ഇഡിയെ കുരുക്കിയ വ്യാപാരി ഇഡിയുടെ കുരുക്കിൽ

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കൈക്കൂലി കേസിൽ കുരുക്കിയ കൊല്ലത്തെ കശുവണ്ടി വ്യാപാരി അനീഷ് ബാബുവിനെതിരേ കുരുക്കുമായി ഇഡി. അനീഷ് ബാബുവിനും അമ്മ അനിതാ ബാബുവിനുമെതിരേ ഇഡി അന്വേഷണ സംഘം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കംപ്ലയിൻറ് സമർപ്പിച്ചു. വൻ തുക പിഴയോ ഒരു മാസംവരെ തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിത്.
പത്തിലേറെ തവണ ഇഡി സമൻസ് അയച്ചെങ്കിലും ഇരുവരും ഹാജരായില്ല. ഇതേത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചത്. കംപ്ലയിൻറ് ഫയലിൽ സ്വീകരിച്ച് ഇരുവരോടും 24-ന് ഹാജരാകാൻ കോടതി നോട്ടീസ് അയച്ചു. ഇതിൽ സാധാരണ കേസിലെ പോലെ വിചാരണ നടന്ന ശേഷമാകും കോടതി ശിക്ഷ വിധിക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് സമൻസ് അവഗണിച്ച വ്യക്തിക്കെതിരേ ഇഡിയുടെ ഇത്തരമൊരു നടപടി.
കൊട്ടാരക്കരയിൽ വാഴവിള കാഷ്യൂസ് എന്ന കമ്പനി നടത്തിവന്ന അനീഷ് ബാബു ടാൻസാനിയയിൽനിന്ന് കേരളത്തിലെ കശുവണ്ടി വ്യാപാരികൾക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്ത് നൽകിയിരുന്നു. അഞ്ചലിലെ ചില വ്യാപാരികളിൽനിന്ന് കോടിക്കണക്കിനു രൂപ വാങ്ങിയ ശേഷം തോട്ടണ്ടി എത്തിക്കാതിരുന്നതോടെയാണ് പോലീസ് കേസായത്. അന്വേഷണത്തിൽ ടാൻസാനിയയിലെ ബാങ്കിൽ 40.22 ലക്ഷം ഡോളർ നിക്ഷേപം സ്വന്തം പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ ഇയാൾ വ്യാജമായി നിർമിച്ചെന്നു കണ്ടെത്തി. ഇതേത്തുടർന്ന് ക്രൈംബ്രാഞ്ചും പോലീസും അഞ്ചു കേസുകളാണ് അനീഷിന്റെയും ബിസിനസ് പങ്കാളിയായ അമ്മ അനിതയുടെയും പേരിൽ ചുമത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അനീഷിനെതിരേയും അമ്മ അനിതയ്ക്കെതിരേയും ഇഡിയും കേസെടുത്തത്. 2021 ഒക്ടോബർ മുതൽ 2026 ജനുവരി വരെ പത്തിലേറെ സമൻസുകളാണ് അയച്ചത്. ഇതിൽ ഒരു തവണ മാത്രമാണ് ഇരുവരും ഇഡിക്കു മുന്നിൽ ഹാജരായത്. അന്വേഷണവുമായി സഹകരിച്ചില്ലെന്നു മാത്രമല്ല, ഇഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കിയില്ല.
ഇതിനിടെയാണ് ഇഡി കേസ് ഒത്തുതീർപ്പാക്കുന്നതിന് കൊച്ചി ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ, ഏജന്റുമാർ മുഖാന്തരം രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചു എന്ന് സംസ്ഥാന വിജിലൻസിന് അനീഷ് പരാതി നൽകിയത്. അനീഷിൽനിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഇഡി ഏജന്റുമാരെന്ന് അവകാശപ്പെട്ട കൊച്ചി സ്വദേശി വിൽസണെയും രാജസ്ഥാൻ സ്വദേശി മുകേഷ് കുമാറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു.
ഇതിനു പിന്നാലെ കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാരിയരേയും അറസ്റ്റ് ചെയ്തു. ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി സംസ്ഥാന വിജിലൻസ് സംഭവത്തിൽ കേസെടുത്തു. ഈ ഉദ്യോഗസ്ഥനെ ഇഡി മിസോറമിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ശേഖർകുമാറിനെ വിജിലൻസ് ചോദ്യം ചെയ്തെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. രാജ്യത്തുതന്നെ ഇഡിക്ക് അവമതിപ്പുണ്ടാക്കിയ കേസായിരുന്നു ഇത്.
ഈ സംഭവത്തിനുശേഷവും ഇഡി അനീഷിനെതിരേയുള്ള കേസിൽ അന്വേഷണം തുടർന്നു. അറസ്റ്റ് ഭയന്ന് അനീഷ് ബാബുവും അനിതാ ബാബുവും പിഎംഎൽഎ സ്പെഷ്യൽ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി നേരത്തേ കോടതി തള്ളിയിരുന്നു. അനീഷ് ബാബു മുൻകൂർ ജാമ്യഹർജികളുമായി കേരള ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറ്റവും അവസാനം ജനുവരി ആറിന് ഹാജരാകാൻ സമൻസ് അയച്ചെങ്കിലും ഇരുവരും ഹാജരായില്ല. ഇതേ തുടർന്നാണ് ഇഡി കോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് മുഖേന കംപ്ലയിൻറ് ഫയൽ ചെയ്തത്.
ഇഡി സമൻസിൽ ഹാജരായില്ലെങ്കിൽ പിഴ
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 50 (3) പ്രകാരം ഇഡി സമൻസ് ലഭിച്ച വ്യക്തി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകേണ്ടതുണ്ട്. പിഎംഎൽഎ സെക്ഷൻ 63 പ്രകാരം സമൻസ് ലഭിച്ച വ്യക്തി ഹാജരാകാതിരിക്കുകയോ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാതിരിക്കുകയോ ചെയ്താൽ ഓരോ തവണയും പതിനായിരം രൂപ വരെ പിഴയീടാക്കാൻ വ്യവസ്ഥയുണ്ട്. ഇങ്ങനെ ഹാജരാകാതിരിക്കുന്നതിനെതിരേ ഇഡി കോടതിയെ സമീപിച്ചാൽ വിചാരണ നടക്കും. ഇതിൽ മനപ്പൂർവമാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഒരാൾ ഹാജരാകാതിരുന്നത് എന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ഭാരതീയ ന്യായസംഹിത 208 വകുപ്പ് പ്രകാരം ഒരു മാസംവരെ തടവോ വൻ തുക പിഴയോ ശിക്ഷ വിധിക്കാം.
Content Highlights: Enforcement Directorate (ED) files a complaint against cashew trader Anish Babu and his mother for repeatedly failing to appear before them