ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ നീക്കം; കൂട്ടിയാൽ മാറ്റം ഇങ്ങനെ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.) അടിസ്ഥാനമാക്കുന്ന പരമാവധി ശമ്പളപരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയാക്കാൻ കേന്ദ്രം ഒരുങ്ങുന്നു.
ധനമന്ത്രാലയത്തിനുകീഴിലുള്ള എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകിയെന്നും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ നടപ്പാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 2014 സെപ്റ്റംബർ ഒന്നിന് നിലവിൽവന്ന ഇ.പി.എഫ്. സ്‌കീം പ്രകാരം 15,000 രൂപയാണ് ശമ്പളപരിധി. ഇത് 25.000 ആക്കി ഉയർത്തുന്നത് എന്നുമുതലെന്ന് മന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷമാകും തീരുമാനിക്കുക. 2027 ഏപ്രിൽമുതലാകും നടപ്പാക്കുകയെന്നും സൂചനയുണ്ട്.
പരിധി കൂട്ടിയാൽ മാറ്റം ഇങ്ങനെ
2014 സെപ്റ്റംബർ ഒന്നുമുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് ശമ്പളം എത്രതന്നെ ഉയർന്നതാണെങ്കിലും 15,000 രൂപയുടെ 12 ശതമാനമാണ് (1800 രൂപ) നിർബന്ധമായും പി.എഫിലേക്ക് അടയ്ക്കേണ്ടത്. സമാനമായ തുക തൊഴിലുടമയും അടയ്ക്കും. ഇതിൽനിന്ന് 15,000 രൂപയുടെ 8.33 ശതമാനമായ 1250 രൂപ പെൻഷൻ ഫണ്ടിലേക്ക് പോകും. പി.എഫിലെത്തുന്നത് ആകെ 2350 രൂപ.
ശമ്പളപരിധി 25,000 രൂപയാക്കിയാൽ തൊഴിലാളിയുടെ 3000 രൂപ പി.എഫിലെത്തും. തൊഴിലുടമയുടെ 3000 രൂപയിൽനിന്ന് 2082 രൂപ (25,000 രൂപയുടെ 8.33 ശതമാനം) പെൻഷൻ ഫണ്ടിലേക്കും ബാക്കി 918 രൂപ പി.എഫിലേക്കുമെത്തും. അതായത് ആകെ 3918 രൂപയാകും പി.എഫിലെത്തുക.
നേരത്തേതന്നെ ഇ.പി.എഫിൽ അംഗമായി തുടരുന്നവർക്ക് പെൻഷൻ ഫണ്ടിലേക്ക് പോകുന്ന വിഹിതം 1250 രൂപയിൽനിന്ന് 2082 രൂപയാകും. ഇതോടെ വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷനും ഉയരും.
Content Highlights: Proposed increase of EPF wage ceiling from ₹15,000 to ₹25,000., Implementation likely effective from April 2027., Higher contribution to pension fund (EPS) resulting in increased retirement benefits., Mandatory contribution adjustment for employees and employers.