സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി, സ്വന്തം വീട്ടിലെ ഒരാൾക്കും കൊടുത്തില്ല- ജി. സുധാകരൻ

ആലപ്പുഴ: സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. എച്ച്. സലാമിന്റേയും പി.പി. ചിത്തരഞ്ജന്റേയും ഭാര്യമാർക്ക് സഹകരണ വകുപ്പിനുകീഴിൽ ജോലി നൽകിയത് താനാണെന്ന് ജി. സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ ടൗൺ റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും ഇക്കാര്യങ്ങൾ മാധ്യമങ്ങളൊന്നുംതന്നെ കാണില്ലെന്നും സുധാകരൻ പറഞ്ഞു. 'എനിക്കെതിരേ പറഞ്ഞവരോട് അതേ ഭാഷയിൽ സംസാരിക്കാൻ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യ ജോലി ഇല്ലാതെ നിന്നപ്പോൾ ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി വാങ്ങി നൽകിയത്. 19 ഒഴിവു വന്നപ്പോൾ ആദ്യനിയമനം അവർക്കാണ് കൊടുത്തത്. ചിത്തരഞ്ജന്റെ ഭാര്യയ്ക്ക് ആശുപത്രിയിൽ ജോലി കൊടുത്തു. അങ്ങനെ ഒരുപാടു പേർക്ക്... എന്റെ വീട്ടിലെ ഒരാൾക്കു പോലും ഞാൻ ജോലി കൊടുത്തിട്ടില്ല', ജി. സുധാകരൻ പറഞ്ഞു.
സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ജി. സുധാകരനെതിരേ എച്ച്. സലാം കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. ജി. സുധാകരൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും അതിന്റെ കണക്കുകൾ പുറത്തുവിടണമെന്നുമായിരുന്നു എച്ച്. സലാമിന്റെ വെല്ലുവിളി. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജി. സുധാകരൻ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
Content Highlights: G. Sudhakaran claimed he helped secure jobs for the wives of CPM leaders H. Salam and P.P. Chitharanjan., The statement was made during an Onam celebration event in Alappuzha., Sudhakaran clarified that no one in his own family received any jobs through him., This comes in response to property accumulation allegations made against him by H. Salam.