മുഖ്യമന്ത്രിയുടെ മകന് 2023-ൽ ഇഡിയുടെ സമൻസ് ലഭിച്ചിരുന്നു; നോട്ടീസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്‌സ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നതായി റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് വിവേക് കിരണിന് 2023-ൽ ഇഡി സമൻസ് അയച്ചത്.
നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടയിൽ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനപദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സമൻസ്. ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് സമൻസ് ലഭിച്ചത്. എന്നാൽ, വിവേക് ഇഡിക്കുമുന്നിൽ ഹാജരായിരുന്നില്ലെന്നാണ് വിവരം. തുടർനടപടികളും ഉണ്ടായില്ല.
2023 ഫെബ്രുവരി 14-ന് രാവിലെ 10.30-ന് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ഇഡിയുടെ കൊച്ചിയിലെ അന്നത്തെ അസിസ്റ്റൻഡ് ഡയറക്ടർ പി.കെ. ആനന്ദ് ആണ് നോട്ടീസ് അയച്ചത്.
ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ മൂന്നുദിവസത്തോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ അറസ്റ്റിലായത്. ഇതിന്റെ ഭാഗമായ അന്വേഷണം മുഖ്യമന്ത്രിയുടെ മകനിലേയ്ക്കുവരെ എത്തിയിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇഡിയുടെ വെബ്‌സൈറ്റിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുസംബന്ധിച്ച കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
2018-ൽ ഉണ്ടായ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ പേരിൽ വൻതോതിൽ കൈക്കൂലി ഇടപാട് ഉണ്ടായെന്നാണ് കേസ്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് കോൺസുലേറ്റ് മുഖേന സംസ്ഥാന സർക്കാരിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ഇടപാട് നടന്നത്. നിർമാണക്കരാർ ലഭിക്കാൻ യൂണിടാക് ബിൽഡേഴ്‌സ് എന്ന സ്ഥാപനം കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം. ശിവശങ്കരനും നാല് കോടിയിലേറെ രൂപ കൈക്കൂലി നൽകിയെന്നാണ് അന്വഷണത്തിൽ ഇഡി കണ്ടെത്തിയത്.