ഗണേഷ്‌കുമാറിനു പിന്നാലെ ഭാര്യയുടെ കമ്പനിയും വിവാദത്തിൽ; ഇടപാടുകൾ ടെൻഡറോ താത്പര്യപത്രമോ ഇല്ലാതെ

#ന്യൂസ് ഡെസ്‌ക്
കെ.ബി. ഗണേഷ്‌കുമാറും ബിന്ദുമോനാനും. വിവാഹദിവസത്തെ ചിത്രം | Photo: Mathrubhumi
കെ.ബി. ഗണേഷ്‌കുമാറും ബിന്ദുമോനാനും. വിവാഹദിവസത്തെ ചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനുനേരേയുള്ള ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മേനോൻ സി.ഇ.ഒ.ആയ മിഡ്നൈറ്റ് സൺ ഗ്ലോബൽകമ്പനിയും വിവാദത്തിൽ. മിൽമയുടെയും കേരഫെഡിന്റെയും ഉത്പന്നങ്ങളുടെ വിദേശരാജ്യങ്ങളിലെ വിതരണം ടെൻഡറോ മറ്റു നടപടികളോ ഇല്ലാതെ മിഡ്നൈറ്റ് സൺ ഗ്ലോബലിന് നൽകിയെന്നാണ് ആരോപണം. മന്ത്രിയുടെ ഭാര്യയുടെ കമ്പനി എന്നനിലയിലുള്ള ഉന്നത സമ്മർദമാണ് ഇടപാടിനു പിന്നിലെന്നാണ് ആക്ഷേപം.

കേരഫെഡിന്റെ കേര ബ്രാൻഡ് വെളിച്ചെണ്ണ ദുബായിലും മിൽമ ഉത്പന്നങ്ങൾ ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും വിതരണം ചെയ്യുന്നത് മിഡ്നൈറ്റ് സൺ ഗ്ലോബലാണ്. ടെൻഡറോ താത്പര്യപത്രമോ ക്ഷണിച്ചായിരുന്നില്ല വിതരണച്ചുമതല ഏൽപ്പിച്ചതെന്നും ഇക്കാര്യം മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഉന്നതസമ്മർദത്തെത്തുടർന്ന് വിതരണച്ചുമതല ഏൽപ്പിക്കുകയായിരുന്നുവെന്നുമാണ് ആക്ഷേപം.

മന്ത്രി ഗണേഷ്‌കുമാറിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീടാണ് (സിന്ദഗി, കെആർഎഎ 144, കുടപ്പനക്കുന്ന്) കമ്പനിയുടെ വിലാസമായി നൽകിയത്. ബിന്ദു ഗണേഷ്‌കുമാറിന്റെ പേര് വിലാസത്തിൽ നൽകിയിട്ടുണ്ടെങ്കിലും കമ്പനിയിലെ ചുമതലയെന്തെന്ന് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടില്ല.

ഗണേഷ്‌കുമാർ മന്ത്രിയാകുന്നതിനുമുൻപ് ഏതാണ്ട് മൂന്നുവർഷത്തിലേറെയായി നെയ്യും പാലുൽപന്നങ്ങളും മലബാർ മേഖലയിൽ മിഡ്നൈറ്റ് സൺ ഗ്ലോബൽ വിതരണം ചെയ്യുന്നുണ്ടെന്നും അവർ വിദേശങ്ങളിൽ വിതരണത്തിനായി താത്പര്യം അറിയിച്ചപ്പോൾ നൽകുകയായിരുന്നുവെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വിതരണക്കാരില്ലാത്ത സ്ഥലങ്ങളിൽ പുതിയ വിപണന സാധ്യത കണ്ടെത്തുന്നതിനും വിതരണക്കാരെ ചുമതലപ്പെടുത്തുന്നതിനും ടെൻഡർ വിളിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരഫെഡിൽനിന്ന് ഇളവുകളോടെ മിഡ്നൈറ്റ് സൺ ഗ്ലോബൽ വാങ്ങുന്ന വെളിച്ചെണ്ണ മറ്റൊരു കമ്പനിവഴിയാണ് ദുബായിൽ വിൽക്കുന്നത്. കേരഫെഡ് ഉത്പന്നങ്ങൾക്ക് വർഷങ്ങളായി വിതരണക്കാരില്ലാതിരുന്ന ദുബായിലെ വിതരണച്ചുമതല ഏതെങ്കിലും കമ്പനിക്ക് നൽകിയതിൽ ചട്ടലംഘനമില്ലെന്നാണ് കൃഷിവകുപ്പ് അധികൃതരും പറയുന്നത്.

Content Highlights: Allegations of irregular distribution deals for Milma and Kerafed products., No tenders or Expression of Interest (EOI) were issued for the contracts., Minister Ganesh Kumar's residence address was used for the company., Official defense claims no rules were broken in finding new markets.