ഉമ്മൻചാണ്ടിയുടെ ഓഫീസിൽ സോളാർ പ്രതിയെ പരിചയപ്പെടുത്തിയത് ഗണേഷെന്ന് മൊഴി

കൊട്ടാരക്കര: സോളാർ കേസ് പ്രതിയെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിൽ പരിചയപ്പെടുത്തിയത് അന്ന് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാറായിരുന്നെന്ന് മൊഴി.
ഉമ്മൻചാണ്ടിയുടെ സെക്യൂരിറ്റി സ്റ്റാഫിലുണ്ടായിരുന്ന രവീന്ദ്രൻപിള്ളയും ശ്രീകുമാറുമാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞദിവസം മൊഴിനൽകിയത്.
ഉമ്മൻചാണ്ടിയെ ലൈംഗികാപവാദക്കേസിൽ കുരുക്കാൻ സോളാർ കേസ് പ്രതിയും കെ.ബി. ഗണേഷ്‌കുമാറും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഭിഭാഷകൻ സുധീർ ജേക്കബ് അഭിഭാഷകൻ ജോളി അലക്‌സ് മുഖാന്തരം നൽകിയ ഹർജിയിലാണ് മൊഴി.
2013-ലാണ് സോളാർ കേസ് പ്രതിയെ ഗണേഷ്‌കുമാർ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ച് പരിചയപ്പെടുത്തിയത്. അപ്പോൾ ഉമ്മൻചാണ്ടി അവിടെ ഉണ്ടായിരുന്നില്ല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ എന്നപേരിലാണ് അവർ എത്തിയത്. ലക്ഷ്മി നായർ എന്നാണ് പേരുപറഞ്ഞിരുന്നത്.
മുഖ്യമന്ത്രി എത്തിയപ്പോൾ ദുരിതാശ്വാസനിധിയിലേക്കുള്ള ചെക്ക് കൈമാറുകയും ഇതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. സോളാർ കേസ് വിവാദമായതിനുശേഷമാണ് ഇവരുടെ യഥാർഥ പേര് തങ്ങൾക്കു മനസ്സിലായതെന്നും ഇരുവരും കോടതിയിൽ മൊഴിനൽകി. കേസ് വീണ്ടും ഒക്ടോബർ 14-ന് പരിഗണിക്കും. മുൻമന്ത്രി കെ. ബാബു അന്ന് മൊഴിനൽകും.