സ്വന്തംനാട്ടിലെ പ്രധാന പരിപാടിയില്‍നിന്ന് ജി. സുധാകരന്‍ പുറത്ത്; പുന്നപ്ര-വയലാര്‍ വാര്‍ഷികപരിപാടികളില്‍നിന്ന് ഒഴിവാക്കി

അമ്പലപ്പുഴ(ആലപ്പുഴ): പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ വീട്ടിലെത്തിയശേഷവും സ്വന്തംനാട്ടിലെ പ്രധാന പരിപാടിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പുന്നപ്രയില്‍ 20 മുതല്‍ 23 വരെ നടക്കുന്ന 79-ാമത് പുന്നപ്ര-വയലാര്‍ വാര്‍ഷികപരിപാടികളില്‍നിന്നാണ് സുധാകരനെ ഒഴിവാക്കിയത്.
കഴിഞ്ഞതവണ പൊതുസമ്മേളനത്തില്‍ പ്രസംഗകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ നോട്ടീസില്‍ സുധാകരന്റെ പേരില്ല.
കടുത്തവാക്കുകളിലൂടെ അതൃപ്തി പ്രകടമാക്കിയ സുധാകരനെ അനുനയിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം. സത്യപാലന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ ശ്രമമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. എന്നാല്‍, തൊട്ടുപിന്നാലെയാണ് ജി. സുധാകരനെ ഉള്‍പ്പെടുത്താതെ നോട്ടീസ് പുറത്തുവന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ് 23-ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
Content Highlights: Senior leader G. Sudhakaran, despite attempts to reconcile, has been excluded from the annual Punnapra-Vayalar anniversary programs in Alappuzha. This marks his absence from a key local event.