ഫ്രാങ്കോ കേസിലെ അപ്പീൽ വിചാരണ; ക്രൗഡ് ഫണ്ടിങ്ങുമായി അതിജീവിത

#ജോസഫ് മാത്യു
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത | Photo: ടി.കെ. പ്രദീപ് കുമാർ
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത | Photo: ടി.കെ. പ്രദീപ് കുമാർ

പത്തനംതിട്ട: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണക്കോടതി വെറുതേവിട്ട ജലന്ധർ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി 2027 മാർച്ച് 22-ന് പരിഗണിക്കും. കേസ് പരിഗണിച്ചപ്പോൾ രേഖകൾ പൂർണമായി കൈയിൽ കിട്ടാത്തതിനാൽ പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

2022 ജനുവരി 14-നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേ വിട്ടത്. 2022 മാർച്ചിൽ സർക്കാർ അപ്പീൽ നൽകി.

കന്യാസ്ത്രീയുടെ ആവശ്യപ്രകാരം അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അതിജീവിത സ്വന്തംനിലയ്ക്കും അപ്പീൽ നൽകിയിട്ടുണ്ട്. കേസിൽ വെറുതേവിട്ടെങ്കിലും ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോയെ വത്തിക്കാൻ മാറ്റിയിരുന്നു.

കേസ് നടത്തിപ്പിന് കന്യാസ്ത്രീക്ക്‌ ഒപ്പംനിൽക്കുന്നവർ പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം (ക്രൗഡ് ഫണ്ടിങ്) ആരംഭിച്ചു.

കുറവിലങ്ങാട്ടെ മഠത്തിൽ അതിജീവിതയ്ക്കൊപ്പമുള്ള രണ്ടു കന്യാസ്ത്രീകളുടെ ഔദ്യോഗിക പേരുകളിലാണ് സംയുക്ത അക്കൗണ്ട് തുടങ്ങിയത്. നിയമോപദേശം തേടിയശേഷമാണ് ഈ തീരുമാനമെടുത്തത്. ഇത്തരമൊരു നിയമമുണ്ടെന്ന് ഇത്തരംകേസുകളിലെ അതിജീവിതകൾക്ക് അറിയുമെന്നു തോന്നുന്നില്ല. അതിനാലാണ് ഈ തീരുമാനം’ -കന്യാസ്ത്രീ പറഞ്ഞു.

ആലപ്പുഴയിൽനിന്നു വന്ന അപ്പൂപ്പൻ

കന്യാസ്ത്രീയുമായി ‘മാതൃഭൂമി’യിൽ വന്ന അഭിമുഖം വായിച്ച് ഏതാനും മാസംമുൻപ്‌ ആലപ്പുഴയിൽനിന്നൊരാൾ കുറച്ചു പണവുമായി ഇവരെത്തേടി മഠത്തിലെത്തിയിരുന്നു.

ഭാര്യയും മക്കളുമില്ലാത്ത അദ്ദേഹം സ്വത്തുക്കൾവിറ്റ് പണം ബാങ്കിലിട്ട് ലോഡ്ജിലെ ഒറ്റമുറിയിൽ വാടകയ്ക്കു താമസിക്കുകയാണ്. പണം കൈപ്പറ്റാൻ കന്യാസ്ത്രീകൾ തയ്യാറായില്ല. ‘അപ്പച്ചന്റെ സ്നേഹം മാത്രംമതി’യെന്നു പറഞ്ഞു.

ഒടുവിൽ ഈ തുകയ്ക്ക് തയ്യൽമെഷീൻ വാങ്ങാൻ പറഞ്ഞ് നിർബന്ധിച്ച് ഏല്പിച്ചാണ് അദ്ദേഹം പോയത്. തയ്യൽജോലികളാണ് ഇപ്പോൾ കന്യാസ്ത്രീകളുടെ മുഖ്യവരുമാനം.