പ്രഥമ അശോകപുരം നാരായണൻ മാധ്യമ അവാർഡ് മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോടിന്

ആലുവ: മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന അശോകപുരം നാരായണന്റെ സ്മരണാർഥം അശോകപുരം നാരായണൻ ഫൗണ്ടേഷനും കെ.ജെ.യു. ആലുവ മേഖലാ കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി.
കേരളത്തിലെ നെല്ലറകളിൽ ഒന്നായ പൊന്നാനിയിലെ നെൽകർഷകരുടെ കണ്ണീരും ദുരിതവും വിവരിച്ച് 'പൊന്നാനി നെല്ലറയ്ക്ക് എന്തുപറ്റി?' എന്ന തലക്കെട്ടിൽ അഞ്ച് ദിവസങ്ങളിലായി മാതൃഭൂമി മലപ്പുറം എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 10,001 രൂപയും ശിലാഫലകവും മംഗളപത്രവും അടങ്ങുന്നതാണ് അവാർഡ്.
കഴിഞ്ഞ 16 വർഷമായി മാതൃഭൂമി ലേഖകനായി പ്രവർത്തിക്കുന്ന ഫാറുഖ് വെളിയങ്കോട് നിലവിൽ വന്നേരിനാട് പ്രസ് ഫോറം ജനറൽ സെക്രട്ടറിയാണ്. ജൂലൈ ആദ്യവാരം ആലുവയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ എം.പി. ജോസഫും കൺവീനർ ബേബി കരുവേലിലും അറിയിച്ചു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, മേഖല സെക്രട്ടറി എം.പി. നിത്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Inaugural Ashokanpuram Narayanan State Media Award winner announced., Farook Veliyankode recognized for his report on Ponnani paddy farmers., Award includes a cash prize of 10,001 INR, plaque, and citation., Award ceremony scheduled for next month in Aluva.