മുകേഷ്... മായ്ച്ചുകളയാനാവാത്ത ഈ അടയാളങ്ങൾക്കപ്പുറം നീ എനിക്ക് ആരാണ്?

നാട്ടുകാരനായിരുന്നു. മാതൃഭൂമിയിലെ സഹപ്രവര്‍ത്തകനായിരുന്നു. 'അതിജീവനം' പോലൊരു കോളത്തിന്റെ അധിപനായിരുന്നു. അരികുപറ്റിക്കിടന്ന കാഴ്ചകള്‍ ജനമധ്യത്തിലേക്ക് വലിച്ചിട്ട കാമറാമാനായിരുന്നു. എന്നിട്ടും, മരണശേഷമാണ് നിന്നെ ഞാന്‍ പരിചയപ്പെടുന്നത്. ജീവിച്ചിരുന്നപ്പോള്‍ തീര്‍ത്തും അന്യനായിരുന്നു നീ, അപരിചിതനായിരുന്നു. ഫോട്ടോ കണ്ടിട്ടില്ല,
'നമ്മുടെ ചാനല്‍ കാമറാമാന്‍ മുകേഷിനെ കാട്ടാന ആക്രമിച്ചു' - മാതൃഭൂമി ഗ്രൂപ്പില്‍ വന്ന ഈ സന്ദേശം മുതലാണ് നിന്നെ അറിയുന്നത്. പിന്നാലെ 'അവന്‍ പോയി, പരപ്പനങ്ങാടിക്കാരനാണ്, വീട്ടില്‍ അറിയിച്ചിട്ടില്ല' തുടങ്ങിയ സന്ദേശങ്ങളും വന്നു.
നിന്റെ വീട് കണ്ടെത്താനും അവിടെ അറിയിക്കാനുമുള്ള നിയോഗം എങ്ങനെയോ എന്റെ തലയിലായി. ന്യൂസ് എഡിറ്റര്‍ ആര്‍. ഗിരീഷ്‌കുമാറും ബ്യൂറോ ചീഫ് ബിജു സി.പി.യും നിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. നഗരസഭാ കൗണ്‍സിലര്‍ മുത്തുക്കാക്കയെ (പി.വി. മുസ്തഫ) വിളിച്ച് വീട് കണ്ടെത്തി. ഹനീഫ വക്കീലിന്റെ (അഡ്വ. എന്‍. മുഹമ്മദ് ഹനീഫ) തൊട്ടടുത്ത വീടാണെന്ന് കേട്ടപ്പോള്‍ ചെറിയൊരാശ്വാസം. പരപ്പനങ്ങാടി ലേഖകൻ ഇഖ്ബാൽ പാലത്തിങ്ങലിനൊപ്പം അങ്ങോട്ട് പുറപ്പെട്ടു. പക്ഷേ, നിന്റെ ആ ചെറിയ വീട് കണ്ടപ്പോള്‍ത്തന്നെ എല്ലാ ധൈര്യവും ചോര്‍ന്നുപോയി. അയല്‍ക്കാരന്‍ വേണുവേട്ടന്റെ (വേണുഗോപാല്‍ ചൂതപ്പള്ളി) വീട്ടിലിരുന്ന് എങ്ങനെ വിവരം അറിയിക്കുമെന്ന ആലോചനയിലായി ഞങ്ങള്‍.
നിന്റെ അമ്മ ദേവിയും സഹോദരി ഹരിതയുടെ മകന്‍ ആദിദേവും (അഞ്ച് വയസ്സ്) മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അതിനിടെ മീന്‍കാരന്‍ വന്നു, അമ്മ മീനും വാങ്ങി. ഇന്ന് മീന്‍ വാങ്ങേണ്ടെന്ന് പറയാന്‍ പറ്റില്ലല്ലോ. രണ്ടും കല്‍പ്പിച്ച് വേണുവേട്ടനും മുത്തുക്കാക്കയും ഇഖ്ബാലും
ഞാനും നിന്റെ വീട്ടിലേക്ക് പോയി. 'മുകേഷിന്റെ ഓഫീസിലെ ആളാണ്. അവന് ചെറിയൊരു അപകടം പറ്റി, പേടിക്കാനൊന്നുമില്ല' ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. അമ്മ ആകെ തരിച്ചുപോയി. അവരുടെ കണ്ണുകള്‍ മലക്കംമറിയുന്നു, വാ തുറന്നു നില്‍ക്കുന്നു. എം.എന്‍. വിജയന്‍ മാഷിന്റെ മരണ സമയത്തിന് സമാനമായിരുന്നു ആ രംഗം.
