിയറിയിക്കാനായിരുന്നു പരിപാടി.

മുതുകാടിന്റെ അമ്മ ദേവകിയമ്മ നിലവിളക്കുകൊളുത്തിയതോടെയാണ് തുടക്കമായത്. ഓരോ മാന്ത്രികവിദ്യയും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലിനെയും പ്രത്യേകിച്ച് അച്ഛന്‍ നല്‍കിയ പിന്തുണയെയും ഓര്‍മ്മിപ്പിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം ഗുരുക്കന്മാര്‍ക്കും ആദരംനല്‍കി.

ലവ് യു ഓള്‍... കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍നടന്ന മാജിക് ഷോയില്‍ ഗോപിനാഥ് മുതുകാട് 'ഹേറ്റ്' എന്നെഴുതിയ പെട്ടിയില്‍നിന്ന് 'ഐ ലവ് യു' എന്നെഴുതിയ പെട്ടിയിലേക്ക് പെണ്‍കുട്ടിയെ മാറ്റിയപ്പോള്‍. 1987-ല്‍ ആദ്യമായി മാന്ത്രികത്തൊപ്പിയണിഞ്ഞ കോഴിക്കോട്ടുവെച്ച് അദ്ദേഹം പ്രൊഫഷണല്‍ മാജിക്കില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രഖ്യാപിച്ചു| ഫോട്ടോ: കെ.കെ.സന്തോഷ്

മാജിക്കിന്റെ അദ്ഭുതങ്ങള്‍ക്കൊപ്പം സന്തോഷവും കണ്ണീരുംനിറഞ്ഞ തന്റെ ഭൂതകാലം അദ്ദേഹം കാണികളുമായി പങ്കുവെച്ചു. ''നിയമപഠനം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ ലോകംമുഴുവന്‍ എനിക്ക് എതിരായിനിന്നു. എന്നാല്‍, എന്റെ അച്ഛന്‍മാത്രം എനിക്കൊപ്പംനിന്നു''. -വികാരഭരിതനായി അദ്ദേഹം പറഞ്ഞു. അച്ഛനുനല്‍കുന്ന ആദരമെന്നതിനപ്പുറം, ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള തന്റെ ദൗത്യം മുതുകാട് വേദിയില്‍ പ്രഖ്യാപിച്ചു.

കാസര്‍കോട് സ്ഥാപിക്കുന്ന 'ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ്' എന്ന സ്ഥാപനം, ഭിന്നശേഷിക്കാരുടെ കഴിവുകളെ ലോകത്തിനുമുന്നിലെത്തിക്കുന്ന വേദിയാകും. തന്റെ പിതാവു തന്ന വിശ്വാസംപോലെ, ഈ കുട്ടികള്‍ക്കും ഒരു ലോകമുണ്ടാക്കിക്കൊടുക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ മാന്ത്രികലോകത്തെ അതികായനായ പി.സി. സര്‍ക്കാര്‍ ജൂനിയര്‍ പരിപാടി ഉദ്ഘാടനംചെയ്തു. പി.വി. അബ്ദുല്‍വഹാബ് എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ, 'മാതൃഭൂമി' ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവരും ഈ വൈകാരികനിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനെത്തി.

Content Highlights: Gopinath Muthukad`s final magic show,`Illusion to Inspiration, a tribute to his father, in Kozhikode