പിണറായിക്കെതിരെയുള്ള ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടൽ; ജനകീയ പ്രതിഷേധം ഉയർത്തുമെന്ന് എം.വി. ജയരാജൻ

#ന്യൂസ് ഡെസ്ക്
എം.വി. ജയരാജൻ | Photo: Mathrubhumi
എം.വി. ജയരാജൻ | Photo: Mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കം കോൺഗ്രസ് -ബി.ജെ.പി. ഡീലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. പിണറായി വിജയനെയും മറ്റ് നേതാക്കളെയും വേട്ടയാടാനോ തടവിലാക്കാനോ ആണ് ശ്രമമെങ്കിൽ അതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇ.ഡി.യെ രാഷ്ട്രീയവേട്ടയ്ക്കുള്ള ഏജൻസിയായി കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. വീണ അടക്കമുള്ളവരുടെ കമ്പനി സി.എം.ആർ.എൽ. എന്ന സ്ഥാപനത്തിന് സേവനം നൽകുന്നതിനായി കരാർ ഒപ്പിടുകയും അതിന് അർഹതപ്പെട്ട വേതനം കൈപ്പറ്റുകയുമാണ് ചെയ്തത്. ബാങ്ക് വഴി ലഭിച്ച ഈ തുകയ്ക്ക് ആദായനികുതിയും ജി.എസ്.ടിയും ഉൾപ്പെടെയുള്ള എല്ലാ നികുതികളും കൃത്യമായി ഒടുക്കിയിട്ടുണ്ട്. എന്നിട്ടും ഇത് കള്ളപ്പണമാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.

കേസ് എടുക്കാൻ തങ്ങളുടെ പക്കൽ മതിയായ തെളിവുകളില്ലെന്ന കുറ്റസമ്മതമാണ് വിജിലൻസിനോടും പോലീസിനോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഇ.ഡി. കത്തയച്ചതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുന്നതിന് മുൻപ് മാധ്യമങ്ങൾക്ക് നൽകിയത് ഇ.ഡി.യുടെ രാഷ്ട്രീയ വേട്ടയാടലിന് തെളിവാണ്. സമീപകാല ഇന്ത്യയിൽ ഇ.ഡി.യെയും സി.ബി.ഐ.യെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് ഉപയോഗിക്കുന്നതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.

Content Highlights: MV Jayarajan alleges ED action against CM Pinarayi Vijayan is part of a Congress-BJP deal., Warns of massive public protests against political witch-hunt tactics., Defends CMRL transactions, stating all taxes and GST were duly paid., Criticizes the central government for misusing central agencies against political opponents.