ഫ്രഷ്കട്ടിൽ ട്രയൽ റൺ, നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ കോഴിമാലിന്യം വ്യാഴാഴ്ച രാത്രി സംസ്കരിച്ചു

താമരശ്ശേരി: ജനകീയസമരസമിതിയുടെ റോഡ് ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തിന്റെയും തുടർന്നുനടന്ന തീവെപ്പിന്റെയും പശ്ചാത്തലത്തിൽ അടച്ചിട്ട കട്ടിപ്പാറ അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ്കട്ട് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ ട്രയൽറൺ നടത്തി. മൂന്നുദിവസമായി പ്രവർത്തിക്കാതിരുന്ന സ്വകാര്യ കോഴിയറവുമാലിന്യ പ്ലാന്റിൽ വ്യാഴാഴ്ച രാത്രിയോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസ്കരണ പ്രവർത്തനം നടത്തിയത്. 21-നുണ്ടായ സംഘർഷത്തെത്തുടർന്ന് അന്നുമുതൽ ഫാക്ടറിയിലേക്കുള്ള റോഡുപരിസരത്ത് നിർത്തിയിട്ടിരുന്ന കോഴിയറവുമാലിന്യം വഹിച്ച വാഹനങ്ങളിലെ മാലിന്യമെല്ലാം വ്യാഴാഴ്ച രാത്രിയോടെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. പ്ലാന്റ് പ്രവർത്തനസജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്നും, അതേസമയം ജില്ലാഭരണകൂടത്തിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കൂവെന്നും ഫ്രഷ്കട്ട് മാനേജിങ് ഡയറക്ടർ സുജീഷ് കൊളത്തൊടിയും ചെയർമാൻ അഗസ്റ്റിൻ ലിബിൻ പയസും അറിയിച്ചു.
യന്ത്രഭാഗങ്ങൾക്ക് തകരാറുകൾ സംഭവിച്ചാലും പ്രവർത്തനം തടസ്സപ്പെടാതിരിക്കുന്നത് ഉറപ്പാക്കുന്നതിനുമായി ആവശ്യമായതിന്റെ 90 ശതമാനം പ്രധാന യന്ത്രഭാഗങ്ങളും സംഭരണകേന്ദ്രത്തിൽ കരുതലിൽ സൂക്ഷിച്ചിരുന്നതായി ഫ്രഷ്കട്ട് അധികൃതർ അറിയിച്ചു. തീപ്പിടിത്തത്തിൽ നാശനഷ്ടം നേരിട്ടവയുൾപ്പെടെയുള്ള മറ്റു യന്ത്രഭാഗങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി തങ്ങളുടെതന്നെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിച്ച് മാറ്റിവെക്കുകയായിരുന്നു.
പ്ലാന്റ് വഴിയൊരുക്കുന്ന മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഫ്രഷ്കട്ട് വിരുദ്ധ ജനകീയസമരസമിതി ചൊവ്വാഴ്ച വൈകീട്ട് നടത്തിയ റോഡ് ഉപരോധസമരത്തിനിടെയുണ്ടായ സംഘർഷത്തിന്റെ മറവിലാണ് സമരാനുകൂലികൾ ചിലർ പ്ലാന്റിനും വാഹനങ്ങൾക്കും തീവെച്ചിരുന്നത്. 13 വാഹനങ്ങൾ കത്തിച്ച അക്രമിസംഘം മൂന്നുവാഹനങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
പ്ലാന്റ് ആക്രമിച്ച സംഭവത്തിൽ ജീവനക്കാരായ രജിനിന്റെയും പി.സി. അനൂപിന്റെയും എഎസ്ഐ ജദീറിന്റെയും പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾപ്രകാരം താമരശ്ശേരി പോലീസ് മൂന്നുകേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
സർവകക്ഷിയോഗം ബുധനാഴ്ച
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണകേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒക്ടോബർ 29-ന് ബുധനാഴ്ച സർവകക്ഷിയോഗം വിളിച്ചുചേർക്കുമെന്ന് കളക്ടർ സ്നേഹിൽകുമാർ സിങ് അറിയിച്ചു. യോഗത്തിനുമുൻപ് മാലിന്യ സംസ്കരണകേന്ദ്രം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും കളക്ടർ പറഞ്ഞു.
