സ്വവര്‍ഗാനുരാഗം ഭ്രാന്തല്ല;ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണ് തീരുമാനം-ആദില നസ്‌റിന്‍

കോഴിക്കോട്: ആദില നസ്‌റിന്‍ എന്ന യുവതി നീതിക്കായുള്ള പോരാട്ടത്തിലാണ് . 22 വയസ്സുകാരിയായ തനിയ്ക്ക് 23 വയസ്സുള്ള പങ്കാളിക്കൊപ്പം ജീവിക്കാന്‍ പോലീസിന്റേയും കോടതിയുടേയും സഹായം വേണമെന്നാണ് ആദില പറയുന്നത്. സ്വവര്‍ഗാനുരാഗം വീട്ടില്‍ അറിഞ്ഞതോടെ പലതവണ രക്ഷിതാക്കളും ബന്ധുക്കളും വിലക്കി. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ ഇറങ്ങിയപ്പോള്‍ വീട്ടുകാര്‍ ബലംപ്രയോഗിച്ച് വേര്‍പെടുത്തി തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയപ്പോള്‍ ഉണ്ടായ അനുഭവം ആദില മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.
സൗദിയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആദില നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദം, പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്നല്ലാതെ കൂടുതലൊന്നും അന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. അതിനാല്‍ പ്ലസ്ടു കഴിഞ്ഞ് രണ്ട് പേരേയും ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജില്‍ വിട്ട് പഠിപ്പിക്കാനും തീരുമാനിച്ചു. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം. പക്ഷെ അതത്ര എളുപ്പമല്ലെന്ന് ആദില പറയുന്നു.
ഇരുവരും തമ്മിലുള്ള പ്രണയം വീട്ടില്‍ അറിഞ്ഞതോടെ വീട്ടുകാര്‍ ഒരുമിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മാറ്റി. രണ്ടും പെണ്ണല്ലേ കുറച്ച് കഴിഞ്ഞാല്‍ ഇതൊന്നും കാണില്ല എന്നായിരുന്നു വീട്ടുകാര്‍ ആദ്യം ധരിച്ചിരുന്നതെന്ന് ആദില. വീട്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആയപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ബന്ധം തുടര്‍ന്നു. പിന്നീട് തുടര്‍ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവര്‍ഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്ലിലാക്കി ഒടുവില്‍ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും എടുത്തു.
ബന്ധം തുടരുന്ന കാര്യം വീണ്ടും വീട്ടില്‍ അറിഞ്ഞ് പ്രശ്‌നമായതോടെയാണ് ഇരുവരും വീട് വിട്ടിറങ്ങിയത്. സ്വവര്‍ഗാനുരാഗം മാനസിക രോഗമാണെന്നും മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും വീട്ടുകാര്‍ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. ഒടുവില്‍ ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും ഈ മാസം 19ന് വീടുവിട്ടിറങ്ങി. കോഴിക്കോട് തന്നെയുള്ള സ്വവര്‍ഗാനുരാഗികളുടെ ഷെല്‍ട്ടര്‍ ഹോമിലാണ് അഭയം തേടിയത്. പിന്നീട് രണ്ട് പേര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള പിന്തുണ നല്‍കാമെന്ന ഉറപ്പില്‍ വീട്ടുകാര്‍ എത്തി രണ്ട് പേരേയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവിടെ വെച്ച് തന്നെ വീട്ടുകാര്‍ ഉപദ്രവിച്ചെന്നും ആദില പറയുന്നു.
ആദില നൂറയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് നൂറയുടെ വീട്ടുകാര്‍ പരാതി നല്‍കുകയും നൂറയെ കോടതിയിലേക്കെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോവുകയും ചെയ്തു. പിന്നീടും വീട്ടുകാരുടെ മര്‍ദനത്തിനിരയായെന്നും പോലീസിന്റെ സഹായത്തോടെയാണ് വീട്ടില്‍ നിന്നും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറിയതെന്നും ആദില മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നൂറയെ വീട്ടുകാര്‍ കൊണ്ടുപോയ ശേഷം ഒരിക്കല്‍ മാത്രമാണ് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞത്. അന്ന് നൂറയോടും നൂറയുടെ കൗണ്‍സിലറോടും സംസാരിച്ചു, അന്നും ആദിലയ്‌ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നാണ് നൂറ പറഞ്ഞതെന്നും പിന്നീട് കൂട്ടുകാരിയെ കുറിച്ച് ഒരു വിവരവം ഇല്ലാതായതോടെയാണ് പരാതിയുമായി ആലുവ സ്റ്റേഷനില്‍ എത്തിയതെന്നും ആദില പറയുന്നു.
സ്വവര്‍ഗാനുരാഗം മാനസിക രോഗമാണെന്ന് പറഞ്ഞ് വീട്ടുകാരും ബന്ധുക്കളുമെല്ലാം പരിഹസിക്കുകയാണ്. ഒരേ ലിംഗ സത്വമുള്ളവര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ ഇപ്പോളും ആര്‍ക്കും കഴിയുന്നില്ല. ശാരീരിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരകളായി .സ്വവര്‍ഗ രതി കുറ്റമല്ലെന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം കോടതി തന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് നൂറയെ തിരിച്ചുകിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആദില മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ആലുവ പോലീസില്‍ നല്‍കിയ പരാതിക്കൊപ്പം നിയമ സഹായം തേടി കോടതിയേയും സമീപിക്കാനാണ് ആദിലയുടെ തീരുമാനം.
Content Highlights: Gay Lovers will go to court for mutual living