'നിനക്ക് അടിക്കണോടാ'; തിരുവനന്തപുരത്ത് പോലീസിനെ തടഞ്ഞ് DYFI പ്രവർത്തകർ, എസ്ഐയെ ആക്രമിക്കാനും ശ്രമം

#ന്യൂസ് ഡെസ്ക്
പോലീസ് ഉദ്യോ​ഗസ്ഥനോട് മോശമായി പെരുമാറുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ
പോലീസ് ഉദ്യോ​ഗസ്ഥനോട് മോശമായി പെരുമാറുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ

തിരുവനന്തപുരം: നഗരൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പോലീസിനെ തടഞ്ഞു. കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകൾ തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാനെത്തിയതായിരുന്നു പോലീസ് സംഘം. ഇതിൽ പ്രകോപിതരായാണ് ഇവർ പോലീസിനെ തടഞ്ഞത്. എസ്‌ഐ അടക്കമുള്ളവരെ തടഞ്ഞുനിർത്തിയതിന് പിന്നാലെ ആക്രമിക്കാനും ശ്രമിച്ചു.

കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു. ചിലയിടങ്ങളിൽ സംഘർഷങ്ങളുണ്ടാകുകയും ഇരുപക്ഷവും ചേരിതിരഞ്ഞ് പോരടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നഗരൂരിൽ കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകൾ തകർക്കപ്പെടുന്നത്. പിന്നാലെ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതിചേർത്ത് പോലീസ് കേസുമെടുത്തു. കേസെടുത്തതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ പോകുമ്പോഴാണ് ഇത്തരത്തിൽ പോലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുന്നത്.

നഗരൂർ എസ്‌ഐയടക്കം സഞ്ചരിച്ചിരുന്ന പോലീസ് വാഹനം തടഞ്ഞുനിർത്തുകയും പ്രവർത്തകർ അസഭ്യവർഷം നടത്തുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരോട് തുടർച്ചയായി മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകോപിതരാവുന്നതും എസ്‌ഐയെ അടക്കം ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Content Highlights: dyfi workers block police vehicle