ഇഡബ്ല്യുഎസ് സംവരണം: വി.ടി. ബൽറാമിനെതിരേ സിറോമലബാർ സഭ

കൊച്ചി: സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കുള്ള ഇഡബ്ല്യുഎസ് സംവരണത്തിനെതിരേ കെപിസിസി വൈസ് പ്രസിഡൻറ് വി.ടി. ബൽറാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ആരോപിച്ചു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇഡബ്ല്യുഎസ് സംവരണത്തിലൂടെ 'മുന്നാക്ക' ക്രിസ്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എംബിബിഎസ് സീറ്റുകൾ അനർഹമായി നേടിയെന്നാണ് ബൽറാം ആരോപിക്കുന്നത്. മുസ്‌ലിം മതവിഭാഗത്തിന് ഉയർന്ന അനുപാതം സീറ്റുകൾ ലഭിക്കേണ്ടതാണെന്നും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിയതുകൊണ്ട് അവർക്ക് നഷ്ടമുണ്ടായി എന്നും പറയുന്നു.
എന്നാൽ, കേരളത്തിലെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ സംവരണ സാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരമാണുള്ളത്. ക്രൈസ്തവരിലെ നല്ലൊരുവിഭാഗവും ജാതിസംവരണത്തിനു പുറത്തായിരിക്കുമ്പോൾ മുസ്‌ലിം മതവിഭാഗത്തിലെ എല്ലാവർക്കുംതന്നെ ഒബിസി/എസ്ഇബിസി സംവരണം ലഭിക്കുന്നുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.
10 ശതമാനം ഇഡബ്ല്യുഎസ് സംവരണം ഭരണഘടനാപരമായി ലഭിച്ച നീതിയാണ്. ഇതിലൂടെയാണ് കേരള ക്രൈസ്തവരിലെ വലിയൊരു വിഭാഗത്തിന് എന്തെങ്കിലുമൊരു സംവരണാനുകൂല്യം ലഭിച്ചുതുടങ്ങിയത്. അതിനെപ്പോലും വിമർശനബുദ്ധിയോടെ അവതരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ ഭരണഘടനാവിരുദ്ധമാണ്. സംവരണത്തിന്റെ പേരിൽ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണിതെന്നും പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ കുറ്റപ്പെടുത്തി.
Content Highlights: EWS Reservation in Kerala: Syro-Malabar Church Rejects KPCC Leader's Claims