'KPCCയ്ക്ക് വേണ്ടി AICC കൊടുത്തുവിട്ട ലഹരിയാണോ വില്‍ക്കുന്നതെന്ന് ഞങ്ങള്‍ ചോദിക്കില്ല'- വസീഫ്

കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായി നടന്നുവരുന്ന ലഹരി വേട്ടയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ മറുപടി. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പ്രവര്‍ത്തന ഫണ്ടിന് വേണ്ടി എഐസിസി കൊടുത്തുവിടുന്ന ലഹരിയാണോ കേരളത്തിലെ കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസുകാരും വിതരണം ചെയ്യുന്നതെന്ന് തങ്ങള്‍ ചോദിക്കില്ലെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തെ അത്തരം ചോദ്യങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്ന ധാരണയുണ്ടെന്നും വസീഫ് പറഞ്ഞു.
ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന തുഷാര്‍ ഗോയലില്‍ നിന്നും 5600 കോടി രൂപയുടെ ലഹരി പിടിച്ചത് ആരും മറന്നിട്ടില്ലെന്നും തുഷാര്‍ ഗോയല്‍ കെ.സി വേണുഗോപാലിനെ ഇരട്ട സഹോദരനെപോലെ ചേര്‍ത്തുപിടിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണെന്നും വസീഫ് ആരോപിച്ചു.
'അരുവിക്കരയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കില്‍ നിന്നും മൊത്ത വിതരണത്തിനെത്തിച്ച 40 കിലോ കഞ്ചാവ് പിടിച്ചത് ഈയടുത്താണ്. പത്തനംതിട്ടയില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് നേതാവായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസിന്റെ വീട്ടില്‍ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചതും ആരും മറന്നിട്ടില്ല. ഇതേ പത്തനം തിട്ടയില്‍ ഒരു വര്‍ഷത്തിനിടെ രണ്ട് തവണയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നസീബിനെ കഞ്ചാവുമായി പിടിച്ചത്. തൃശ്ശൂരിലെ കെ.എസ്.യു ജില്ലാ ഭാരവാഹിയായ ഗോകുല്‍ ഗുരുവായൂരിന്റെ സഹവാസം ഗുണ്ടാനേതാവായ മരട് അനീഷിന്റെ കൂടെയാണെന്ന് ചിത്രങ്ങള്‍ സഹിതം ഇന്നലെ പുറത്തുവന്നു.' - വസീഫ് പറഞ്ഞു.
എണ്ണിയാല്‍ തീരാത്ത ലഹരിക്കേസുകളില്‍ പ്രതികളും ഗുണ്ടാമാഫിയകളുടെ തോഴരുമായ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു നേതാക്കള്‍ക്കെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് വി.ഡി സതീശനും രമേശ് ചെന്നിത്തലയുമെന്നും കളമശ്ശേരി പോളിടെക്‌നിക്കില്‍ വിതരണത്തിനായി എത്തിച്ച 2 കിലോ കഞ്ചാവുമായി കെഎസ്‌യു നേതാവാണ് പിടിയിലായതെന്നും അവരെ സംരക്ഷിക്കാനും ഇതേ കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ തന്നെയുണ്ടെന്നും വസീഫ് ആരോപിച്ചു.
വിദ്യാര്‍ത്ഥി യുവജനങ്ങളുടെ ആരോഗ്യവും ജീവിതവും തകര്‍ക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുള്ള പോരാട്ടം നാട് ആഗ്രഹിക്കുമ്പോള്‍ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റ ഭാഗമായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് അപഹാസ്യകരമാണെന്നും ലഹരിക്കെതിരെ നാടാഗ്രഹിക്കുന്ന ഒന്നിച്ചുള്ള പോരാട്ടമാണ് യുവജനങ്ങള്‍ നടത്തേണ്ടതെന്നും വസീഫ് പറഞ്ഞു.
Content Highlights: dyfi state president v vaseef reacts on congress allegation against statewide drug seizure