ഓപ്പറേഷൻ ‘ഓമനപ്പശു’ അടിപൊളിയായി, പശുവിനെ കൈയിൽ താങ്ങി അഗ്നിരക്ഷാസേന

മൈലപ്ര (പത്തനംതിട്ട): ഓമനപ്പശു പ്രസവിക്കുന്ന കിടാവ് ആദ്യം പത്തനംതിട്ട അഗ്നിരക്ഷാസേനയെ തിരക്കിയാലും അതിശയിക്കാനൊന്നുമില്ല. കാരണം, അവസാനിച്ചുപോകുമായിരുന്ന ജീവൻ തിരിച്ചുമേടിച്ചുകൊടുത്ത അവരോട് അമ്മയ്ക്കും കിടാവിനും അത്രമേൽ കടപ്പാടുണ്ട്. 35 അടി താഴ്ചയുള്ള കുഴിയുടെ മധ്യഭാഗത്തായി കഴുത്തിലെ കയറിൽ തൂങ്ങി രണ്ടുദിവസം ഒരേ കിടപ്പ്. മരണത്തെ മുഖാമുഖംകണ്ട മണിക്കൂറുകൾ. മൈലപ്ര പഞ്ചായത്തുപടിയിൽ മാധവവിലാസത്തിൽ സരളയുടെ ‘ഓമന’യെന്ന പശുവിന്റെ ജീവിതത്തിലേക്കുള്ള പിന്നീടത്തെ തിരിച്ചുവരവ് അതിശയിപ്പിക്കുന്നതാണ്. അഗ്നിരക്ഷാസേനാംഗങ്ങളുടെ കൈകളിലേറി തൊഴുത്തിലെത്തിയ അവളിപ്പോൾ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തി തുടങ്ങി.
ഗർഭിണിയായ പശുവിനെ കഴിഞ്ഞ ഞായറാഴ്ച പുല്ലുമേയാൻ പറമ്പിൽ കെട്ടിയപ്പോഴാണ് അപകടമുണ്ടായത്. തിട്ടയ്ക്ക് അരികിലേക്കുപോയ പശു 35 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണുപോയി. കയർ അഴിഞ്ഞുപോകുകയോ പൊട്ടുകയോ ചെയ്യാതിരുന്നതിനാൽ പശു താഴേക്കുവീണില്ല. പ്രദേശവാസികളുടെ സഹായത്തോടെ ഞായറാഴ്ചയും തിങ്കളാഴ്ചയും പശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കയറിൽ തൂങ്ങിക്കിടക്കുന്ന ചത്തുപോകുമെന്ന് ഉറപ്പാക്കിയ ചിലർ ഇതിനിടെ ഇറച്ചിവെട്ടുകാരെയും വിളിച്ചുവരുത്തി. എന്നാൽ, ലാളിച്ചു വളർത്തിയ പശുവിനെ ഇറച്ചിവെട്ടുകാർക്ക് നൽകാൻ സരളയ്ക്ക് മനസ്സുവന്നില്ല.
തുടർന്ന് പഞ്ചായത്തംഗത്തിന്റെ നിർദേശപ്രകാരം പത്തനംതിട്ട അഗ്നിരക്ഷാസേനയുടെ സഹായം തേടി. സ്ഥലത്തെത്തിയ സേനാംഗങ്ങളും ആദ്യം കുഴങ്ങി. താഴേക്കിട്ടാലും മുകളിലേക്ക് വലിച്ചുകയറ്റിയാലും പശു ചത്തുപോകുമെന്ന വിഷമവൃത്തിലായിരുന്നു അവർ. പിന്നീട് മണ്ണുമാന്തി യന്ത്രംവെച്ച് അതിലേക്ക് പശുവിനെ ഇറക്കാമെന്ന തീരുമാനത്തിലെത്തിയെങ്കിലും സരളയുടെ കയ്യിൽ ഇതിനുള്ള സാമ്പത്തികമുണ്ടായിരുന്നില്ല. ഇതോടെ സേനാംഗങ്ങൾ കയറും താങ്ങും പഴയ ഹോസും മറ്റുമുപയോഗിച്ച് പരീക്ഷണത്തിന് ഇറങ്ങി. സാഹസികമായി അവർ പശുവിനെ കരയ്ക്കെത്തിച്ചു. അവിടെനിന്ന് കയ്യിൽ ചുമന്ന് സരളയുടെ വീട്ടിലെ തൊഴുത്തിലും എത്തിച്ചു.
ഡോക്ടറുടെ നിർദേശപ്രകാരം പശുവിനെ തൊഴുത്തുമായി ബന്ധിപ്പിച്ച് കയർ കെട്ടി ഉയർത്തി നിർത്തിയശേഷമാണ് മടങ്ങിയത്. തീറ്റയും വെള്ളവും എടുത്ത് തുടങ്ങിയ പശു ആരോഗ്യം വീണ്ടെടുത്തു. താങ്ങില്ലാതെ ചൊവ്വാഴ്ച വൈകീട്ടോടെ നിന്നുതുടങ്ങിയിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.സാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. രഞ്ജിത്, ഫയർആൻഡ് റെസ്ക്യൂ ഓഫീസർമാരായ അസീം അലി, മോഹനൻ, വിഷ്ണു വിജയ്, അനുരാജ്, മായ, അഞ്ജു, ഹോംഗാർഡ്മാരായ ലതാ പ്രദീപ്, പ്രസന്നൻ, അജയകുമാർ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പശുവിനെ രക്ഷിച്ചത്.
Content Highlights: A pregnant cow, stuck for two days in a 35ft pit, was heroically rescued by the Pathanamthitta Fire and Rescue Services, saving it from butchers.