കമഴ്ന്നിട്ടും മുങ്ങാതെ ബോട്ട്; അതിനുമേലെ 2 ദിവസം മരണഭീതിയിൽ 4 പേർ, ജൂഡിറ്റിന്റെ മുഖംപറയും ബാക്കി കഥ

വിഴിഞ്ഞം: കമഴ്ന്നിട്ടും മുങ്ങാതെകിടന്ന ഫൈബര്‍ വള്ളത്തിന്റെ മുകളിലിരുന്ന് ഉള്‍ക്കടലിനോട് പൊരുതി അവര്‍ കഴിഞ്ഞത് രണ്ടു ദിനരാത്രങ്ങള്‍. മരണം അടുത്തെത്തുംമുന്‍പ് പക്ഷേ, 'തിരുഹൃദയ'മെന്നെഴുതിയ ബോട്ട് അവരെ ജീവിതത്തിലേക്കു വലിച്ചുകയറ്റി. ആഴക്കടലില്‍ വള്ളംമുങ്ങി മരണത്തോടു പൊരുതിയ പൊഴിയൂര്‍ സ്വദേശികളായ നാലുപേരാണ് ആ ദിവസങ്ങളിലെ അനുഭവം പങ്കുവെച്ചത്.
പൊഴിയൂര്‍ സ്വദേശികളായ ജോസഫ്(50), മത്യാസ്(48), മുത്തപ്പന്‍(50) വിഴിഞ്ഞം മുക്കോല സ്വദേശി ജോണി(50) എന്നിവരെയാണ് തമിഴ്നാട് സ്വദേശി ആന്റണിയുടെ 'സെയ്ന്റ് ഹാര്‍ട്ട്' എന്ന ട്രോളിങ്‌ബോട്ട് രക്ഷപ്പെടുത്തിയത്. ലാസറിന്റെ ഫാത്തിമമാതാ എന്ന ഫൈബര്‍വള്ളത്തിലായിരുന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇവര്‍ നാലുപേര്‍ വിഴിഞ്ഞത്തുനിന്നു മീന്‍പിടിത്തത്തിനു പുറപ്പെട്ടത്. തീരത്തുനിന്ന് ഏതാണ്ട് എട്ട് നോട്ടിക്കല്‍ മൈല്‍ എത്തിയപ്പോഴേക്ക് ശക്തമായ മഴ വന്നു. കാറ്റിലുണ്ടായ വന്‍തിരകളില്‍ ഇവരുടെ വള്ളം ദിശതെറ്റി ഓടുകയും പിന്നീട് തലകീഴായി മറിയുകയുമായിരുന്നു. നാലുപേരും കടലിലേക്കു തെറിച്ചുവീണു. 'ഫൈബര്‍വള്ളമായതിനാല്‍ കമഴ്ന്നിട്ടും പൊങ്ങിത്തന്നെ കിടന്നതാണ് രക്ഷയായത്. നാലുപേരും നീന്തിയെത്തി കമഴ്ന്നുപോയ വള്ളത്തില്‍ പിടിച്ചുകിടന്നു.' -മുത്തപ്പന്‍ പറഞ്ഞു. പിന്നീട് ട്രോളിങ്‌ബോട്ടിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. എന്നാല്‍, 'അനു' എന്ന വള്ളത്തിലുണ്ടായിരുന്ന പുല്ലുവിള സ്വദേശി സ്റ്റെല്ലസിനെ കണ്ടെത്താനായില്ല.
വിഴിഞ്ഞത്ത് കടലില്‍ അകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നു മത്സ്യബന്ധനത്തിനു പോയി ഉള്‍ക്കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. വ്യാഴാഴ്ച രാത്രി ശക്തമായ തിരയില്‍പ്പെട്ടു മറിഞ്ഞ ഫാത്തിമമാത എന്ന വള്ളത്തിലെ നാലുപേരെ മൂന്നാംദിവസം തമിഴ്നാട് ഭാഗത്തെ ഉള്‍ക്കടലിലാണ് കണ്ടെത്തിയത്. എന്‍ജിനുകള്‍ തകരാറിലായി കടലില്‍ അകപ്പെട്ട മറ്റൊരു വള്ളത്തിലുണ്ടായിരുന്ന നാലുപേരെ ഫിഷറീസ് ബോട്ട് കണ്ടെത്തി തീരത്തെത്തിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന വിവരം ലഭിച്ചതോടെയാണ് വിഴിഞ്ഞം തീരത്തെ ആശങ്കയൊഴിഞ്ഞത്. അതേസമയം മറിഞ്ഞ 'അനു' എന്ന വള്ളത്തിലുണ്ടായിരുന്ന പുല്ലുവിള സ്വദേശി സ്റ്റെല്ലസിനെ ഇതുവരെ കണ്ടെത്താനായില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.
എന്‍ജിനുകള്‍ തകരാറിലായി കടലില്‍ അകപ്പെട്ട സഹായമാത എന്ന വള്ളത്തെ കുളച്ചല്‍ ഭാഗത്തെ ഉള്‍ക്കടലിലാണ് കണ്ടെത്തിയത്. വള്ളത്തിന്റെ ഉടമ റോബിന്‍സണ്‍, ഡേവിഡ്സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടവിവരം ഇവര്‍ വെള്ളിയാഴ്ച വീട്ടില്‍ അറിയിച്ചിരുന്നു. ബന്ധുക്കള്‍ മറ്റൊരു വള്ളത്തില്‍ അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ ഫിഷറീസ് വകുപ്പിന് ഇവര്‍ ലൊക്കേഷന്‍ അയച്ചു. ഫിഷറീസിന്റെ ബോട്ടാണ് സ്ഥലം കണ്ടെത്തി വൈകീട്ട് നാലോടെ ഇവരെ തിരിച്ചെത്തിച്ചത്. ഫാത്തിമമാത എന്ന വള്ളത്തിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തി എന്ന വിവരം വിഴിഞ്ഞം തീരത്ത് ലഭിക്കുന്നത് ശനിയാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ്. കന്യാകുമാരിയില്‍നിന്നു പോയ ട്രോളിങ്‌ബോട്ട് രാവിലെ 11-ഓടെയാണ് ഇവരെ കണ്ടെത്തിയത്.
ശക്തമായ തിരയില്‍ മറിഞ്ഞ വള്ളത്തിന്റെ മുകളില്‍ കയറിയിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍. വിഴിഞ്ഞത്തുനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളിലെ 17 പേരെയാണ് കാണാതായത്. ഇതില്‍ പുല്ലുവിള സ്വദേശി പി. ആന്റണി വള്ളംമറിഞ്ഞ് മരിച്ചു. ഇതേ വള്ളത്തിലുണ്ടായിരുന്ന സ്റ്റെല്ലസിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ നീന്തിരക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവരെല്ലാം രക്ഷപ്പെട്ടു.
Content Highlights: fishermen survived a capsized boat, spending two days