കൊമ്പന്‍ ഗോകുലിന്റെ മരണം; കൂട്ടാനയുടെ കുത്തേറ്റുള്ള മുറിവില്‍ അണുബാധ, എന്നിട്ടും എഴുന്നള്ളിച്ചു, പാപ്പാന്‍മാരുടെ മര്‍ദനവും

ഗുരുവായൂര്‍: ആനക്കോട്ടയിലെ കൊമ്പന്‍ ഗോകുലിന് അന്ത്യം സംഭവിച്ചത് ശ്വാസകോശ അണുബാധ മൂര്‍ച്ഛിച്ചതുമൂലമെന്ന് റിപ്പോര്‍ട്ട്. ആനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരമെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ. മനോജ് അറിയിച്ചു. ആനയോട്ടത്തില്‍ പലതവണ ജേതാവായ കൊമ്പനായിരുന്നു ഗോകുല്‍.
വിശദ റിപ്പോര്‍ട്ട് മൂന്നുദിവസം കഴിഞ്ഞേ ലഭിക്കൂ. പാപ്പാന്‍മാരുടെ മര്‍ദനമേറ്റ പരിക്കുകള്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനു കൂട്ടാനയുടെ കുത്തേറ്റ് ഗോകുലിന് ആഴത്തില്‍ മുറിവേറ്റിരുന്നു. അതില്‍ പഴുപ്പുണ്ടായിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. ശ്വാസകോശത്തില്‍ അണുബാധയ്ക്കു പുറമേ, കരളിനും മാരകമായ നാശമുണ്ടായി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗോകുലിനു ഗുരുവായൂര്‍ ദേവസ്വത്തിലെത്തന്നെ പീതാംബരന്‍ എന്ന ആനയുടെ കുത്തേറ്റത്. ആനയിടഞ്ഞ് മൂന്നുപേര്‍ മരിക്കാനിടയായ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെയായിരുന്നു ഈ സംഭവം. അതിനുശേഷം ആന പൊതുവേ ക്ഷീണത്തിലായിരുന്നു. ആ മുറിവ് വലിയൊരു ദ്വാരംപോലെയായിരുന്നു. നന്നായി പഴുക്കുകയും ചെയ്തു. മുറിവ് പുറമേക്ക് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും മാറിയെങ്കിലും പിന്നീട് ആന്തരികാവയവങ്ങളെ ബാധിക്കാന്‍ തുടങ്ങി.
ഗോകുലിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പാപ്പാന്‍മാരുടെ സംഘം ചേര്‍ന്നുള്ള മര്‍ദനമുണ്ടായത്. കുറ്റക്കാരായ പാപ്പാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മരണം സംഭവിച്ചതിന് മര്‍ദനവുമായി ബന്ധമില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ പറഞ്ഞു. ആനക്കോട്ടയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞത്. ചൊവ്വാഴ്ച മൃതദേഹം കോടനാട്ടു കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.
ചരിഞ്ഞ കൊമ്പന്‍ ഗോകുലിന് മര്‍ദനമേറ്റിരുന്നതായി തെളിഞ്ഞിരുന്നു. ഇതോടെ ആനയുടെ രണ്ടും മൂന്നും പാപ്പാന്‍മാരെ നേരത്തേ തന്നെ സസ്‌പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ ഒന്‍പതിന് രാത്രി പത്തിനായിരുന്നു സംഭവമുണ്ടായതെന്ന് പറയുന്നു. പാപ്പാന്‍മാര്‍ ആനയുടെ അടുത്തുചെന്ന് മര്‍ദിക്കുന്നത് കണ്ട, ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവരം ആനക്കോട്ടയിലെ മേലുദ്യോഗസ്ഥരെ അറിയിച്ചു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടാം പാപ്പാന്‍ ജി.ഗോകുല്‍, മൂന്നാം പാപ്പാന്‍ കെ.എ. സത്യന്‍ എന്നിവരെയാണ് അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. 26-ന് ചേര്‍ന്ന ദേവസ്വം ഭരണസമിതിയോഗ തീരുമാനപ്രകാരമായിരുന്നു അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
Content Highlights: Gokul, a famous Guruvayoor elephant, died from a lung infection. Reports suggest a sharp wound from another elephant and alleged abuse by mahouts contributed to his demise. Details emerging.