'ആരോടും ചെയ്യരുത്'; മ്ലാവിറച്ചിയെന്നാരോപിച്ച് ജയിലിലടച്ചു, സുജീഷിന് കൈവിട്ടുപോയത് സ്വന്തംജീവിതം

സുജീഷ്, പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
സുജീഷ്, പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂര്‍: ''എന്റെ ജോലിയും ജീവിതവുമെല്ലാം ഈ കേസിന്റെ പേരില്‍ നഷ്ടപ്പെട്ടു. മാനസികമായി തകര്‍ന്നു. പലപ്പോഴും ആത്മഹത്യചെയ്യാന്‍പോലും തോന്നി. ഉറക്കമില്ലാത്ത അവസ്ഥ വന്നതോടെ ചികിത്സ തേടേണ്ടിവന്നു''. മ്ലാവിറച്ചിതിന്നുവെന്ന പേരില്‍ രണ്ടാംപ്രതിയായി ജയിലില്‍ കിടക്കേണ്ടിവന്ന സുജീഷിന്റെ വാക്കുകള്‍ പലപ്പോഴും ഇടറി.

ചാലക്കുടിയില്‍ ചുമട്ടുതൊഴിലാളിയായി ജോലിനോക്കുകയായിരുന്നു സുജീഷ്. ഇതിനൊപ്പം മേച്ചിറയില്‍ ചിക്കന്‍സ്റ്റാളും നടത്തിയിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് പങ്കിട്ടെടുത്ത പോത്തിറച്ചിയാണ് സുജീഷിനെ കുടുക്കിയത്.

ഇങ്ങനെ കിട്ടിയ ഇറച്ചി ഒന്നാംപ്രതിയാക്കിയ ജോബിക്ക് നല്‍കിയിരുന്നു. ഇറച്ചി കൊടുത്ത ശേഷം 20 ദിവസം കഴിഞ്ഞാണ് പോലീസ് ജോബിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇതിനു ശേഷം 2024 ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെ വീട്ടില്‍നിന്നാണ് വനംവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നത്.

''സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ജോബിയെ അറിയുമോ എന്ന് ചോദിച്ചു. മേശപ്പുറത്ത് ഇരിക്കുന്നത് കാട്ടിറച്ചി ആണെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. ഞാന്‍ കൊടുത്തത് ബീഫാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. കാട്ടിറച്ചിയല്ലെന്ന് തെളിയിക്കാനാണ് പറഞ്ഞത്''. -സുജീഷ് പറയുന്നു.

''മാനസികവും ശാരീരികവുമായി ഉപദ്രവിച്ച് കേസ് എന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നു. ഇരിങ്ങാലക്കുട സബ് ജയിലില്‍ 35 ദിവസം കിടന്നതോടെ ആകെ തകര്‍ന്നു. പ്രതിയായതോടെ യൂണിയനില്‍നിന്ന് പുറത്തായി. ജോലിയും വരുമാനവും ഇല്ലാതായതോടെ വീട്ടിലും നിരന്തരം പ്രശ്‌നങ്ങളായി. വിവാഹമോചനത്തിലേക്കുവരെ കാര്യങ്ങളെത്തി.

രണ്ടു മക്കളെ നോക്കാനായി ഇപ്പോള്‍ വാടകയ്‌ക്കെടുത്ത ഓട്ടോ ഓടിക്കുകയാണ്. സമൂഹത്തിനു മുന്നില്‍ അപമാനിക്കപ്പെട്ടതോടെ മാനസികനില തെറ്റുന്ന സ്ഥിതിയായി. എന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും അനുഭവിച്ചതൊന്നും മറക്കാനാകില്ല''. കണ്ണുതുടച്ച് സുജീഷ് പറഞ്ഞു.

ഒരാള്‍ക്കും ഇത്തരത്തില്‍ അനുഭവമുണ്ടാകരുത്. അതിനായി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് സുജീഷ്.

Content Highlights: Sujeesh, wrongly jailed for consuming wild meat, shares his ordeal, loss of job, family issues