അടുത്ത വർഷം എൽനിനോ ചൂട്, കാലവർഷവും കുറയും

#കെ. ഉണ്ണികൃഷ്ണൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കൊച്ചി: ‘‘ഇപ്പോൾതന്നെ കടുത്ത ചൂടുണ്ട്. അടുത്ത വർഷം എൽനിനോയും വരുന്നു. കടലിൽ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. കടലുകളിൽത്തന്നെ ഏറ്റവും കൂടുതൽ ചൂട് കൂടുന്നത് അറബിക്കടലിലാണ്. കേരളത്തെ ഇത് കാര്യമായി ബാധിക്കും’’ -കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറയുന്നു.

ഏകദേശം 600 കിലോമീറ്റർ നീളമുള്ള കേരള തീരത്ത് കടലിനെ ആശ്രയിച്ചു കഴിയുന്നവർക്ക് പല കാരണങ്ങളാൽ മത്സ്യബന്ധന ദിനങ്ങൾ കുറഞ്ഞുവരുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ മുതൽ കപ്പൽ അപകടങ്ങൾ വരെ അതിന് കാരണമാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭൂമിയിലെ ഒരിടമായി കേരളം മാറിക്കഴിഞ്ഞു- മാറുന്ന സാഹചര്യങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഗ്രിൻസൺ ജോർജ് ‘മാതൃഭൂമി’യോട് സംസാരിക്കുന്നു.

കാലവസ്ഥാ കണക്കുകൾ ഇപ്പോൾ ഏതാണ്ട് കൃത്യമായിത്തന്നെയാണ് വരുന്നത്. ഈ വർഷം നവംബർ-ഡിസംബർ കാലത്ത് തെക്കേ അമേരിക്കയിലെ പെറുവിലാണ് എൽനിനോ രൂപപ്പെടുന്നത്. അത് അടുത്തവർഷം വേനൽക്കാലത്ത് കേരളതീരത്ത് എത്തും. ഇപ്പോൾ കേരളം നേരിടുന്ന ചൂടിനേക്കാൾ അധികം ചൂടായിരിക്കും അപ്പോഴുണ്ടാവുക. ഇത് കരയിൽ മാത്രമല്ല, കടലിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് കൂടുന്നത് അറബിക്കടലിലാണ് എന്നാണ് പഠനങ്ങളിൽ കാണുന്നത്- ഗ്രിൻസൺ ജോർജ് പറയുന്നു.

മത്സ്യബന്ധന മേഖലയിൽ മീനുകളുടെ ലഭ്യത വല്ലാതെ കുറയും. കേരളത്തിൽ വലിയ ഡിമാൻഡുള്ള മത്തിയെയും മറ്റും കടലിലെ ചൂടു കൂടുന്നത് കാര്യമായി ബാധിക്കും. സമുദ്രോപരിതലത്തിലാണ് മത്തി ജീവിക്കുന്നത്. അതുകൊണ്ടു തന്നെ അതിന് ചൂടിൽനിന്ന് രക്ഷപ്പെട്ട് പോകാൻ ഇടം കുറവാണ്. എങ്കിലും ഇത്തരം പ്രശ്നങ്ങൾ താണ്ടിവരുന്ന മത്സ്യ ഇനമാണ് മത്തി എന്നാണ് കാണുന്നത്.

പെറുവിൽ നിന്ന് പാലം പോലെ 
കടലിലെ കാറും കോളും പ്രവാഹങ്ങളും നടക്കുന്നത് കണക്കാക്കാനാകും. എൽനിനോ എന്ന വാക്കിന്റെ അർഥം ചെറിയ ആൺകുട്ടി അല്ലെങ്കിൽ ഉണ്ണിയേശു എന്നൊക്കെയാണ്. ക്രിസ്മസ് കാലത്ത് തെക്കേ അമേരിക്കയിലെ പെറുവിന്റെ തീരത്ത് സമുദ്രജലത്തിന് അസാധാരണമായ ചൂട് കൂടുന്ന പ്രതിഭാസമായതിനാലാണ് മത്സ്യത്തൊഴിലാളികൾ ഇൗ പേരിട്ട് വിളിച്ചിരുന്നത്.

മധ്യ, കിഴക്കൻ പസിഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയിലും അധികമായി വർധിക്കും. ഏഷ്യൻ രാജ്യങ്ങളിൽ ഇത് വലിയ തോതിലുള്ള മഴക്കുറവിനും വരൾച്ചയ്ക്കും കാരണമാകും. പെറുവിൽ നിന്ന് ഒരു പാലം പോലെ ഇത് ഇന്ത്യൻ തീരത്തേക്ക് എത്തും. ഇവിടെ മൺസൂൺ മഴ കുറയും. കടൽച്ചൂട് രണ്ടു ഡിഗ്രി കൂടാമെന്നാണ് ആഗോള കാലാവസ്ഥാ വിദഗ്ധർ കണക്കാക്കുന്നത്- അദ്ദേഹം പറഞ്ഞു.

Content Highlights: El Nino 2026 expected to cause extreme heat in the Arabian Sea., Significant decline in fish availability, particularly sardines, along the Kerala coast., Climate change is reducing viable fishing days for coastal communities., Monsoon patterns in Asia will be negatively impacted by 2026 El Nino.