ജനത്തിന് തെറ്റിയതല്ല, പാർട്ടിക്ക് പിഴച്ചെന്ന് പിബിയുടെ തിരുത്ത്; നേതൃമാറ്റങ്ങൾക്കും വഴിയൊരുങ്ങുമോ?

സംഭവിച്ച വീഴ്ചകളും പോരായ്മകളും തിരിച്ചറിഞ്ഞും തിരുത്തലിന് സന്നദ്ധമായും സിപിഎം. ആ നീക്കത്തിന് നെടുനായകത്വം വഹിക്കുന്നത് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയും. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും ചില സ്ഥാനാർഥിത്വങ്ങളിൽ നേതൃത്വത്തിന് പിഴവുണ്ടായെന്നും പാർട്ടി വിലയിരുത്തുന്നു. കോഴിക്കോട്ട് മൂന്നുദിവസങ്ങളിലായി നടന്ന വിശാല സംസ്ഥാന സമിതിയോഗത്തിന് ശേഷം പിബിയുടെ നേതൃത്വത്തിൽ തിരുത്തൽ നടപ്പിലാക്കുമ്പോൾ അത് ഫലത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അപ്രമാദിത്വത്തിന് ഏൽക്കുന്ന തിരിച്ചടികൂടെയാണെന്ന് വ്യക്തം.
അസാധാരണവും അപ്രതീക്ഷിതവുമായ നീക്കങ്ങൾ
പാർട്ടി സെക്രട്ടറിയെ ശാസിച്ചത് അടക്കം അസാധാരണ നടപടികൾക്കാണ് വിശാല സംസ്ഥാന സമിതിയോഗം സാക്ഷ്യംവഹിച്ചത്. പി.കെ. ശ്യാമളയുടെ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥിത്വം പിഴച്ചെന്ന് പാർട്ടി വിലയിരുത്തിയതാണ് എം.വി ഗോവിന്ദനെ ശാസിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്‌സൺകൂടിയായ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് അകത്തും പുറത്തും വലിയവിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും തീരുമാനവുമായി പാർട്ടി മുന്നോട്ടുപോവുകയായിരുന്നു. തളിപ്പറമ്പിൽ ഒരു വനിത സ്ഥാനാർഥിയാകട്ടേ എന്ന നിർദേശം വന്നപ്പോൾ ഉയർന്നുവന്നത് എൻ. സുകന്യയുടെ പേരായിരുന്നു. എന്നാൽ പിന്നീട് അപ്രതീക്ഷിതമായി പി.കെ. ശ്യാമളയുടെ പേര് വരുന്ന രാഷ്ട്രീയ സാഹചര്യമുണ്ടാവുകയായിരുന്നു. സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ടി.കെ. ഗോവിന്ദനാണ് ശ്യാമളയെ പരാജയപ്പെടുത്തിയതെന്നതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.
കരുത്തനായി പി. ജയരാജൻ
പി. ജയരാജൻ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ സംഗതി. അദ്ദേഹത്തെ കൂടാതെ വി. ശിവൻകുട്ടിയും എം.ബി. രാജേഷും സെക്രട്ടേറിയറ്റിലേക്ക് എത്തുകയാണ്. 2025-ൽ കൊല്ലത്തുനടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ജയരാജൻ സെക്രട്ടേറിയറ്റിൽ ഉൾപ്പെടാതെവന്നപ്പോൾ, ഇനി അദ്ദേഹത്തിന് അങ്ങനൊരു അവസരം ഉണ്ടാകില്ല എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. അന്ന് 72 വയസ്സായിരുന്നു ജയരാജന് പ്രായം. പാർട്ടിയിലെ നേതൃപദവികൾക്ക് സിപിഎം നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി 75 വയസ്സായതിനാലും അടുത്ത സംസ്ഥാന സമ്മേളനത്തിൽ ജയരാജൻ പ്രായപരിധി പിന്നിടുമെന്നതിനാലും ആയിരുന്നു ഇത്. എന്നാൽ, ഇപ്പോൾ 73 വയസ്സുകാരനായ അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തുന്നു. രാഷ്ട്രീയമായി വലിയൊരു തിരിച്ചുവരവാണിതെന്ന് നിസ്സംശയം പറയാം. ജയരാജനെ കൂടാതെ വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ജോൺ ബ്രിട്ടാസ് എന്നിവരും സെക്രട്ടേറിയറ്റിലേക്ക് എത്തുന്നുണ്ട്.
പി. ജയരാജൻകൂടി എത്തിയതോടെ മൂന്ന് ജയരാജൻമാരും (എം.വി. ജയരാജൻ, ഇ.പി. ജയരാജൻ, പി. ജയരാജൻ) സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായെന്ന പ്രത്യേകത കൂടിയുണ്ട്. ഇ.പി. ജയരാജൻ കഴിഞ്ഞാൽ സീനിയോരിറ്റിയുള്ളത് പി. ജയരാജന് ആയിരുന്നെങ്കിലും കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ എം.വി. ജയരാജൻ ആയിരുന്നു സെക്രട്ടേറിയറ്റിൽ എത്തിയത്. വിശാല സംസ്ഥാന സമിതിയുടെ തിരുത്തലിന്റെ ഭാഗമായി ഇപ്പോൾ പി. ജയരാജൻ കൂടി സെക്രട്ടേറിയറ്റിലെത്തി.