'എന്റെ കുട്ടന് എന്താണ് പറ്റിയത്' എന്ന ചോദ്യത്തിന് പിന്നാലെ അമ്മ കരച്ചിലായി. ടി.വി. വെച്ചുനോക്കട്ടെ എന്നുപറഞ്ഞ് അകത്തേക്കോടി. ഭാഗ്യത്തിന് അപ്പോള്‍ ടി.വി.യില്‍ വാര്‍ത്ത വന്നിട്ടില്ല. പിന്നെ, ഇടക്കിടെ ചോദിച്ചുകൊണ്ടിരുന്നു 'എന്റെ മോനെന്താണ് പറ്റിയത്?' 'പറയെടാ മോനേ' - എന്നുപറഞ്ഞ് കെട്ടിപ്പിടിക്കുന്നു. ഒന്നുമില്ല, അവനിങ്ങോട്ട് വരുമെന്ന് അമ്മയോട് പലകുറി കള്ളം പറയേണ്ടിവന്നു.
ആളുകള്‍ വന്നുതുടങ്ങി. എന്താണ് ആള്‍ക്കാരെല്ലാം വരുന്നതെന്നായി അമ്മയുടെ ചോദ്യം. പിന്നെ അവിടെ നില്‍ക്കാനുള്ള കരുത്തില്ലായിരുന്നു. അപ്പോഴേക്കും മലപ്പുറം ഓഫീസിലെ ചാനല്‍ സംഘമെത്തി. അരുണും (അരുണ്‍ അമൃതനാഥ്) പ്രജോഷും (പ്രജോഷ്‌കുമാര്‍) അനിലേട്ടനും (കെ.കെ. അനില്‍കുമാര്‍) എത്തിയപ്പോള്‍ വല്ലാത്ത ആശ്വാസമായി. അമ്മ അരുണിനെ കെട്ടിപ്പിടിച്ച് 'മോനേ, ഓന്റെ തുണയല്ലേ നീ. ഓനെന്താണ് പറ്റിയതെന്ന് നീയെങ്കിലും പറയെടാ' എന്നായി. അരുണ്‍ നിന്ന് ഉരുകുന്നതാണ് കണ്ടത്. അമ്മയെ കസേരയിലിരുത്തി അവന്‍ മാറിക്കളഞ്ഞു.
പന്തലും കസേരകളും എത്തിയതോടെ അമ്മയുടെ ചോദ്യത്തിനും കരച്ചിലിനും കനം കൂടിക്കൂടിവന്നു. അപ്പോഴേക്കും ഗിരീഷേട്ടനും ബിജുവേട്ടനും റീജനല്‍ മാനേജറും (സി. സുരേഷ്‌കുമാര്‍) നന്ദേട്ടനും പ്രശാന്തേട്ടനും അജിത്ത് ശങ്കരനും രേഷ്നിച്ചേച്ചിയും ഉഷച്ചേച്ചിയുമെല്ലാം എത്തിയിരുന്നു. സമ്മര്‍ദ്ദം പങ്കിടാന്‍ ആളായതോടെ കൂടുതല്‍ ആശ്വാസമായി, കാര്യങ്ങള്‍ വേഗത്തിലായി. ബന്ധുക്കളെ കൂട്ടി കോഴിക്കോട്ടെ മാനേജര്‍ മണിയേട്ടന്‍ പാലക്കാട്ടേക്ക് തിരിച്ചു.
