എലൈറ്റ് ഫുഡ്സ് സ്ഥാപകൻ ടി.ആർ. രഘുലാൽ അന്തരിച്ചു

തൃശ്ശൂർ: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.ആർ. രഘുലാൽ (64) അഹമ്മദാബാദിൽ അന്തരിച്ചു. 1986–ൽ ആലപ്പുഴ അരൂരിൽ ബ്രഡ് ഉത്പാദന യൂണിറ്റായി തുടങ്ങിയ എലൈറ്റ് ഫുഡ്സ് ലോകമറിയുന്ന ബ്രാൻഡായി വളർന്നത് തണ്ടാശ്ശേരി രാഘവൻ രഘുലാൽ എന്ന വ്യവസായിയുടെ ആസൂത്രണമികവുകൊണ്ടാണ്. എലൈറ്റ് വ്യവസായ ഗ്രൂപ്പ് സ്ഥാപകൻ പരേതരായ ടി.ആർ. രാഘവന്റെയും യമുനയുടെയും മകനായ ഇദ്ദേഹം യു.എസി.ലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽനിന്ന് മാനേജ്മെന്റിൽ ബിരുദം നേടിയശേഷമാണ് വ്യവസായരംഗത്ത് ചുവടുവെച്ചത്.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ.) മുൻ ചെയർമാനാണ്. റിയൽ എസ്റ്റേറ്റ് (എലൈറ്റ് ഡിവലപ്പേഴ്സ്), സൗരോർജം (സോൾജെൻ എനർജി) എന്നീ മേഖലകളിലും അദ്ദേഹം ചുവടുറപ്പിച്ചു. കർഷകരിൽനിന്ന് അസംസ്കൃതവസ്തുക്കൾ ശേഖരിച്ച് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നൽകുന്ന ‘ഫാം ടു ഫോർക്ക്’ എന്ന ആശയവും അദ്ദേഹം നടപ്പാക്കി. എലൈറ്റ് റോളർ ഫ്ലവർ മില്ലിങ് യൂണിറ്റും ആരംഭിച്ചു. രാജ്യത്ത് റസ്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ച ആദ്യ കമ്പനിയായി എലൈറ്റ്. രാജ്യാന്തര വിപണി ലക്ഷ്യമിട്ടുള്ള എലൈറ്റ് ഗ്രീനാണ് അദ്ദേഹത്തിന്റെ മറ്റൊരു സംരംഭം.
ഭാര്യ: സരിഗ. മക്കൾ: ധനിസ, രഘുറാം. മൂവരും എലൈറ്റ് ഗ്രൂപ്പ് ആൻഡ് ഇന്നൊവേഷൻസ് ഡയറക്ടർമാരാണ്. മരുമകൻ: രോഹിത് മുരളിയ.
സഹോദരങ്ങൾ: ഡോ. ടി. ആർ. വേണുഗോപാൽ, ടി.ആർ. വിജയകുമാർ, ഷീലാ രാജീവ്, ബീനാ കൈലാസ് നാഥൻ, സിനി സന്തോഷ്. പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണറും ഗുജറാത്ത് മുൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ. കൈലാസ് നാഥൻ, മുൻ ഡി.ജി.പി. പരേതനായ വി.ആർ. രാജീവൻ എന്നിവർ സഹോദരിമാരുടെ ഭർത്താക്കന്മാരാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30-ന് തൃശ്ശൂർ പുഴയ്ക്കലിലെ വസതിയായ എലൈറ്റ് ഗാർഡനിയയിൽ.
സംരംഭകൻ, പ്രകൃതിസ്നേഹി...
വ്യവസായി, സംരംഭകൻ എന്നീ നിലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വ്യക്തിത്വമായിരുന്നില്ല ടി.ആർ. രഘുലാൽ. പ്രകൃതിസ്നേഹി, മനുഷ്യസ്നേഹി തുടങ്ങി കലാകായികരംഗത്തെ ഇടപെടലുകൾകൊണ്ടും അദ്ദേഹം ശ്രദ്ധേയനായി.
പാലക്കാടൻ മട്ട, നവര അരി എന്നിവയ്ക്ക് ഭൗമസൂചികാ(ജി.ഐ.)പദവി നേടിക്കൊടുക്കുന്നതിൽ മുൻകൈയെടുത്തത് രഘുലാലാണ്. ഈ പരിശ്രമം ഇവയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിക്കാൻ സഹായകമായി. പെരിയാർനദിയെ വ്യാവസായികമലിനീകരണത്തിൽനിന്ന് സംരക്ഷിക്കുന്നതിന് പഠനം നടത്താനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. തുടർന്ന് പരിസ്ഥിതിസുസ്ഥിരതയുടെ ഭാഗമായി ഇവിടത്തെ വ്യവസായമേഖലയും സർക്കാരും സഹകരിച്ചുള്ള കൂട്ടായ്മയ്ക്കും തുടക്കമിട്ടു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി.ഐ.ഐ.)യുടെ ചെയർമാനായിരുന്ന കാലയളവിലായിരുന്നു ഈ പ്രവർത്തനങ്ങളെല്ലാം.
‘സുരക്ഷിതഭക്ഷണം’ എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചു. അതിനായി ജൈവകർഷകക്കൂട്ടായ്മകൾ രൂപവത്കരിച്ചു. കീടനാശിനികളുടെ ഉപയോഗം തടയാൻ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. കർഷകർക്ക് ജൈവകൃഷിരീതികളിൽ പരിശീലനം നൽകുകയും ചെയ്തു. സംസ്ഥാനസർക്കാരുമായി ചേർന്ന് പോബ്സ് നെല്ലിയാമ്പതി എസ്റ്റേറ്റിൽ ആദ്യത്തെ ജൈവകൃഷി സെമിനാർ സംഘടിപ്പിച്ച അദ്ദേഹം സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള വികസനം ലക്ഷ്യമിട്ട് പ്രവർത്തിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യകമ്പനികളിലൊന്ന് എലൈറ്റ് ഫുഡ്സ് വിഭാഗത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ‘എലൈറ്റ് ന്യൂട്രിഷൻ റിസർച്ച് സെന്റർ’ എന്ന പുതിയ സംരംഭത്തിനും അദ്ദേഹം നേതൃത്വം നൽകി. കാലിത്തീറ്റനിർമാതാക്കളായ ‘കേരള സോൾവെന്റ് എക്സ്ട്രാക്ഷൻസ് ലിമിറ്റഡ് ഡയറക്ടർ’ ആയിരുന്ന അദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘വി കെയർ’ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റും ചെയർമാനുമാണ്. രക്താർബുദം ബാധിച്ച കുട്ടികൾക്ക് സൗജന്യമരുന്നുകൾ ഈ സംഘടന നൽകുന്നു. കേരള ടെന്നീസ് അസോസിയേഷനിൽ ട്രഷററായി പ്രവർത്തിച്ചിട്ടുള്ള രഘുലാൽ കലാസാംസ്കാരികരംഗത്തെ പല സംഘടനകളുടെയും നേതൃത്വത്തിലുമുണ്ടായിരുന്നു.