നേതൃമാറ്റത്തിന്റെ ചുവടുവെപ്പ്
നേതൃമാറ്റം ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വിശാല സംസ്ഥാന സമിതിയോഗം തുടങ്ങിയതെങ്കിലും നേതൃമാറ്റത്തിലേക്കു ആദ്യ ചുവടുവെപ്പാണ് സിപിഎം ഇപ്പോൾ എടുക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി ഗോവിന്ദൻ തുടരുമോ എന്നതും അടുത്ത സമ്മേളനത്തിൽ ഒരു ടേം കൂടി കിട്ടുമോ എന്നതും ഒരു ചോദ്യമായി നിൽക്കുന്നുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി തുടരുമോ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്കൊപ്പം എക്സാലോജിക്, ഹവാല ആരോപണങ്ങളും അന്തരീക്ഷത്തിൽ ചൂടുപിടിച്ച് നിൽക്കുന്ന സാഹചര്യത്തിലാണിത്. വിശാല കമ്മിറ്റിയെ പിൻപറ്റി ബാലഗോപാൽ പ്രതിപക്ഷ നേതൃപദവിയിലേക്ക് വൈകാതെ എത്തിയേക്കാമെന്നും രാഷ്ട്രീയമണ്ഡലത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്.
തോമസ് ഐസക്കും ടി.പി. രാമകൃഷ്ണനും പുറത്തേക്ക്
തിരുത്തൽ ഉപരിപ്ലവമാകരുതെന്നും അഹങ്കാരവും തോൽവിക്ക് കാരണമാണെന്നും പറയാൻ ധൈര്യംകാട്ടിയ നേതാവാണ് തോമസ് ഐസക്ക്. സെക്രട്ടേറിയറ്റിൽനിന്ന് പുറത്തെത്തുമ്പോൾ ഇനി അദ്ദേഹത്തിനായി കാത്തിരിക്കാൻ മറ്റുവലിയ റോളുകളില്ല.
ഐസക്കിനൊപ്പം സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാകുന്ന മറ്റൊരാൾ എൽഡിഎഫ് കൺവീനർകൂടിയായ ടി.പി. രാമകൃഷ്ണനാണ്. പി. രാജീവ് എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ടി.പിക്കും ഇനി കാര്യമായ റോളില്ലെന്ന് വ്യക്തം.
ശിവൻകുട്ടിയും രാജേഷും ബ്രിട്ടാസും സെക്രട്ടേറിയറ്റിലേക്ക്
തിരുവനന്തപുരം സിപിഎമ്മിൽ കടകംപള്ളി സുരേന്ദ്രൻ-വി. ജോയ് പക്ഷം ഒരുവശത്തും വി. ശിവൻകുട്ടിപക്ഷം മറുവശത്തുമാണ്. ഈ ബലാബലത്തിനിടയിൽ ശിവൻകുട്ടിക്ക് സെക്രട്ടേറിയറ്റിലേക്ക് ലഭിച്ച പ്രമോഷൻ കൃത്യമായ സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ജോയിയെ പിന്നെ എന്തിന് ജില്ലാ സെക്രട്ടറിയായി തുടരാൻ അനുവദിച്ചു എന്ന വിമർശനം ഉയരുകയും ചെയ്തിരുന്നു.
സെക്രട്ടേറിയറ്റ് അംഗത്വത്തിലൂടെ പാലക്കാട് സിപിഎമ്മിൽ എം.ബി. രാജേഷ് കൂടുതൽ ശക്തനാകുകയാണ്. പി.കെ. ശശി സിപിഎമ്മിൽനിന്ന് പുറത്തായതോടെ പാലക്കാട്ടെ പാർട്ടിയിലെ അനിഷേധ്യസ്വരമായി രാജേഷ് മാറുന്നു. ജോൺ ബ്രിട്ടാസിന്റെ സെക്രട്ടേറിയറ്റിലേക്കുള്ള വരവ് ദേശീയ തലത്തിൽ പാർട്ടിയുടെ ശബ്ദമായി നിൽക്കുന്നതിനുള്ള അംഗീകാരം കൂടിയാണ്.
സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുമുഖങ്ങളും വനിതകളും
വിഭാഗീയതയുടെ പേരിൽ മാറ്റിനിർത്തപ്പെട്ട കൊല്ലത്തുനിന്നുള്ള സൂസൻ കോടി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരികെവരികയാണ്. ഒൻപതുപേരെ സംസ്ഥാന സമിതി ക്ഷണിതാക്കളാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റും 2016-ൽ തൃത്താലയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച ആളുമായ സുബൈദ ഇസഹാക്ക്, ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക, കണ്ണൂർ മുൻസിപ്പാലിറ്റി മുൻ കൗൺസിലർ എൻ. സുകന്യ, ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി. തോമസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി.എസ്. സഞ്ജീവ്, പ്രഭാ വർമ, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി എന്നിവരാണ് സംസ്ഥാന സമിതിയിൽ ഉൾപ്പെട്ട ക്ഷണിതാക്കൾ.
ഇവരിൽ ഒ.എസ് അംബിക കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. യുവജനസംഘടനാ പ്രതിനിധികൾ സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളായി എത്തുന്നതോടെ പാർട്ടിയിൽ പുതിയകാലത്തിന്റെ ശബ്ദമായി അവർ മാറുമെന്നാണ് പ്രതീക്ഷ.
Content Highlights: The CPM is acknowledging past mistakes and is ready for corrections, led by the Politburo, with significant implications for state leadership.