തദ്ദേശം വഴി തുടങ്ങി, തദ്ദേശ മന്ത്രിയായി; എന്നും സാധാരണക്കാരോടൊപ്പം നിലകൊണ്ട നേതാവ്

#ഫഹ്മി റഹ്മാനി
•  2004-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായി കുട്ടി അഹമ്മദ് കുട്ടി ഗവർണർ ആർ.എൽ. ഭാട്യയ്ക്കുമുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയൽ ചിത്രം)
•  2004-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായി കുട്ടി അഹമ്മദ് കുട്ടി ഗവർണർ ആർ.എൽ. ഭാട്യയ്ക്കുമുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയൽ ചിത്രം)

മലപ്പുറം: ബ്രിട്ടീഷ് ഭരണകൂടത്തിൽവരെ സ്വാധീനമുള്ള ആളായിരുന്നു കുട്ടി അഹമ്മദ് കുട്ടിയുടെ പിതാവ് സൈതാലിക്കുട്ടി മാസ്റ്റർ. താനൂർ കടലോരമേഖലയിലെ ആ കുടുംബത്തിൽ സാമ്പത്തികപരാധീനതകൾ ഉണ്ടായിരുന്നില്ല. കഴിയുംവിധം പാവങ്ങളെ സഹായിക്കാനും അവർ മുന്നിലുണ്ടായിരുന്നു.

ആ വീട്ടിൽ ജനിച്ചുവളർന്ന കുട്ടി അഹമ്മദ് കുട്ടി എന്നും സാധാരണക്കാരോടൊപ്പമാണ് നിലകൊണ്ടത്. താഴെത്തട്ടിൽ പ്രവർത്തിച്ച് പരിചയമുള്ള അദ്ദേഹത്തിന് ജനങ്ങളുടെ പ്രശ്‌നങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു. സാധാരണക്കാരായ സ്വന്തം നാട്ടുകാർക്കുവേണ്ടി രംഗത്തിറങ്ങാൻ അദ്ദേഹം ഒട്ടും മടിച്ചില്ല. ആ അനുഭവസമ്പത്തായിരുന്നു സൗമ്യനായ ആ രാഷ്ട്രീയക്കാരന്റെ കരുത്തും കാതലും.

സൈതാലിക്കുട്ടിക്ക് മുസ്‌ലിംലീഗ് നേതാവ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. അതുവഴിയാണ് കുട്ടി അഹമ്മദ് കുട്ടിയുടെ രാഷ്ട്രീയപ്രവേശം. താനൂർ പഞ്ചായത്തംഗമായാണ് പാർലമെന്ററി രാഷ്ട്രീയം തുടങ്ങിയത്. പിന്നീട് അതേ വകുപ്പിന്റെ മന്ത്രിയാകാനും അവസരമുണ്ടായി.

രണ്ടുതവണ താനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. 1991-ൽ മുസ്‌ലിംലീഗ് അദ്ദേഹത്തെ പ്രഥമ ജില്ലാ കൗൺസിലിലേക്ക് നിയോഗിച്ചു. ജില്ലാ കൗൺസിലിൽ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനുമായി.കൊളത്തൂർ ടി. മുഹമ്മദ് മൗലവി രാജിവെച്ചതോടെ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റുമായി.

പി. സീതിഹാജിയുടെ വിയോഗത്തെത്തുടർന്ന് താനൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് കുട്ടി അഹമ്മദ് കുട്ടി 1992-ൽ ആദ്യമായി നിയമസഭയിലെത്തിയത്. മലപ്പുറത്ത് യൂനുസ് കുഞ്ഞ് നേടിയ റെക്കോഡ് ഭൂരിപക്ഷത്തെ (27,000 വോട്ട്) മറികടക്കുന്നതായിരുന്നു അന്നത്തെ വിജയം. 1996, 2001, 2006 വർഷങ്ങളിൽ തിരൂരങ്ങാടിയിലും എം.എൽ.എ.യായി.

2004-ൽ ചെർക്കളം അബ്ദുള്ളയ്ക്ക് പകരക്കാരനായാണ് കുട്ടി അഹമ്മദ് കുട്ടിയെ പാർട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയാക്കിയത്. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള അനുഭവജ്ഞാനമാണ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശമന്ത്രിയായപ്പോൾ അദ്ദേഹത്തിന് ഏറ്റവും ഗുണം ചെയ്തത്.

2006 വരെയുള്ള കുറഞ്ഞ കാലമേ മന്ത്രിസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മികച്ച രീതിയിൽ പ്രവർത്തനം തുടങ്ങിയെങ്കിലും വിധി അദ്ദേഹത്തെ അപകടരൂപത്തിൽ വേട്ടയാടി. നട്ടെല്ലിനേറ്റ പരിക്ക് ശരീരത്തെ വല്ലാതെ തളർത്തി.

മനക്കരുത്തിന്റെ ബലത്തിൽ വൈകാതെ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം അവസാനകാലംവരെയും പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി പൂർത്തീകരിച്ചു. ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ പദവിയിലടക്കം കഴിവ് തെളിയിച്ചു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും പാർട്ടിയുടെ നയരൂപവത്കരണ ചുമതല കുട്ടി അഹമ്മദ് കുട്ടിക്കായിരുന്നു. ന്നുതവണ ജനപ്രതിനിധിയായവരെ മാറ്റിനിർത്താനുള്ള തീരുമാനത്തിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.

Content Highlights: Former minister Kutty Ahammed Kutty no more