പ്രശ്നപരിഹാരം വൈകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കും -എം.കെ. രാഘവൻ
താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യസംസ്കരണകേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം വൈകുന്നത് ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എം.കെ. രാഘവൻ എം.പി പറഞ്ഞു.
പ്ലാന്റിന്റെ പ്രവർത്തനം കാരണം പ്രദേശവാസികൾക്കുണ്ടാകുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മാലിന്യസംസ്കരണത്തിന്റെ പ്രവർത്തനംമൂലം അസഹ്യമായ ദുർഗന്ധവും ജലമലിനീകരണവും നടക്കുന്നതായും ഒട്ടേറെപ്പേർക്ക് ഇതിനോടകം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും എം.പി പറഞ്ഞു.
ഫ്രഷ്കട്ട് മാലിന്യപ്ലാന്റ് പ്രശ്നം: ജില്ലാപഞ്ചായത്ത് യോഗത്തിൽ ബഹളം
ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഫ്രഷ്കട്ട് മാലിന്യപ്ലാന്റിന്റെപേരിൽ ബഹളം. വിഷയത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾതമ്മിൽ രൂക്ഷമായ വാക്തർക്കമുണ്ടായി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗം നാസർ എസ്റ്റേറ്റ്മുക്കാണ് വിഷയത്തിൽ ശ്രദ്ധക്ഷണിച്ചത്. അന്വേഷണത്തിന് കളക്ടറോട് ശുപാർശചെയ്യാൻ ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമായി.
ഫ്രഷ്കട്ട് മാലിന്യപ്ലാന്റിന് അനുമതിനൽകിയതുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്തിന് ഒരുറോളുമില്ലെന്ന് പ്രസിഡന്റ് ഷീജാ ശശി യോഗത്തിൽ പറഞ്ഞു. മാലിന്യപ്ലാന്റിന് ലൈസൻസ് കൊടുക്കുന്നത് ജില്ലാപഞ്ചായത്തല്ല. അതത് പഞ്ചായത്തിലെ അറവുമാലിന്യങ്ങൾ അവിടെക്കൊണ്ടുപോയി സംസ്കരിക്കണമെന്നുമാത്രമാണ് പഞ്ചായത്തുകൾക്ക് ജില്ലാപഞ്ചായത്ത് നിർദേശംനൽകിയതെന്ന് ഭരണസമിതി യോഗത്തിൽ വ്യക്തമാക്കി.
പ്രശ്നത്തിൽ പ്രമേയമവതരിപ്പിച്ച് സബ്കമ്മിറ്റി സന്ദർശനംനടത്തുമെന്ന് തീരുമാനിച്ചതാണ്. എന്നാൽ, അതുണ്ടായിട്ടില്ല.
സബ്കമ്മിറ്റി സന്ദർശനത്തിൽ കളക്ടറുടെ ചേംബറിൽ യോഗംചേർന്നിരുന്നെന്നും അവിടെ പ്രവർത്തനം നിർത്തലാക്കാൻ നിർദേശംനൽകയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചതിനെത്തുടർന്നാണ് സന്ദർശനത്തിനായി പോകാതിരുന്നതെന്ന് പ്രസിഡന്റ് മറുപടിപറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി. ഗവാസ്, സെക്രട്ടറി ടി.ജി. അജേഷ്, സ്ഥിരംസമിതി അധ്യക്ഷരായ പി. സുരേന്ദ്രൻ, വി.പി. ജമീല, കെ.വി. റീന, നിഷ പുത്തൻപുരയിൽ, അംഗങ്ങളായ വി.പി. ദുൽഖിഫൽ, സുരേഷ് കൂടത്താംകണ്ടി, രാജീവ് പെരുമൺപുറ, റംസീന നരിക്കുനി, എം.ധനീഷ്ലാൽ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: FreshCut Organic Plant Trial Run: Amidst Controversy and Investigations