കണ്ണീരോടെ വിട...; മണികണ്ഠൻ ഇനി ആനപ്രേമികളുടെ മനസ്സിൽ ഓർമ്മത്തിടമ്പേറ്റും

ഈ വര്‍ഷം ജനുവരിയില്‍ ഓമല്ലൂര്‍ മണികണ്ഠന്റെ കൊമ്പ് മുറിച്ച് പരുവപ്പെടുത്തുന്നു (ഫയല്‍ ചിത്രം)
ഈ വര്‍ഷം ജനുവരിയില്‍ ഓമല്ലൂര്‍ മണികണ്ഠന്റെ കൊമ്പ് മുറിച്ച് പരുവപ്പെടുത്തുന്നു (ഫയല്‍ ചിത്രം)

മല്ലൂർ: ഓമല്ലൂരിന്റെ മണ്ണിൽ ഇനി മണികണ്ഠനില്ല. തൃശ്ശൂരിൽനിന്ന് ശബരിമലയിലെത്തി മണികണ്ഠനായവൻ. പിന്നെ ഓമല്ലൂർ രക്തകണ്ഠസ്വാമിയ്ക്കരികിൽ വന്ന് ഹൃദയം കവർന്നവൻ. എല്ലാം കഥകളായി പറയും.. കാട്ടിൽനിന്ന് വന്ന് കാടിനുള്ളിൽത്തന്നെ എരിഞ്ഞടങ്ങിയെങ്കിലും കാലങ്ങളോളം ഭക്തരുടെ ഉള്ളിൽ അവൻ ഓർമ്മത്തിടമ്പേറ്റി നിറഞ്ഞ് നിൽക്കും.

ബുധനാഴ്ച വൈകിട്ട് രക്തകണ്ഠ സ്വാമിക്ഷേത്രവളപ്പിൽ ചരിഞ്ഞ മണികണ്ഠന്റെ ജഡം ഉച്ചയോടെ കോന്നിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച നേരം പുലർന്നപ്പോൾ മുതൽ ക്ഷേത്രവളപ്പിലേക്ക് ആനപ്രേമികളുടെ ഒഴുക്കായിരുന്നു. കത്തിച്ചുവെച്ച നിലവിളക്കിനരികെ പട്ട് പുതപ്പിച്ചുള്ള കിടപ്പ് നൊമ്പര കാഴ്ചയായി. മണ്ണ് മുട്ടിക്കിടന്ന മസ്തകം യന്ത്രക്കൈകൾ ഉയർത്തുമ്പോൾ രക്തകണ്ഠസ്വാമിയുടെ തിടമ്പേറ്റി നിന്ന തലപ്പൊക്കത്തിന്റെ ഓർമ്മകൾ മതിലകത്തുകൂടി മിന്നിമാഞ്ഞു. എല്ലാവരേയും ഒന്നുകൂടി നോക്കുംപോലെ ആ കണ്ണുകൾ തുറന്നിരുന്നു. ഭഗവാനോട് യാത്രചോദിച്ച് മണികണ്ഠൻ ഗോപുരമിറങ്ങി.

ലോറിയിൽ പട്ടുവിരിച്ച് അതിനു മുകളിലേക്ക് ക്രെയിൻ വെച്ച് മണികണ്ഠനെ കയറ്റിക്കിടത്തി. കോടി മുണ്ടും പട്ടും പുതപ്പിച്ചിരുന്നു. ഒരുവർഷമായി മണികണ്ഠന്റെ പാപ്പാനായിരുന്ന വിജീഷും ആറ് മാസം രണ്ടാം പാപ്പാനായി ഉണ്ടായിരുന്ന ഒ.പി. ബിജുവും അന്ത്യയാത്രയില്‍ അവനൊപ്പമിരുന്നു. ആനപ്രേമികൾ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയും ഒരുക്കി.

