ഫലമറിയാൻ ഇനി അഞ്ചുദിവസം; വോട്ടെണ്ണലിന് ഒരുക്കം അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പുകമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും.

നാലിനാണ് വോട്ടെണ്ണൽ. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. തുടർന്ന് ഇ.വി.എമ്മിലെ വോട്ടുകളും. ഇ.വി.എമ്മിന്റെ എണ്ണം അടിസ്ഥാനമാക്കിയാണ് കൗണ്ടിങ്ങിന് മേശകൾ ക്രമീകരിക്കുക. ഒരു ഹാളിൽ ഏഴുമുതൽ 14വരെ മേശയൊരുക്കും. ഓരോ മേശയ്ക്കുസമീപവും ബാരിക്കേഡിനടുത്ത് പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് വോട്ടെണ്ണൽ നിരീക്ഷിക്കാൻ കൗണ്ടിങ് ഏജന്റുമാരെ രാഷ്ട്രീയപ്പാർട്ടികൾക്കു നിയോഗിക്കാം. പോസ്റ്റൽ വോട്ട്, സർവീസ് വോട്ട് എന്നിവ എണ്ണുന്ന മേശയ്ക്കടുത്തും സമാന സൗകര്യമുണ്ടാകും.

ഒരേസമയം എല്ലാമേശകളിലെയും ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണുന്ന ഹാളിന്റെ മേൽനോട്ടത്തിന് ഒരു ഉപവരണാധികാരിയുണ്ടാകും. വരണാധികാരിയെ സഹായിക്കാൻ കൗണ്ടിങ് സൂപ്പർവൈസറും അസിസ്റ്റന്റുമുണ്ടാകും. വോട്ടെണ്ണൽ തുടങ്ങാൻ നിശ്ചയിച്ച സമയത്തിനുശേഷം കിട്ടുന്ന പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ കവറുകൾ തുറക്കില്ല. അവ നിരസിച്ച് പ്രത്യേകം പാക്കറ്റിൽ സീൽ ചെയ്ത് സൂക്ഷിക്കും. ഡിക്ലറേഷൻ ഇല്ലാതിരിക്കുക, അതിൽ ഒപ്പിട്ട് സാക്ഷ്യപ്പെടുത്താതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ ബാലറ്റ് പേപ്പർ നിരസിക്കാൻ വരണാധികാരിക്കു അധികാരമുണ്ട്.

ഓരോ നിയോജക മണ്ഡലത്തിലെയും ഉപവരണാധികാരിമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിങ് സൂപ്പർവൈസർമാർ, അസിസ്റ്റന്റുമാർ എന്നിവർക്കുള്ള പരിശീലനമാണിപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ചയോടെ പൂർത്തിയാകും.

Content Highlights: 2026 kerala election counting day preparations