‘ഭരണനിശ്ചലാവസ്ഥയില്ല’; ഗോപാലകൃഷ്‌ണൻ്റെ മതവിദ്വേഷ പരാമർശത്തിൽ നടപടി ഉറപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി: ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ മതവിദ്വേഷപരാമർശം ആരോപിക്കപ്പെട്ട വീഡിയോയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു.
ഇത്തരം പരാമർശങ്ങൾ സമൂഹത്തിലും രാജ്യത്തും ഉണ്ടാക്കുന്ന ഹാനിയുടെ കാര്യത്തിൽ എന്തുചെയ്യുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കമ്മിഷന്റെ വീശദീകരണം.
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ഭരണസംവിധാനമാകെ നിശ്ചലമാകുന്നുവെന്നും കോടതി ഉത്തരവുകൾപോലും നടപ്പാക്കാതെ വരുന്നെന്നും കോടതി സന്ദേഹം പ്രകടിപ്പിച്ചു. എന്നാൽ, ഭരണനിശ്ചലാവസ്ഥയില്ലെന്നും ഇക്കാര്യത്തിലൊക്കെ കൃത്യമായ മാർഗനിർദേശമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്. തിരഞ്ഞെടുപ്പുനടപടികൾ തുടങ്ങിയതിനാൽ വിഷയത്തിൽ നിരീക്ഷണമൊന്നും നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights: FIR registered against B. Gopalakrishnan by Guruvayur Temple Police., Election Commission confirms strict action for model code of conduct violation., High Court sought clarification on the impact of hate speech on society., Court dismisses the petition as election procedures are currently underway.