അന്‍വറിന്റെ ആരോപണം ഏറ്റെടുത്ത് DYFI; സതീശന്റെ കോലം കത്തിച്ചു, പ്രതിപക്ഷനേതാവ് രാജിവെക്കണമെന്ന് വസീഫ്

കോഴിക്കോട്: കെ- റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും 150 കോടി കൈപ്പറ്റിയെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ. കേരളത്തിന്റെ വികസന കുതിപ്പും യുവതയുടെ തൊഴില്‍ സ്വപ്‌നങ്ങളും അട്ടിമറിക്കാന്‍ കോഴ വാങ്ങി സമരം സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ- മേഖലാ കേന്ദ്രങ്ങളില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധം ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വി.ഡി. സതീശന്റെ കോലം കത്തിച്ചു.
കെ- റെയില്‍ വിരുദ്ധ സമരം നടത്തി കേരളത്തിലെ യുവജനങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വസീഫ് ആരോപിച്ചു. മുന്‍പ് കേട്ടുകേള്‍വി ഇല്ലാത്തവിധം വികസനം തടയാന്‍ കൈക്കൂലി വാങ്ങുന്നവരായി കേരളത്തിലെ പ്രതിപക്ഷം മാറി. വികസന പദ്ധതി അട്ടിമറിച്ച് ഒന്നാം പിണറായി സര്‍ക്കാരിനെ തകര്‍ക്കും, അങ്ങനെ ഇവിടെ യു.ഡി.എഫ്. സര്‍ക്കാര്‍ വരും കെ- റെയില്‍ വരില്ല എന്ന ഉറപ്പായിരുന്നു നല്‍കിയത്. കുറച്ചു പണവും ജയിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രി കസേരയുമായിരുന്നു തിരിച്ചുകിട്ടിയ ഉറപ്പെന്നും വസീഫ് പറഞ്ഞു.
'എന്തിനാണ് ചെന്നിത്തലയെ മാറ്റി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. കൈക്കൂലിയായി കിട്ടിയതാണ് പ്രതിപക്ഷനേതാവ് സ്ഥാനം. മുഖ്യമന്ത്രി ആക്കാമെന്നായിരുന്നു ഉറപ്പ്. അതിന് കേരളത്തിലെ ജനങ്ങള്‍ സന്നദ്ധരല്ല എന്നുള്ളതുകൊണ്ട് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ കൂട്ടായി തീരുമാനിച്ചത് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവാക്കാനായിരുന്നു. പിന്നെ എങ്ങനെയാണ് സതീശന്‍ നേതാവായത്? അവിടെയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച സംശയം കൂടുതല്‍ ബലപ്പെടുന്നത്', വി. വസീഫ് അഭിപ്രായപ്പെട്ടു
കെ.സി. വേണുഗോപാലാണ് വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയത്. കെ.സി. വേണുഗോപാലിന് കര്‍ണാടകവുമായി ബന്ധപ്പെട്ട് ഈ ഇടപാടുകളില്‍ പങ്കുണ്ട് എന്നാണ് അന്‍വര്‍ എം.എല്‍.എ ആരോപണം ഉന്നയിക്കുന്നത്. സതീശന്റെ മടിയില്‍ കനമുണ്ട്. കേരളത്തെ ഒറ്റുകൊടുക്കുകയാണ്. അങ്ങനെ കിട്ടിയ പ്രതിഫലമാണ് പ്രതിപക്ഷനേതൃസ്ഥാനം. മാന്യതയുണ്ടെങ്കില്‍ സതീശന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കണമെന്നും വസീഫ് ആവശ്യപ്പെട്ടു.
Content Highlights: V Vaseef against VD Satheesan on PV Anwar allegation of money for anti k rail protest