രാത്രി ഒരു മണിയോടെയാണ് മുകേഷേ, നീ വീട്ടിലേക്കെത്തിയത്, ആംബുലന്‍സില്‍. സുജി പട്ടാമ്പിയും അരുണ്‍ ശങ്കറുമടക്കം പലരുമുണ്ടായിരുന്നു നിന്റെയൊപ്പം. മറ്റു വാഹനങ്ങളിലായി നിന്റെ ടിഷമോളും അവളുടെ വീട്ടുകാരുമെത്തി. നിങ്ങള്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ഭീകരമായി കാറ്റടിക്കുന്നുണ്ടായിരുന്നു. നീ വന്നിറങ്ങിയതോടെ പ്രകൃതി അടങ്ങി, ശാന്തമായി. പിന്നെ ഉയര്‍ന്നത് മനുഷ്യരുടെ നിലവിളികള്‍ മാത്രം. അതിനിടെ ഞാന്‍ നിന്നെ കണ്ടു. നമ്മുടെ ആദ്യ കൂടിക്കാഴ്ച! പിന്നെയും പലകുറി കണ്ടു, തൊട്ടു.
ഇപ്പോള്‍ എനിക്കും നീ കുട്ടനാണ്, കൂട്ടുകാരനാണ്, മറക്കാന്‍ ശ്രമിക്കുന്തോറും അള്ളിപ്പിടിക്കുന്ന ഓര്‍മകളാണ്. ഓര്‍മകള്‍ മരിക്കില്ലല്ലോ, കുട്ടനും മരിക്കില്ല.
ഇപ്പോള്‍ നിന്നെ എനിക്കറിയാം, വളരെ കുറച്ചാണെങ്കിലും. ചെറുപ്രായത്തില്‍ അച്ഛന്‍ മരിച്ചത്, അമ്മ തയ്യല്‍പ്പണി ചെയ്ത് നിങ്ങളെ വളര്‍ത്തിയത്, നാട്ടുകാര്‍ വീട് വെച്ചുതന്നത്, ടിഷയോടുള്ള ഇഷ്ടം, അവളുടെ വീട്ടുകാരോടുള്ള കരുതല്‍, നാട്ടുകാരോടും സഹപ്രവര്‍ത്തകരോടുമുള്ള ബന്ധം, നിന്റെ സ്വപ്നങ്ങള്‍...
നിന്റെ ജീവിതം തന്നെ വല്ലാത്തൊരു അതിജീവനമായിരുന്നു! 34 വയസ്സിനിടെ ഇതെല്ലാം എങ്ങനെയാണ് നീ ചെയ്തുകൂട്ടിയത് ? മായ്ച്ചുകളയാന്‍ കഴിയാത്ത എത്രയെത്ര അടയാളങ്ങളാണ് നീ ബാക്കിവെച്ചത് !
കുട്ടാ, നീ വഴി നല്ല കുറെ മനുഷ്യരെ തിരിച്ചറിയാനായി. സംഭവം അറിഞ്ഞതുമുതല്‍ വീടുപൂട്ടിയിറങ്ങി ഓടി നടന്ന വേണുവേട്ടന്‍, അമ്മക്ക് കൂട്ടിരുന്ന വേണുവേട്ടന്റെ ഭാര്യ ചിത്രച്ചേച്ചി,
സ്വന്തം വാര്‍ഡ് അല്ലെങ്കിലും രണ്ടുദിവസം ഒപ്പം നിന്ന മുത്തുക്കാക്ക, നിന്റെ ബന്ധുക്കള്‍ക്കും സന്ദര്‍ശകര്‍ക്കുമായി വീട് തുറന്നിട്ട ഹനീഫ വക്കീല്‍... അങ്ങനെയങ്ങനെ...
പ്രതിസന്ധിഘട്ടത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന, ചേര്‍ത്തുനിര്‍ത്തുന്ന മാതൃഭൂമി കുടുംബത്തിന്റെ കരുത്തും തിരിച്ചറിയുന്നു ഞങ്ങള്‍...
Content Highlights: fahmi rahmani emotional letter to av mukesh