കല്ലേലിക്കു സമീപം ഒളിയനാട് വനത്തിലായിരുന്നു സംസ്കാരം. സാമൂഹിക വനവൽക്കരണ വിഭാഗം റേഞ്ച് ഓഫിസർ മുഹമ്മദ് സ്വാബിയറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് മഹസർ തയാറാക്കിയത്.ദേവസ്വം ബോർഡ് ഫീസ് അടച്ച ശേഷമാണ് കോന്നി ഡിഎഫ്ഒയുടെ പരിധിയിൽ വരുന്ന ഒളിയനാട് വനത്തിൽ സംസ്കരിക്കാൻ അനുമതി നൽകിയത്. കടിയാർ പാലം കഴിഞ്ഞുള്ള ഭാഗത്തായിരുന്നു സ്ഥലം. രണ്ട് കൊമ്പും ഊരി വനംവകുപ്പ് ഏറ്റെടുത്തു.

വിറകുപോലും ഒരുക്കാതെ ദേവസ്വം ബോർഡ്; പ്രതിഷേധം ശക്തം

ഓമല്ലൂർ മണികണ്ഠനോട് ദേവസ്വം ബോർഡ് നടത്തിവന്ന മുഖം തിരിയ്ക്കലും ഉത്തരവാദിത്വക്കുറവും സംസ്കാരസ്ഥലത്തും തുടർന്നു. വിറക് എത്തിക്കുകയോ അതിന് വനംവകുപ്പിൽ പണമടയ്ക്കുകയോ ചെയ്യാതെയായിരുന്നു ബോർഡിന്റെ ഉത്തരവാദിത്വപ്പെട്ടവർ സംസ്കാര സ്ഥലത്ത് എത്തിയത്. സംസ്കാരത്തിന് വിറക് ചോദിച്ചപ്പോൾ അവർ കൈമലർത്തി. ഇതോടെ ആനപ്രേമികൾ പ്രതിഷേധിച്ചു.

കുഴിച്ചിടാനാണ് നീക്കമെങ്കിൽ ജഡം ലോറിയിൽ നിന്നിറക്കാൻ സമ്മതിക്കില്ലെന്ന് അവർ പറഞ്ഞു. ഇതോടെ ബോർഡ് ഉദ്യോഗസ്ഥർ വനംവകുപ്പിന് പണമടച്ചു. പിന്നീടാണ് 25 ടണ്ണോളം വിറക് സ്ഥലത്ത് എത്തിച്ചത്. ഇതോടെ പോസ്റ്റുമോർട്ടം നടപടികളും വൈകി. സന്ധ്യയോടെയാണ് ചിതയ്ക്ക് തീകൊളുത്തിയത്. കടുവാസങ്കേതമെന്ന് പറഞ്ഞ് അപ്പോഴേക്കും കൂടെ നിന്നവരെയെല്ലാം വനപരിധിക്ക് പുറത്തിറക്കിയിരുന്നു.

നാല് ചാക്ക് പഞ്ചസാര, എണ്ണ, നെയ്യ്, കർപ്പൂരം, സാമ്പ്രാണി, രാമച്ചം എന്നിവയും ചിത തയാറാക്കാൻ ഉപയോഗിച്ചു. ആന ചരിഞ്ഞത് ദേവസ്വം ബോർഡിന്റെ അനാസ്ഥമൂലമെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മതിയായ ചികിത്സ നൽകിയില്ലെന്നും നിലവാരം കുറഞ്ഞ ആഹാരം നൽകിയിരുന്നെന്നുമൊക്കെയുള്ളവ ഇതിൽപ്പെടുന്നു. ചരിയുന്നതിന് തലേന്ന് മരുന്ന് നൽകിയതിലെ വീഴ്ചയും ഇവർ ചൂണ്ടിക്കാണിക്കുന്നു. ബോർഡ് അധികൃതർക്കെതിരെ പരാതി നൽകാനും നീക്കമുണ്ട്.

Content Highlights: last rites of elephant manikandan at omallur