'ഞാൻ സർക്കാരിന് എതിരാണെന്ന് അന്ന് വരുത്തിത്തീർത്തു'- ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് ഇ.പി ജയരാജൻ

തിരുവനന്തപുരം: ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’, പുറത്തിറങ്ങാനിരിക്കെ പുസ്തകത്തെ സംബന്ധിച്ചുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജൻ. ജയരാജന്റെ ആത്മകഥയെന്ന പേരിൽ തയ്യാറായതെന്ന് വാർത്ത വന്ന 'കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതവും' എന്ന പുസ്തകം ഉണ്ടാക്കിയ വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ ആത്മകഥ ഞാനാണ് തയ്യാറാക്കേണ്ടത്. അത് പ്രസിദ്ധീകരിച്ചവര്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അന്ന് എന്റെ ആത്മകഥ സംബന്ധിച്ച വിവാദം നടക്കുമ്പോള്‍ പുസ്തകം എഴുതി പകുതി പോലും ആയിട്ടുണ്ടായിരുന്നില്ല. എനിക്ക് വിവാദങ്ങളുണ്ടാകുന്നതിന് മുന്നേ പി. സരിനെ അറിയുക പോലുമില്ല. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എഴുതി എന്നു പറഞ്ഞാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഒടുവില്‍ ഞാൻ സർക്കാരിന് എതിരാണെന്ന് ഡിസി ബുക്സ് വരുത്തിത്തീർത്തു. പുസ്തകത്തിന്റെ തലക്കെട്ടായ 'കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന തലക്കെട്ടും എന്നെ പരിഹസിക്കാൻ വേണ്ടി ഇട്ടതാണ്. അത് പണ്ടൊരു പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞ വാക്കുകളായിരുന്നു. ഒടുവിൽ രവി ഡി.സി മാപ്പ് പറഞ്ഞു. അതുകൊണ്ടാണ് പിന്നീട് നടപടികളിലേക്ക് പോകാതിരുന്നത്. ഇപ്പോൾ 'ഇതാണെന്റെ ജീവിതം' പുറത്തിറക്കുന്നത് മാതൃഭൂമിയാണ്. അതിന്റെ നിലവാരവും വിശ്വാസ്യതയും കാത്തുസൂക്ഷിച്ച് നവംബർ മൂന്നിന് ആത്മകഥ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും.- ഇ. പി. ജയരാജൻ പറഞ്ഞു.
ജയരാജന്റെ ആത്മകഥയെന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിൽ ഒന്നാം പിണറായി സർക്കാരിനെ പുകഴ്ത്തുകയും രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു.പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ദിവസമായിരുന്നു ഈ വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുഡിഎഫ് അനുഭാവിയായിരുന്ന പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസവും പുസ്തകത്തിൽ പരാമർശിച്ചിരുന്നുവെന്നും വാർത്ത വന്നു.
Content Highlights: EP Jayarajan clarifies the controversy surrounding his autobiography, `Idhan Ente Jeevitham,` set to be released on November 3rd.