വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറി 'പുതുപ്പള്ളി സാധു'

Screengrab / Mathrubhumi News
Screengrab / Mathrubhumi News

കൊച്ചി: എറണാകുളം ഭൂതത്താൻക്കെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക്  ഓടിക്കയറി നാട്ടാന. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച പുതുപ്പള്ളി സാധു എന്ന ആനയാണ് കാട്ടിലേക്ക് ഓടിക്കയറിയത്. കാട്ടിലേക്ക് കയറിയ ആനയെ കണ്ടെത്താൻ വനം വകുപ്പ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച അഞ്ച് ആനകളിലൊന്നാണ് കാട്ടിലേക്കോടിക്കയറിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോതമംഗലം തുണ്ടം ഫോറസ്റ്റ് റേഞ്ച് പരിധിയിലായിരുന്നു ചിത്രീകരണം. അതിനിടയിൽ പുതുപ്പള്ളി സാധു മറ്റൊരു ആനയുമായി കുത്തുണ്ടാവുകയും അങ്ങനെ കാട്ടിലേക്ക് കയറുകയുമായിരുന്നു. ഇതിനിടയിൽ പാപ്പാനെയും ആന ആക്രമിച്ചുവെന്നാണ് വിവരം.

കാടുകയറിയ ആന  മൂന്നാർ ഫോറസ്റ്റ് റേഞ്ചിലേക്ക് കടന്നതായാണ് റിപ്പോർട്ട്. രാത്രിയായതിനാൽ തിരച്ചിൽ ഏറെ ദുഷ്കരമാണ്.  കാട്ടാനകൾ ഏറെയുള്ള പ്രദേശത്താണ് ആന ഉള്ളതെന്നാണ് വിവരം. ഇടുക്കിയിൽ നിന്നും ആനകളെ നിരീക്ഷിക്കുന്ന ഫോറസ്റ്റ് അധികൃതർ എത്തിയാൽ പോലും രാത്രിയിൽ പരിശോധന ദുഷ്കരമാണ്.

അരുണാചൽപ്രദേശിൽ നിന്ന് കൊണ്ടുവന്ന പുതുപ്പള്ളി സാധു മുമ്പും ഇത്തരത്തിൽ കാട് കയറിയിട്ടുണ്ട്. ഏകദേശം 16 വർഷങ്ങൾക്ക് മുമ്പാണ് ആനയെ കേരളത്തിലെത്തിക്കുന്നത്. ബിഹാറിൽ വച്ച് ഈ ആന മുമ്പും കാട് കയറിയിട്ടുണ്ട്. അതിനുശേഷം ഒരു മാസത്തോളം കഴിഞ്ഞ് പുലിക്കായി വെച്ച കെണിയിൽ ആനയുടെ കാല് അകപ്പെട്ടതോടെ കണ്ടുകിട്ടുന്നത്. പിന്നീടാണ് കേരളത്തിലേക്ക് വീണ്ടും കൊണ്ടുവന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായിട്ട് ആനയെ കുന്നംകുളത്ത് ഉത്സവപരിപാടികളിൽ കൊണ്ടുപോയിരുന്നു. അതിനുശേഷമാണ് സിനിമയുടെ ചിത്രീകരണത്തിനായിട്ട് കൊണ്ടുവന്നത്.

Content Highlights: Elephant ran into forest during film shooting