ബാലറ്റുപേപ്പറിലൂടെ തിരഞ്ഞെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ്; ഏങ്ങണ്ടൂർ തറവാട്ടിലെ കമ്മ്യൂണിസ്റ്റ് വിപ്ലവം

#ദീപാദാസ്
ഇ. ഗോപാലകൃഷ്ണ മേനോന്‍, കൊടുങ്ങല്ലൂരിലെ ഏങ്ങണ്ടൂര്‍ തറവാടിന്റെ ഇപ്പോഴത്തെ ചിത്രം
ഇ. ഗോപാലകൃഷ്ണ മേനോന്‍, കൊടുങ്ങല്ലൂരിലെ ഏങ്ങണ്ടൂര്‍ തറവാടിന്റെ ഇപ്പോഴത്തെ ചിത്രം

കൊടുങ്ങല്ലൂർ നഗരത്തിൽനിന്ന് രണ്ടുകിലോമീറ്റർ പടിഞ്ഞാറുമാറി ആലേച്ചുപറമ്പിൽ ഏങ്ങണ്ടൂർ തറവാട് ഇപ്പോഴും തലയുയർത്തിനിൽക്കുന്നു, ബാലറ്റുപേപ്പറിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റുകാരനായ ഇ. ഗോപാലകൃഷ്ണമേനോന്റെ ഓർമ്മകളുമായി. 77 വർഷം മുൻപ് 1949 ജൂണിൽ കൊച്ചി രാജ്യത്തെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു ആ വിജയം. അപ്പോഴേക്കും തിരു-കൊച്ചി രൂപവത്കരിച്ചുകഴിഞ്ഞിരുന്നു. ഒളിവിൽ കഴിയവേയാണ് വളപ്പിൽ വീട്ടിൽ ദാമോദരമേനോന്റെയും ഏങ്ങണ്ടൂർ നാണിയമ്മയുടെയും മകനായ ഇ. ഗോപാലകൃഷ്ണമേനോൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

കൊടുങ്ങല്ലൂരിലെ സമ്പന്നമായ കുടുംബത്തിൽ 1919 ജനുവരി 19-ന് ജനിച്ച ഈ ജനനേതാവ് സ്‌കൂൾപഠനകാലത്തുതന്നെ ജാതീയമായ വ്യത്യാസങ്ങൾക്കും ബ്രിട്ടീഷ് ഭരണത്തിനെതിരെയുമുള്ള പോരാട്ടങ്ങളിൽ പങ്കാളിയായി. 12-ാം വയസ്സിലേ ഗാന്ധിജിയുടെ ആഹ്വാനപ്രകാരമുള്ള വിദേശവസ്ത്ര ബഹിഷ്‌കരണ പ്രക്ഷോഭത്തിലെ സമരഭടനായിരുന്നു.

കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശ നിയമം നടപ്പാക്കിയശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. സ്വതന്ത്ര ഇന്ത്യയിൽ 1952-ലാണ് പ്രായപൂർത്തി വോട്ടവകാശ നിയമം ദേശീയതലത്തിൽ നടപ്പാക്കുന്നത്. എന്നാൽ, അതിനുമുൻപേ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിൽ ഈ നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്നു. കമ്യൂണിസ്റ്റ് പാർട്ടിയെയും പോഷകസംഘടനകളെയും നിരോധിച്ച കാലഘട്ടത്തിൽ ഒളിവിലായിരുന്നതിനാൽ സ്ഥാനാർഥിയായെങ്കിലും പരസ്യപ്രവർത്തനം നടത്താൻ ഗോപാലകൃഷ്ണമേനോന് സാധിച്ചില്ല. കർഷകത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ, ചകിരിത്തൊഴിലാളികൾ എന്നിവരുടെ വീടുകളിൽ മാറിമാറിയുള്ള ഒളിവുജീവിതം. ദരിദ്രനായ കർഷകന്റെ വീട്ടിൽ ഒളിവിൽ കഴിയവേ വീട്ടുകാരൻതന്നെയാണ് വിജയവിവരം ഗോപാലകൃഷ്ണമേനോനെ അറിയിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗോപാലകൃഷ്ണമേനോന് സഭയിൽ പോകാനായില്ല. അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതിനാൽ ഒളിവിൽ തുടരേണ്ടിവന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം 35 ദിവസത്തിനകം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരായി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പുവെക്കണം. അല്ലെങ്കിൽ ജയം അസാധുവാകും. 35-ാം നാൾ രാത്രി ഒമ്പതിന് ശേഷം മജിസ്ട്രേറ്റിനു മുന്നിലെത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

പിന്നീട് 1957-ൽ ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയിലേക്കും 1970-ൽ കൊടുങ്ങല്ലൂരിൽ നിന്നും ഇ. ഗോപാലകൃഷ്ണമേനോൻ വിജയിച്ചു. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിൽ അദ്ദേഹം പരിയാരം കർഷകസമരം, അയിത്തത്തിനെതിരെയും സഞ്ചാരസ്വാതന്ത്ര്യത്തിനുമായി നടത്തിയ പാലിയം സമരം തുടങ്ങി ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വനിരയിൽ ഗോപാലകൃഷ്ണമേനോനുണ്ടായിരുന്നു.

ഇതിനുപുറമെ കൊച്ചിൻ കിസാൻ സഭ, ആണിത്തൊഴിലാളിസംഘം, ബീഡിത്തൊഴിലാളി സംഘം തുടങ്ങി തൊഴിലാളി സംഘടനകളുടെ രൂപവത്കരണത്തിനും പരിശ്രമിച്ചു. ഏറെക്കാലം നവയുഗത്തിന്റെ പത്രാധിപരുമായിരുന്നു.

Content Highlights: E. Gopalakrishna Menon was the first communist elected via ballot in 1949., He won the Kodungallur by-election while living underground due to a warrant., He played a pivotal role in the Paliyath Samaram and land reform movements., He served as a minister in the first Kerala cabinet and as editor of Navayugam.