ഹനുമാൻ കുരങ്ങ് മൃഗശാല വിട്ടതായി സംശയം, കുറവൻകോണത്ത് തിരച്ചിൽ; കണ്ടത് നാടൻ കുരങ്ങാകാമെന്ന് അധികൃതർ

#ആഷ്ലി ജോയ്/ മാതൃഭൂമി ന്യൂസ്
മൃഗശാലയില്‍ താത്ക്കാലിക കൂട്ടില്‍ അവശേഷിക്കുന്ന ഹനുമാന്‍ കുരങ്ങ്, ചാടിപ്പോയ കുരങ്ങിനെ കണ്ടെത്താന്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്ന ജീവനക്കാരന്‍
മൃഗശാലയില്‍ താത്ക്കാലിക കൂട്ടില്‍ അവശേഷിക്കുന്ന ഹനുമാന്‍ കുരങ്ങ്, ചാടിപ്പോയ കുരങ്ങിനെ കണ്ടെത്താന്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്ന ജീവനക്കാരന്‍

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍നിന്ന്‌ ചാടിപ്പോയ ഹനുമാൻ കുരങ്ങ് മൃഗശാല വിട്ടതായി സംശയം. ജീവനക്കാർ കുറവൻകോണത്ത് കുരങ്ങിന് വേണ്ടി തിരച്ചിൽ നടത്തുന്നു. ഈ ഭാഗത്ത് കണ്ടു എന്ന് നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃഗശാലയിലേക്ക് പുതുതായി കൊണ്ടു വന്ന ഹനുമാൻ കുരങ്ങിൽ ഒരെണ്ണം ചാടിപ്പോയത്. അഞ്ച് ദിവസമായിട്ടും കുരങ്ങിനെ തിരിച്ച് കൂട്ടിലെത്തിക്കാൻ മൃഗശാല അധികൃതർക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ നാല് ദിവസം കുരങ്ങ് മൃഗശാലയിലെ വലിയ മരത്തിൽ ഉണ്ടായിരുന്നു. തിരിച്ച് കൂട്ടിലെത്തിക്കാൻ വേണ്ടി പല വഴികളും മൃഗശാല അധികൃതർ നോക്കിയിരുന്നു. എന്നാൽ ഇന്ന് രാവിലെ കുരങ്ങ് മരത്തിൽ നിന്ന് ചാടിപ്പോയതായാണ് സംശയിക്കുന്നത്‌. 

കുരങ്ങിനെ നിരീക്ഷിക്കുന്നതിനായി രണ്ട് ജീവനക്കാരെ മരത്തിനടുത്ത് ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. വലിയ മരമായത് കൊണ്ട് തന്നെ കുരങ്ങ് മുകളിൽ ഉണ്ടോ എന്ന കാര്യത്തിൽ അവ്യക്തത ഉണ്ടായി. ഈ സമയത്താണ് കുറവൻകോണത്ത് നിന്ന് നാട്ടുകാർ മൃഗശാല അധികൃതരെ വിളിച്ച് കുരങ്ങിനെ കണ്ട വിവരം അറിയിച്ചത്. ഇതേത്തുടർന്നാണ് ഇപ്പോൾ കുരങ്ങിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ നാട്ടുകാർ കണ്ടു എന്ന് പറയുന്നത് നാടൻ കുരങ്ങ് ആയിരിക്കാം എന്നാണ് അധികൃതർ സംശയിക്കുന്നത്.

Content Highlights: Escaped Hanuman monkey spotted in kuravankonam report