ഫെഡറല്‍ ബാങ്ക് സ്പീക്ക് ഫോര്‍ ഇന്ത്യ: ആവേശം പകര്‍ന്ന് 'ആശയപ്പോരാട്ടം'

കൊച്ചി കളമശ്ശേരി എസ്.സി.എം. എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഫെഡറല്‍ ബാങ്ക് സ്പീക്ക് ഫോര്‍ ഇന്ത്യ കേരള എഡിഷന്‍ ഒന്‍പതാം സീസണിലെ സെമിഫൈനല്‍ മത്സരാര്‍ഥികള്‍ മുഖ്യാതിഥി ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മിഷണര്‍ ജ്യോതിസ് മോഹനനും ഫെഡറല്‍ ബാങ്ക് മാര്‍ക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി. അമിത് കുമാറിനും മറ്റ് വിശിഷ്ടാതിഥികള്‍ക്കുമൊപ്പം
കൊച്ചി കളമശ്ശേരി എസ്.സി.എം. എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഫെഡറല്‍ ബാങ്ക് സ്പീക്ക് ഫോര്‍ ഇന്ത്യ കേരള എഡിഷന്‍ ഒന്‍പതാം സീസണിലെ സെമിഫൈനല്‍ മത്സരാര്‍ഥികള്‍ മുഖ്യാതിഥി ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മിഷണര്‍ ജ്യോതിസ് മോഹനനും ഫെഡറല്‍ ബാങ്ക് മാര്‍ക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി. അമിത് കുമാറിനും മറ്റ് വിശിഷ്ടാതിഥികള്‍ക്കുമൊപ്പം

കൊച്ചി: ''സംവാദങ്ങള്‍ ഉണ്ടാകണം, ജീവിതത്തില്‍ ഉടനീളം. അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ കൃത്യമായ നിലപാടുകള്‍ ഉണ്ടെന്നതിന്റെ അടയാളമാണ്...'' ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മിഷണര്‍ ജ്യോതിസ് മോഹന്റെ വാക്കുകള്‍ ആശയങ്ങളുടെ വാക്പോരാട്ടത്തിനുള്ള കൃത്യമായ ഫ്‌ലാഗ് ഓഫായിരുന്നു. വാദവും പ്രതിവാദവുമുയര്‍ത്തി ആ വേദിയില്‍ അണിനിരന്ന കലാലയ യുവത്വത്തിന്റെ പോരാട്ടം അവസാനിച്ചപ്പോള്‍ എട്ടുപേര്‍ 'മാതൃഭൂമി'യും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'സ്പീക്ക് ഫോര്‍ ഇന്ത്യ'യുടെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫെഡറല്‍ ബാങ്കിന്റെ ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മത്സരം നടത്തുന്നത്. തിങ്കളാഴ്ച കളമശ്ശേരി എസ്സിഎംഎസ് കോളേജിലായിരുന്നു സെമിഫൈനല്‍ മത്സരം.

'ഉദാരമായ മൂല്യനിര്‍ണയം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു' എന്ന വിഷയത്തിലായിരുന്നു സംവാദം. പരീക്ഷയിലെ മാര്‍ക്കും ഗ്രേഡും ഒരാളുടെ ഭാവിയിലേക്കുള്ള സൂചനയാണെന്ന കാര്യം മനസ്സിലാക്കി വേണം മൂല്യനിര്‍ണയത്തെ സമീപിക്കേണ്ടതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഉദാരമായ മൂല്യനിര്‍ണയം ഉപരിപ്ലവമായ ഫലത്തെയാണ് സമ്മാനിക്കുന്നത്. ഇത് ഒരു വിദ്യാര്‍ഥിയിലെ നല്ലതിനെ പുറത്തുകൊണ്ടുവരുന്നില്ല. അങ്ങനെ വരുമ്പോള്‍ ആത്യന്തികമായി അത് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനെ ബാധിക്കുമെന്ന് മറുഭാഗം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലെ തേജസ് കൃഷ്ണ, കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ധീരജ് ശ്രീകുമാര്‍, ബെനറ്റ് വര്‍ഗീസ്, തൃശ്ശൂര്‍ നെഹ്റു കോളേജ് ഓഫ് ഫാര്‍മസിയിലെ നസറിന്‍ നൗഷാദ്, കൊല്ലം ഗവ. മെഡിക്കല്‍ കോളേജിലെ ദിയ ട്രീസ തോമസ്, കേരള യൂണിവേഴ്സിറ്റിയിലെ കെ.ആര്‍. പ്രിവിയ, എച്ച്.എസ്. ആദര്‍ശ്, കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിലെ പ്രണവ് മോഹന്‍ എന്നിവരാണ് സെമിയിലെ അങ്കം ജയിച്ച് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ടിക്കറ്റ് നേടിയത്.

ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മിഷണര്‍ ജ്യോതിസ് മോഹന്‍ സെമിഫൈനല്‍ പോരാട്ടം ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് - മാര്‍ക്കറ്റിങ് പി. അമിത് കുമാര്‍, തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ റിട്ട. ഇംഗ്ലീഷ് വിഭാഗം മേധാവി എന്‍.ആര്‍. അനില്‍കുമാര്‍, 'മാതൃഭൂമി ന്യൂസ്' എക്‌സിക്യുട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

ചടങ്ങില്‍ 'മാതൃഭൂമി' സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, മീഡിയ സൊലൂഷന്‍സ് (പ്രിന്റ്) അസി. ജനറല്‍ മാനേജര്‍ വിഷ്ണു നാഗപ്പള്ളി, ഡെപ്യൂട്ടി ചീഫ് മാനേജര്‍ കെ. അനീഷ്, യൂണിറ്റ് മാനേജര്‍ ഐശ്വര്യ ദാസ്, എസ്സിഎംഎസ് കോളേജ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ സനല്‍ പോറ്റി എന്നിവര്‍ പ്രസംഗിച്ചു.


 

Content Highlights: 8 college students selected for Federal Bank Speak for India Grand Finale