പാതിവില തട്ടിപ്പ്: അന്വേഷണം ശക്തമാക്കി ഇഡി; മുഖ്യപ്രതി അനന്ദുവിനെ ചോദ്യം ചെയ്തു

മൂവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. മുഖ്യപ്രതിയായ അനന്ദുകൃഷ്ണനെ ജയിലിലെത്തി ഇഡി ചോദ്യം ചെയ്തു. നിലവിൽ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് അനന്ദുകൃഷ്ണൻ. സംഭവുമായി ബന്ധപ്പെട്ട് ഏകദേശം 1300-ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു ആ കേസുകൾ ക്രൈം ബ്രാഞ്ച് ഇപ്പോൾ അന്വേഷിച്ചുവരികയാണ്. ഈ ഘട്ടത്തിലാണ് ഇ.ഡി. കൂടി കേസിൽ ഇപ്പോൾ അന്വേഷണം മുറുക്കുന്നത്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അനന്തുവിനെ ചോദ്യം ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം എങ്ങോട്ടാണ് മാറ്റിയത്, ഇതിൽ മറ്റാർക്കൊക്കെ പങ്കുണ്ട് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ തട്ടിപ്പിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം ഇടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. അനന്തുകൃഷ്ണൻ അടക്കം കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനും കൂടുതൽ പേരെ ചോദ്യം ചെയ്യാനുമുള്ള നടപടികളും ഇ.ഡി. തുടങ്ങിയിട്ടുണ്ട്. കേസിൽ സ്വത്തുകണ്ടുകെട്ടൽ നടപടികൾ അടക്കം ഇ.ഡി. സ്വീകരിക്കും.
സാധനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളിൽ നിന്നാണ് പ്രതികൾ പണം തട്ടിയത്. സോഷ്യൽ മീഡിയ വഴിയും മറ്റും വൻ പ്രചാരണം നൽകിയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. തുടക്കത്തിൽ ചിലർക്ക് സാധനങ്ങൾ നൽകി വിശ്വാസം നേടിയ ശേഷം പിന്നീട് വലിയ തുകകൾ കൈപ്പറ്റി മുങ്ങുകയായിരുന്നു ഇവരുടെ രീതി.