ഇനി വീട്ടുപടിക്കൽ പാഴ്സലുമായി ‘വള്ളം എക്സ്പ്രസ്’; വെള്ളത്താൽ ചുറ്റപ്പെട്ട ഇടങ്ങളിൽ DTDC-യുടെ പദ്ധതി

#ന്യൂസ് ഡെസ്ക്

കൊച്ചി: കേരളത്തിലെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ വീട്ടുപടിക്കൽ ഡി.ടി.ഡി.സി.യുടെ 'വള്ളം എക്‌സ്പ്രസ്' പാഴ്‌സലുകൾ എത്തിക്കും. കേരളത്തിലെ പരമ്പരാഗത ചുണ്ടൻ വള്ളംകളിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട പേരാണ് വള്ളം എക്‌സ്പ്രസെന്നും, റോഡ് കണക്റ്റിവിറ്റി പരിമിതമായ ജലമേഖലകളിലെ ഉപഭോക്താക്കൾക്ക് പാഴ്‌സലുകൾ സ്വീകരിക്കാൻ ദൂരെയുള്ള കൊറിയർ കളക്ഷൻ പോയിന്റുകളിലേക്ക് യാത്രചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡി.ടി.ഡി.സി. എക്‌സ്പ്രസ് സി.ഇ.ഒ. അഭിഷേക് ചക്രവർത്തി പറഞ്ഞു.

ഡി.ടി.ഡി.സി. ഡെലിവറി പ്രൊഫഷണലുകളും കേരളത്തിലെ പരമ്പരാഗത തുഴച്ചിൽക്കാരും ചേർന്നാണ് വള്ളം എക്‌സ്പ്രസ് പ്രവർത്തിക്കുക. പ്രദേശത്തെ ജലപാതകളെക്കുറിച്ചുള്ള തുഴച്ചിൽക്കാരുടെ പരിചയവും ഡി.ടി.ഡി.സി.യുടെ ഡെലിവറി ശൃംഖലയും സംയോജിപ്പിച്ചാണ് സേവനമൊരുക്കുന്നത്. ഇതിലൂടെ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശികമായി ഉപജീവന അവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അഭിഷേക് ചക്രവർത്തി പറഞ്ഞു.

ഓണക്കാലത്ത് സേവനമാരംഭിക്കുന്നതിന്റെ ഭാഗമായി ഡി.ടി.ഡി.സി. വള്ളം എക്‌സ്പ്രസ് എന്ന ബ്രാൻഡ് ഫിലിമും സ്ഥാപനം പുറത്തിറക്കി. ചുണ്ടൻ വള്ളങ്ങൾ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയുടെ സന്ദേശം ഉൾക്കൊള്ളുന്ന ഈ ബ്രാൻഡ് ഫിലിം, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തേയും പുതിയ ഡെലിവറി മാതൃകയ്ക്ക് പിന്നിലെ ആളുകളേയും ജലപാതകളേയും അവതരിപ്പിക്കുന്നു. 'റോഡുകൾ അവസാനിക്കുമ്പോൾ, ഞങ്ങൾ വെള്ളത്തിലൂടെ സഞ്ചരിക്കുന്നു' എന്ന ആശയത്തിലൂന്നിയാണ് കാമ്പയിൻ.

ആലപ്പുഴ ജില്ലയിലെ 14 ഗ്രാമങ്ങളും ഏകദേശം രണ്ടുലക്ഷം ജനസംഖ്യയും ഉൾപ്പെടുന്ന കുട്ടനാട് ഉപജില്ലയിലാണ് നിലവിൽ സേവനം ആരംഭിച്ചിരിക്കുന്നത്. സേവനം കൂടുതൽ വ്യാപിപ്പിക്കുന്നതിലൂടെ അടുത്തവർഷം 5,000-ത്തിലധികം ഡെലിവറികൾ സാധ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ രാജ്യമെമ്പാടുമായി 16,500-ലധികം എക്‌സ്‌ക്ലൂസീവ് ചാനൽ പങ്കാളികളുണ്ട്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി.ടി.ഡി.സി. എക്‌സ്പ്രസ് ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ മൾട്ടിനാഷണൽ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് കമ്പനികളിലൊന്നാണ്. വിവിധ വ്യവസായ മേഖലകളിലെ ഉപഭോക്താക്കൾക്കായി സാങ്കേതികവിദ്യ അധിഷ്ഠിത ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ സമഗ്ര ശ്രേണി കമ്പനി നൽകുന്നു. ഇന്ത്യയിലെ വിപുലമായ എക്‌സ്പ്രസ് ലോജിസ്റ്റിക്‌സ് ശൃംഖലകളിലൊന്ന് കൈകാര്യം ചെയ്യുന്ന ഡി.ടി.ഡി.സി.ക്ക് 16,500-ലധികം എക്‌സ്‌ക്ലൂസീവ് ചാനൽ പങ്കാളികളുമുണ്ട്.

Content Highlights: DTDC launched Vallam Express for doorstep parcel delivery in water-locked areas of Kerala., Started in Kuttanad sub-district, covering 14 villages and nearly 2 lakh population.