'നയിക്കാൻ നായകൻ വരട്ടെ, മതേതര കേരളത്തിന്റ ഹൃദയമാണ് കെ.എം'; കൊച്ചിയിൽ ഫ്ലക്സുകൾ

#സ്വന്തം ലേഖിക
കെ.മുരളീധരനായി വെച്ച ഫ്ലക്സ് ബോർഡ്
കെ.മുരളീധരനായി വെച്ച ഫ്ലക്സ് ബോർഡ്

കൊച്ചി: കെ.മുരളീധരനായി കൊച്ചിയിലും ഫ്ലക്സ് ബോർഡുകൾ. 'നയിക്കാൻ നായകൻ വരട്ടെ' എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡ് ഗസ്റ്റ് ഹൗസിന് മുന്നിൽ സ്ഥാപിച്ചത്. നേരത്തേ തിരുവനന്തപുരത്തടക്കം കെ.മുരളീധരനായി ഫ്ലക്സുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലും മുരളീധരന്റെ പേരിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

'പ്രിയപ്പെട്ട കെ.എം നിങ്ങൾ മതേതര കേരളത്തിന്റ ഹൃദയമാണ്' എന്ന് തുടങ്ങുന്ന ഫ്ലക്സിൽ, 'വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ഇന്നലെകളിൽ എങ്ങനെയായിരുന്നോ അത് പോലെ തന്നെ ഇന്നും എന്നാളും ഞങ്ങളോടൊപ്പം മുരളിയേട്ടൻ ഉണ്ടാകണമെന്നും ഞങ്ങൾക്ക് ആവേശവും അഭിമാനവുമാണ് നിങ്ങൾ' എന്നും കുറിച്ചിരിക്കുന്നു.

നേരത്തേ തൃശൂരിലെ തോൽവിക്ക് പിന്നാലെ മുരളീധരൻ കോഴിക്കോട്ടേക്ക് പോയിരുന്നു. എന്നാൽ അതിന് ശേഷം മുരളീധരൻ കോൺഗ്രസിനെ നയിക്കണമെന്ന ആവശ്യം പാർട്ടിയുടെ പല കോണുകളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസ് വലിയ വിജയം നേടിയ വേളയിൽ കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ തന്നെയാണ് തുടരേണ്ടതെന്ന നിലപാടാണ് മുരളീധരൻ സ്വീകരിച്ചത്. 

മുരളീധരനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേര് വീണ്ടും ഉയർന്നു വരുന്നത്. നിലവിൽ എം.പി കൂടിയായ കെ.സുധാകരൻ തന്നെയാണ് കെപിസിസി പ്രസിഡന്റായി തുടരുന്നത്.

Content Highlights: Flexes in Kochi for k muraleedharan