ക്ഷേത്രത്തിലേക്ക് ഗൂഗിൾമാപ്പ് നോക്കിപ്പോയി ചെളിയിൽ കുടുങ്ങി കുടുംബം; രക്ഷകരായി പോലീസും നാട്ടുകാരും

തിരുവില്വാമല: തിരുവോണദിനത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ ക്ഷേത്രദര്‍ശനത്തിനിറങ്ങിയ കുടുംബം ഒറ്റപ്പെട്ട തോട്ടത്തില്‍ കുടുങ്ങിയത് രണ്ട് മണിക്കൂര്‍. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തിരുവില്വാമലയിലെ ഒരു പൈനാപ്പിള്‍ തോട്ടത്തില്‍ ചെളിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഇവര്‍ പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. പാലക്കാട് കോട്ടായിയില്‍നിന്നും തിരുവില്വാമല പൂതനക്കര ശിവക്ഷേത്രത്തിലേക്ക് വന്നതായിരുന്നു കുടുംബം.
പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ശിവകുമാറും സിപിഒ മുഹമ്മദ് ഷാനും ഇവര്‍ അയച്ചു നല്‍കിയ ലൊക്കേഷനിലേക്ക് പുറപ്പെട്ടു. പക്ഷേ, ലൊക്കേഷന്‍ പ്രകാരം സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ കാര്‍ കുടുങ്ങിയ സ്ഥലത്തെ പാറകളും മരങ്ങളും അടയാളം നല്‍കിയതോടെ പോലീസ് സ്ഥലം കണ്ടെത്തുകയായിരുന്നു.
രണ്ട് സ്ത്രീകളും കുഞ്ഞുമാണ് വഴി തെറ്റിയ വാഹനത്തിലുണ്ടായിരുന്നത്. കാര്‍ തോട്ടത്തിലെ വഴിയിലെ ചാലില്‍ താഴ്ന്ന നിലയിലായിരുന്നു. പോലീസിനും വാഹനം ഉയര്‍ത്താനായില്ല.
തുടര്‍ന്ന് പ്രദേശവാസികളായ സുജിത്, ശ്രീജിത്, രഞ്ജിത്ത്, വിഷ്ണു, രാജു വെട്ടുകാടന്‍ എന്നിവരെ സഹായത്തിനായി പോലീസ് വിളിച്ചു വരുത്തി. അവരുടെ വാഹനത്തില്‍ കയര്‍ കെട്ടിവലിച്ച് ചെളിയില്‍ താഴ്ന്ന വാഹനം പുറത്തെടുത്തു. കുടുംബം പോലീസിനും യുവാക്കള്‍ക്കും നന്ദി അറിയിച്ച് ക്ഷേത്രദര്‍ശനവും നടത്തിയാണ് മടങ്ങിയത്.
Content Highlights: A family on their way to a temple got their car stuck in mud after following Google Maps