പഞ്ചായത്തംഗത്തിന്റെ ജാതീയ അധിക്ഷേപം: പരാതിക്കാരിയുടെ ഫോൺ വാങ്ങി; പ്രതിയുടേത് തൊട്ടില്ല! തല മുണ്ഡനം ചെയ്ത് മകൻ

ഏലപ്പാറ: ജാതീയ അധിക്ഷേപം നടത്തിയ പഞ്ചായത്തംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് അധിക്ഷേപം നേരിട്ടയാളുടെ മകൻ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ഏലപ്പാറ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ജിഷ ജോസഫ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പൗരസമിതിയുടെ നേതൃത്വത്തിൽ ഏലപ്പാറ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ പ്രതിഷേധം നടന്നത്.
അധിക്ഷേപത്തിന് ഇരയായ കുടുംബം പീരുമേട് ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്ന് വാഗമൺ പോലീസ് കേസെടുത്തിരുന്നു. ജാമ്യം ലഭിക്കാൻ ഇടയില്ലാത്ത കേസായിട്ടും പോലീസ് പഞ്ചായത്തംഗത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുക്കാൻ നിർബന്ധിതരായതെന്നും സമരക്കാർ പറയുന്നു. മുൻകൂർ ജാമ്യത്തിനായി തൊടുപുഴ പ്രിൻസിപ്പൽ കോടതിയിൽ പഞ്ചായത്തംഗം അപേക്ഷ നൽകിയെങ്കിലും കേസ് വാദം കേൾക്കാൻ നീട്ടിവെച്ചിരിക്കുകയാണ്. ഇതിനിടെ പോലീസ് പരാതിക്കാരിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി വാങ്ങിയിരുന്നു.
എന്നാൽ ജാതീയ അധിക്ഷേപം നടത്തിയ മെമ്പറുടെ ഫോൺ പോലീസ് പരിശോധനയ്ക്ക് വാങ്ങിയിട്ടില്ല. പ്രതിയുടെ പേരിൽ നിയമ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് പരാതിക്കാരിയുടെ മകൻ വിനീഷ് തലമുണ്ഡനം ചെയ്തത്. തനിക്കും കുടുംബത്തിനും നീതികിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും വിനീഷ് പറഞ്ഞു.
പൗരസമിതി പ്രവർത്തകരായ അനീഷ്, പി.കെ.എസ്. ജില്ലാ പ്രസിഡന്റ് വി.പി. സുരേഷ്, വൈസ് പ്രസിഡന്റ് സരിത സുഭാഷ്, ബി. അനൂപ്, ആന്റപ്പൻ ജേക്കബ്, സി. സിൽവസ്റ്റർ, എസ്. അനിൽകുമാർ, പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഒൻപതാംതീയതിയാണ് സംഭവത്തിനാധാരമായ സംഭവമുണ്ടായത്. സാമൂഹിക മാധ്യമത്തിലൂടെയാണ് അധിക്ഷേപമുണ്ടായത്.