ഭൂമിതട്ടിപ്പ് കേസില്‍ കോടതിയില്‍ ഹാജരായില്ല; എളമരം കരീമിന് അറസ്റ്റ് വാറണ്ട്

എളമരം കരീം | ഫോട്ടോ: പി.പി.ബിനോജ് \ മാതൃഭൂമി
എളമരം കരീം | ഫോട്ടോ: പി.പി.ബിനോജ് \ മാതൃഭൂമി

കോഴിക്കോട്: ഭൂമി തട്ടിപ്പ് കേസില്‍ സിപിഎം നേതാവും മുന്‍ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷര്‍ ആന്റ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് താമരശ്ശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

2009 -2011 കാലഘട്ടത്തില്‍ ക്രഷര്‍ നടത്താനെന്ന പേരില്‍ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിന്റെ പേരിലേക്ക് ഭൂമി എഴുതി നല്‍കുന്നതിന് എളമരം കരീം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നുമാണ് പരാതി. പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് നികുതി അടച്ച് സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നും ക്വാറി തുടങ്ങുകയോ പണം നല്‍കുകയോ ചെയ്തില്ലെന്നും പരാതിക്കാര്‍ പറയുന്നു.

2013-ല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഭൂമിനഷ്ടപ്പെട്ടവര്‍ പരാതി നല്‍കുകയും 2015-ല്‍ ക്രൈംബ്രാഞ്ച് പരാതിയില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസ് എഴുതി തള്ളാന്‍ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തതോടെ ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവര്‍ കോടതിയെ സമീക്കുകയായിരുന്നു. നാല് തവണ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരാവാതെ ഇരുന്നതോടെയാണ് അറസ്റ്റ് വാറണ്ട്

Content Highlights: Former Minister Elamaram Kareem faces arrest warrant in Kozhikode land fraud case